മുംബൈ: 13 വർഷം മുൻപ് വയോധികനെ നായ കടിച്ച കേസിൽ ഉടമയ്ക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് കോടതി. റോട്ട്‌വീലർ നായയാണ് 72 വയസ്സുള്ള വയോധികനെ കടിച്ചത്. 72കാരന്റെ ബന്ധു കൂടിയാണ് നായയുടെ ഉടമസ്ഥൻ. മുംബൈയിലെ മജിസ്‌ട്രേറ്റ് കോടതിയാണ് ബിസിനസുകാരൻ കൂടിയായ പ്രതിക്ക് മൂന്ന് മാസത്തെ ശിക്ഷ വിധിച്ചത്. 2010 മെയ് 30നായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതിയും വയോധികനും തമ്മിൽ സ്വത്ത് തർക്കമുണ്ടായിരുന്നു. ഇതിനിടെ പ്രതി നായയെ അഴിച്ച് വിട്ട് കടിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. നായ ആക്രമണകാരിയാണെന്ന് ഉടമയ്ക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു, അപ്പോൾ മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്വമാണ്. എന്നാൽ അശ്രദ്ധമായ രീതിയിലാണ് ഉടമ നായയെ കൈകാര്യം ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി.
സംഭവദിവസം ഇരുവരും തമ്മിൽ വഴിയുടെ പേരിൽ തർക്കം നടക്കുകയായിരുന്നു. ഈ സമയം പ്രതിയുടെ കാറിൽ റോട്ട്വീലറും ലാബ്രഡോറും ഉണ്ടായിരുന്നു. ഇയാൾ നായയെ തുറന്ന് വിട്ടതോടെ റോട്ട്‌വീലർ വയോധികനെ ആക്രമിക്കുകയായിരുന്നു. മൂന്ന് തവണയാണ് ഇയാളെ നായ കടിച്ചത്. മുൻകരുതൽ എടുത്തിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ലെന്നും കോടതി പറയുന്നു.








