വിൽപ്പനയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഹാരി രാജകുമാരന്റെ ആത്മകഥയായ ‘സ്പെയർ’. ബ്രിട്ടീഷ് രാജകുടുംബത്തിലെ ഉള്ളറക്കഥകളടക്കം നിരവധി വെളിപ്പെടുത്തലുകളാണ് ഹാരി പുസ്തകത്തിലൂടെ നടത്തിയിരിക്കുന്നത്. ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെട്ട നോൺ ഫിക്ഷൻ പുസ്തകമെന്ന റെക്കോർഡാണ് ‘സ്‌പെയർ’ സ്വന്തമാക്കിയത്. അമേരിക്ക, യുകെ. കാനഡ എന്നിവിടങ്ങളിൽ മാത്രം പുറത്തിറങ്ങിയ ആദ്യ ദിവസം തന്നെ പുസ്തകത്തിന്റെ 1.43 ദശലക്ഷം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്.
മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ 2020ൽ പുറത്തിറങ്ങിയ ‘എ പ്രോമിസ്ഡ് ലാൻഡ്’ന്റെ റെക്കോർഡാണ് ‘സ്‌പെയർ’ മറികടന്നത്. പുറത്തിറങ്ങി ആദ്യ ദിവസം എ പ്രോമിസ്ഡ് ലാൻഡിന്റെ 8,87,000 കോപ്പികളാണ് വിറ്റഴിഞ്ഞത്. അതേസമയം സ്‌പെയറിന്റെ ആദ്യ ദിവസത്തെ വിൽപ്പന കണക്ക് നിലവിൽ ഉള്ളതിലും കൂടുതലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
പെൻഗ്വിൻ റാൻഡം ഹൗസ് ആണ് പുസ്തകത്തിന്റെ പ്രസാധകർ. പുസ്തകത്തിന്റെ ആദ്യ ദിവസത്തെ വിൽപ്പന കണക്കാണ് റെക്കോർഡിനായി പരിഗണിച്ചിരിക്കുന്നത്. അമേരിക്കയിൽ 20 ലക്ഷം കോപ്പികളാണ് ആദ്യ ദിവസം വിൽപ്പനയ്ക്കായി എത്തിച്ചത്. എന്നാൽ ആവശ്യക്കാർ ഏറിയതോടെ പുസ്തകത്തിന്റെ രണ്ടാമത്തെ പ്രിന്റ് റൺ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കയിൽ 36 ഡോളറും (2,926 രൂപ) യുകെയിൽ 28 പൗണ്ടും (2,783 രൂപ) ആണ് പുസ്തകത്തിന്റെ വില. അതേസമയം 50 ശതമാനം വരെ കിഴിവോടെയാണ് പുസ്തകം വിൽക്കുന്നത്. ഹാരി രാജകുമാരന്റേയും ബരാക് ഒബാമയുടേയും പുസ്തകങ്ങൾ പുറത്തിറങ്ങുന്നതിന് മുൻപ് ഏറ്റവും വേഗത്തിൽ വിറ്റഴിഞ്ഞ നോൺ-ഫിക്ഷൻ പുസ്തകത്തിന്റെ റെക്കോർഡ് മിഷേൽ ഒബാമയ്ക്കായിരുന്നു. മിഷേലിന്റെ ഓർമ്മക്കുറിപ്പായ ‘ബികമിംഗ്’ പുറത്തിറങ്ങി ആദ്യ ദിവസം 7,25,000 കോപ്പികളാണ് വിറ്റഴിച്ചത്.












