ന്യൂഡൽഹി: നേപ്പാളിൽ തകർന്നുവീണ യാത്രാ വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തി. അപകടത്തിൽ തകർന്ന യതി എയർലൈൻസിന്റെ എ ടി ആർ 72 വിമാനത്തിന്റെ ഫ്‌ലൈറ്റ് ഡാറ്റ റെക്കോഡറും കോക്പിറ്റ് വോയ്സ് റെക്കോഡറും കണ്ടെത്തിയിട്ടുണ്ട്.
പ്രധാന ഭാഗങ്ങളായ കോക്പിറ്റ് വോയ്സ് റെക്കോർഡറിനും ഫ്‌ലൈറ്റ് ഡാറ്റ റെക്കോർഡറിനും കേടുപാടുകൾ ഇല്ലെന്നാണ് വിവരം. കണ്ടെത്തിയ ബ്‌ളാക്ക് ബോക്‌സ് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കൈമാറിയതായി യെതി എയർലൈൻസിന്റെ വക്താവ് സുദർശൻ ബർതൗള വ്യക്തമാക്കി.
അപകടത്തിൽ മരിച്ച ഉത്തർപ്രദേശുകാരായ ചെറുപ്പക്കാരുടെ മൊബൈൽ ഫോണിൽ നിന്ന് ദുരന്തത്തിന്റെ അവസാന നിമിഷ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്.ഗാസിപൂർ സ്വദേശികളായ അഞ്ചുപേരാണ് വിമാനത്തിനുള്ളിലുണ്ടായിരുന്ന ഇന്ത്യക്കാർ. ഇതിൽ സോനു ജെയ്സ്വാൾ എന്നയാളാണ് തകർന്നുവീഴുന്നതിന് തൊട്ടുമുൻപ് വിമാനത്തിൽനിന്ന് ഫേസ്ബുക്ക് ലൈവ് ചെയ്തതെന്നാണ് വിവരം. ദുരന്തത്തിന്റെ ഭീകര ദൃശ്യങ്ങൾ പതിഞ്ഞ ഇവരുടെ മൊബൈൽ അപകട സ്ഥലത്തുനിന്ന് കണ്ടെത്തി.
വെള്ളിയാഴ്ചയാണ് ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്ന് നാല് ചെറുപ്പക്കാർ വിനോദസഞ്ചാരത്തിനായി നേപ്പാളിൽ എത്തിയത്. കഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രം സന്ദർശിച്ച ശേഷം പാരാ ഗ്ലൈഡിങ്ങിനായി പൊഖ്റയിലേക്ക് തിരിച്ചു. ഇതിനിടയിലാണ് അപകടം.
അതേസമയം ദുരന്തത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 72 പേരും മരിച്ചതായി സ്ഥിരീകരിച്ചു.








