ലക്‌നൗ : യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സതീഷ് പാൽ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ നീതുവും കാമുകൻ ഹർപാലുമാണ് പിടിയിലായത്. ഇവരുടെ സുഹൃത്തായ ഗൗരവിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
നീതുവും ഹർപാലും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവർക്കും ഒന്നിച്ച് ജീവിക്കാൻ വേണ്ടിയാണ് സതീഷിനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. സതീഷിനെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരൻ പരാതി നൽകിയതോടെയാണ് സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയത്.
ഭാര്യ നീതുവിനെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് കുടുംബവുമായി അടുത്ത ബന്ധമുള്ള ഹർപാലിനെ നിരീക്ഷിക്കാൻ ആരംഭിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ സംഭവത്തിന്റെ ചുരുളഴിയുകയായിരുന്നു.
നീതുവിന്റെയും സുഹൃത്തായ ഗൗരവിന്റെയും സഹായത്തോടെയാണ് സതീഷിനെ കൊലപ്പെടുത്തിയത് എന്ന് ഹർപാൽ പറഞ്ഞു. സതീഷിന്റെ വീടിന് സമീപത്തായി ഹർപാലും ഗൗരവും ജോലി ചെയ്യുന്ന നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ വളപ്പിലാണ് മൃതദേഹം കുഴിച്ചിട്ടത്. ഇതിന് മുകളിൽ പ്രതികൾ സെപ്റ്റിക് ടാങ്ക് പണിതെന്നും പ്രതി വെളിപ്പെടുത്തി.
ജനുവരി രണ്ടിനാണ് പ്രതികൾ കൊല നടത്തിയത്. രാത്രി വീട്ടിലെത്തിയ സതീഷിനെ ഭാര്യ നീതു മയക്കുമരുന്ന് കലർത്തിയ മദ്യം നൽകിയ മയക്കുകയായിരുന്നു. തുടർന്ന് ഹർപാലും ഗൗരവും ചേർന്ന് സതീഷിനെ ശ്വാസം മുട്ടിച്ച് കൊന്നു. തുണികൊണ്ട് കഴുത്തിൽ മുറുക്കി മരണം ഉറപ്പുവരുത്തി. ഇതിന് പിന്നാലെ മൃതദേഹം വലിച്ചിഴച്ച് നിർമ്മാണത്തിലിക്കുന്ന വീടിന്റെ വളപ്പിലെത്തിക്കുകയായിരുന്നു.
ഇവിടെ മൃതദേഹം കുഴിച്ചിട്ട ശേഷം സ്ഥലത്ത് രണ്ട് പ്രതികളും ചേർന്ന് സെപ്റ്റിക് ടാങ്ക് പണിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.











