അബുദാബി: കഴിഞ്ഞ വര്‍ഷം എണ്ണയിതര വിദേശ വ്യാപാരത്തില്‍ രാജ്യം ചരിത്രനേട്ടം കൊയ്തതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 2.2 ട്രില്യണ്‍ ദിര്‍ഹത്തിന്റെ എണ്ണയിതര വിദേശ വ്യാപാരമാണ് 2022ല്‍ യുഎഇ നടത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ മേഖലയിലുണ്ടായത്. ചരിത്രത്തില്‍ ആദ്യമായാണ് യുഎഇ 2 ട്രില്യണ്‍ ദിര്‍ഹമെന്ന നാഴികകല്ല് മറികടക്കുന്നത്.
2020ല്‍ യുഎഇ എണ്ണയിതര വിദേശ വ്യാപാരത്തില്‍ 12 ശതമാനം വളര്‍ച്ച നേടി 1 ട്രില്യണ്‍ എന്ന പരിധി മറികടന്നിരുന്നു. തുടര്‍ന്ന് 2021ല്‍ 28 ശതമാനം വളര്‍ച്ചയോടെ 1.911 ട്രില്യണ്‍ ദിര്‍ഹമായി എണ്ണയിതര വിദേശ വ്യാപാരം ഉയര്‍ന്നു. ഇത്തവണ അത് 2.2 ട്രില്യണിലധികമായി ഉയരുമ്പോള്‍ സമ്പദ് വ്യവസ്ഥയുടെ എണ്ണയിലുള്ള ആശ്രിതത്വം കുറയ്ക്കുകയെന്ന ലക്ഷ്യത്തോട് യുഎഇ അടുത്തുകൊണ്ടിരിക്കുകയാണെന്ന് പറയാം.
യുഎഇ വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം വിദേശ വ്യാപാരം സംബന്ധിച്ച കണക്കുകള്‍ അവലോകനം ചെയ്തു. സുസ്ഥിര വികസനത്തിനായി ദേശീയതലത്തിലുള്ള ചട്ടക്കൂടിന് മന്ത്രിസഭ അംഗീകാരം നല്‍കി. ആവാസവ്യവസ്ഥകളം പരിരക്ഷിച്ച് പ്രകൃതി സ്രോതസ്സുകളുടെ സുസ്ഥിരത ഉറപ്പാക്കുകയാണ് ഈ ചട്ടക്കൂടിന്റെ ലക്ഷ്യമെന്ന് ഷേഖ് മുഹമ്മദ് പറഞ്ഞു. ഇതുകൂടാതെ നാഷണല്‍ സ്‌പേസ് ഫണ്ടിന് തുടക്കം കുറിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ബഹിരാകാശ മേഖലയില്‍ സ്വപ്‌ന പദ്ധതികള്‍ നടപ്പിലാക്കുക, യുവപ്രതിഭകള്‍ക്ക് പിന്തുണ നല്‍കുക, ലോകോത്തര നിലവാരത്തിലുള്ള ബഹിരാകാശ കമ്പനികളെ യുഎഇ വിപണിയിലേക്ക് ആകര്‍ഷിക്കുക എന്നിവയാണ് ഈ ഫണ്ടിലൂടെ രാജ്യം ലക്ഷ്യമിടുന്നത്.








