കഴക്കൂട്ടം: പി.ഡി.പി നേതാവ് പാച്ചിറ സലാഹുദ്ദീന്റെ വീടിന്റെ കാര്പോര്ച്ചിലിട്ടിരുന്ന കാര്‍ തീ വച്ച് നശിപ്പിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് സംഭവം. ഒന്‍പതര ലക്ഷത്തോളം വില വരുന്ന കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഡീസല്‍ ടാങ്കിന് തീ പിടിക്കാത്തതിനാല്‍ വന്‍ പൊട്ടിത്തെറിയും ദുരന്തവും ഒഴിവായി.
കാര്‍ കത്തുന്നത് കണ്ട് അതുവഴി പോയ ഒരാളാണ് വീട്ടില്‍ ഉറങ്ങുകയായിരുന്ന സലാഹുദ്ദിനെ ഫോണില്‍ വിളിച്ചറിയിച്ചത്. പുറത്തിറങ്ങി നോക്കുമ്പോള്‍ പിന്‍ഭാഗത്ത് തീ ആളി പടരുന്നതാണ് കണ്ടത്. ഉടനെ വെള്ളം കോരിയൊഴിച്ച് തീ കെടുത്തി.
ഗേറ്റിന് പുറത്ത് നിന്ന് ആരോ പെട്രോളൊഴിച്ച് തീ വച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
കഴിഞ്ഞ 25ന് ഡിവൈ.എഫ്.ഐ പ്രവര്‍ത്തകരും പി.ഡി.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ സലാഹുദ്ദീന് മര്‍ദ്ദനമേറ്റിരുന്നു. അന്ന് പറമ്പിപ്പാലത്തെ ഡിവൈ.എഫ്.ഐ ഓഫീസിന് നേരെയും അക്രമം നടന്നിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഇന്ന് നടന്ന സംഭവമെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post