മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണ വേട്ട മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച് സ്വർണവുമായി 60 കാരനെ കസ്റ്റംസ് പിടികൂടി. കോഴിക്കോട് പൊന്മേരിപ്പറമ്പിൽ സ്വദേശിയായ ഉസ്മാൻ ആണ് പിടിയിലായത്.
ഉച്ചയോടെയായിരുന്നു സംഭവം. ഉസ്മാന്റെ സ്വർണക്കടത്ത് സംബന്ധിച്ച് കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ കർശന പരിശോധനയായിരുന്നു കസ്റ്റംസ് നടത്തിയത്. ഇതിനിടെ സ്വർണവുമായി എത്തിയ ഉസ്മാൻ സുരക്ഷാ പരിശോധനയ്ക്കിടെ കസ്റ്റംസിന്റെ പിടിയിലാകുകയായിരുന്നു.
ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഉസ്മാൻ എത്തിയത്. സുരക്ഷാ പരിശോധനയ്ക്കിടെ കസ്റ്റംസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ സ്വർണമില്ലെന്ന് പറയുകയായിരുന്നു. എന്നാൽ ശരീര പരിശോധനയിൽ മലദ്വാരത്തിൽ സ്വർണം കണ്ടെത്തി. സ്വർണം മിശ്രിതമാക്കിയ ശേഷം ക്യാപ്സ്യൂളുകൾ ആക്കിയാണ് ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ചത്. നാല് ക്യാപ്സ്യൂളുകൾ പിടിച്ചെടുത്തു.
പിടികൂടിയ സ്വർണം വേർതിരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ലക്ഷക്കണക്കിന് രൂപ വിലവരുന്ന 176 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു. പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി വയോധികരെയാണ് ഇപ്പോൾ കള്ളക്കടത്ത് സംഘം സ്വർണ കടത്തിനായി ഉപയോഗിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസവും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടിച്ചെടുത്തിരുന്നു.
Discussion about this post