അഹമ്മദാബാദ്: അഹമ്മദാബാദ്-ഡൽഹി വിമാനത്തിന് ബോംബ് ഭീഷണി. അഹമ്മദാബാദ് വിമാനത്താവള അധികൃതർക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നാണ് വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന ആൾ അവകാശപ്പെട്ടത്. എയർപോർട്ട് അധികൃതർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാജ ഭീഷണി സന്ദേശമാണെന്ന് കണ്ടെത്തുകയായിരുന്നു.
വ്യാജ സന്ദേശം നൽകിയയാൾക്കെതിരെ പോലീസ് നടപടി ആരംഭിച്ചു. ഇന്നലെ വൈകിട്ട് 5.20ന് പുറപ്പെടേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്. വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന ഒരാൾ എത്താത്തതിനെ തുടർന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ ഇയാളെ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നും തനിക്ക് വരാനാകില്ലെന്നുമാണ് ഇയാൾ പറഞ്ഞത്.
എന്നാൽ അന്വേഷണത്തിൽ ഇയാൾ നൽകിയ വിലാസവും ഇമെയിൽ അഡ്രസും വ്യാജമാണെന്ന് കണ്ടെത്തി. പരിശോധനയിൽ വ്യാജ ഭീഷണിയാണെന്ന് തെളിഞ്ഞതോടെയാണ് പോലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.










