ജയ്പൂർ: രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തി പ്രദേശമായ ജയ്സാൽമീറിൽ വിദേശ സഹായത്തോടെ അനധികൃത മതപരിവർത്തനം നടത്തിയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പരിശോധന ശക്തമാക്കി. ബെൽജിയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടന അയച്ച കോടിക്കണക്കിന് രൂപയുടെ വിദേശ ഫണ്ട് ദുരുപയോഗം ചെയ്ത് നിയമവിരുദ്ധമായി മതപരിവർത്തനം നടത്തിയ സംഭവത്തിൽ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) ലംഘനം ആരോപിച്ച് രണ്ടു കേന്ദ്രങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്.
വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്സിആർഎ) അനുമതിയോ രജിസ്ട്രേഷനോ ഇല്ലാതെ ബെൽജിയൻ സന്നദ്ധ സംഘടനയിൽ നിന്നും ജയ്സാൽമീർ സ്വദേശിയായ ദേവു റാം, സഹായി ഗ്യാൻ ചന്ദ് എന്നിവർ വഴിവിട്ട രീതിയിൽ പണം കൈപ്പറ്റിയെന്നാണ് ഇ ഡി അന്വേഷണത്തിൽ തെളിഞ്ഞത്. ആകെ 5.10 കോടി രൂപയാണ് ഇത്തരത്തിൽ ഇരുവരും ചേർന്ന് കൈപ്പറ്റിയത്. വിദ്യാഭ്യാസ സേവനം, സാംസ്കാരിക പ്രവർത്തനങ്ങൾ, കുടുംബ സംരക്ഷണം, വിദേശ മലയാളി സേവനങ്ങൾ തുടങ്ങിയ വ്യാജ കാരണങ്ങൾ ബാങ്കുകളിൽ കാട്ടിയാണ് ഇത്രയും വലിയ തുക തട്ടിയെടുത്ത് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയത്.
ബെൽജിയത്തിലെ ബ്രസൽസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ‘അമർ എഎസ്ബിഎൽ’ (Amar ASBL) എന്ന സംഘടനയിൽ നിന്നാണ് പ്രധാനമായും തുകയെത്തിയത്. ഈ സംഘടനയെ നയിക്കുന്നത് ജോസ് ഗോഫിനെറ്റ്, മകൻ സാലിയൻ ഗോഫിനെറ്റ് എന്നീ ബെൽജിയൻ പൗരന്മാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ഇവർ ട്രസ്റ്റോ എൻജിഓയോ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും കഴിഞ്ഞ 14-15 വർഷങ്ങളായി ദേവു റാമിലൂടെയും ഗ്യാൻ ചന്ദിലൂടെയും ജയ്സാൽമീറിലെ ദുർബല വിഭാഗങ്ങൾക്കിടയിൽ ഇവർ പ്രവർത്തിച്ചു വരികയായിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസ സഹായത്തിന്റെ മറവിൽ പ്രദേശവാസികളുടെ സാംസ്കാരികവും മതപരവുമായ വിശ്വാസങ്ങളെ സ്വാധീനിക്കാനും മതപ്രചാരണത്തിനും പരിവർത്തനത്തിനുമാണ് ഈ പണം വിനിയോഗിച്ചത്.
കൈപ്പറ്റിയ തുകയിൽ 2.60 കോടി രൂപയോളം ദേവു റാം സ്വന്തം അക്കൗണ്ടിൽ നിന്ന് പണമായി പിൻവലിക്കുകയും സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തു. പണത്തിന്റെ വരവഞ്ചെലവ് കണക്കുകളോ വ്യക്തമായ സാമ്പത്തിക രേഖകളോ ഇവർ സൂക്ഷിച്ചിരുന്നില്ല. സമീപകാലത്ത് ബാങ്കുകൾ സംശയം തോന്നി നേരിട്ടുള്ള വിദേശ വിനിമയം തടഞ്ഞതോടെ, ജയ്സാൽമീറിലെ മറ്റ് വ്യക്തികളുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടുകൾ വഴി പണം എത്തിക്കാൻ ശ്രമം നടന്നിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. റെയ്ഡിൽ നിർണായക രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തതായും അന്വേഷണം ഊർജ്ജിതമായി തുടരുകയാണെന്നും ഇ ഡി അധികൃതർ വ്യക്തമാക്കി.









