ഹൈദരാബാദ്: ഇന്ത്യയെയും നരേന്ദ്രമോദിയെയും അവഹേളിച്ച് ബിബിസി തയ്യാറാക്കിയ വിവാദ ഡോക്യുമെന്ററി രാജ്യത്തെ ക്യാമ്പസുകളിലൂടെ പ്രചരിപ്പിക്കാനും പ്രദർശിപ്പിക്കാനുമുളള ഇടത് ജിഹാദി വിദ്യാർത്ഥി സംഘങ്ങളുടെ നീക്കങ്ങളെ പ്രതിരോധിച്ച് എബിവിപി. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്ന ക്യാമ്പസുകളിൽ മറുപടിയായി കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറയുന്ന ദ കശ്മീർ ഫയൽസും പ്രദർശിപ്പിക്കാനാണ് നീക്കം.
ഹൈദരാബാദ് സെൻട്രൽ സർവ്വകലാശാലയിൽ വിവാദ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പ്രദർശിപ്പിക്കാൻ എസ്എഫ്ഐയും മറ്റ് ഇടത് വിദ്യാർത്ഥി സംഘടനകളും നീക്കം നടത്തിയിരുന്നു. ഇതോടെയാണ് ദ കശ്മീർ ഫയൽസിന്റെ പൊതു പ്രദർശനമൊരുക്കാൻ യൂണിവേഴ്സിറ്റിയിലെ എബിവിപി യൂണിറ്റ് തീരുമാനിച്ചത്. വൈകിട്ട് ആറ് മണിക്ക് നോർത്ത് ക്യാമ്പസിലെ ഷോപ്പിംഗ് സെന്ററിലാണ് പ്രദർശനം.
രാജ്യത്തെ ക്യാമ്പസുകളെ സംഘർഷത്തിലേക്ക് തളളിവിടാനുളള നീക്കത്തിലാണ് ഇടത് വിദ്യാർത്ഥിസംഘടനകൾ. ഫ്രട്ടേണിറ്റി മൂവ്മെന്റ് എന്ന പേരിലുള്ള വിദ്യാർത്ഥി സംഘമാണ് കഴിഞ്ഞ ദിവസം ക്യാമ്പസിൽ ആദ്യ ഭാഗം പ്രദർശിപ്പിച്ചത്. അനുമതിയില്ലാതെയാണ് ഡോക്യുമന്ററി പ്രദർശിപ്പിച്ചതെന്നും നോർത്ത് ക്യാമ്പസിലെ ഷോപ്പിംഗ് സെന്ററിൽ വെച്ചാണ് പ്രദർശനം സംഘടിപ്പിച്ചതെന്നും സർവ്വകലാശാല രജിസ്ട്രാർ ദേവേഷ് നിഗം വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് റിപ്പബ്ലിക് ദിനത്തിൽ രണ്ടാം ഭാഗവും പ്രദർശിപ്പിക്കുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ജെഎൻയുവിലും ജാമിയ മിലിയ സർവ്വകലാശാലയിലും അനുമതിയില്ലാതെ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിലേക്ക് നയിച്ചിരുന്നു.
Discussion about this post