ശബരിമലയിൽ ഭക്തർക്ക് വിതരണം ചെയ്ത മിൽമയുടെ മായം കലർന്ന വ്യാജ നെയ്യിന് പിന്നിൽ ദേവസ്വം ജീവനക്കാരുടെയും മിൽമ ഉദ്യോഗസ്ഥരുടെയും വൻ ഒത്തുകളിയെന്ന് വെളിപ്പെടുത്തൽ. ദേവസ്വം ബോർഡിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വഹിച്ച മുതിർന്ന ഉദ്യോഗസ്ഥനാണ് വ്യാജ നെയ്യ് എത്തിക്കാൻ പ്രധാന ഇടനിലക്കാരനായി പ്രവർത്തിച്ചതെന്നാണ് ഞെട്ടിക്കുന്ന അന്വേഷണ റിപ്പോർട്ട്. ഈ മഹാക്രമക്കേടിനെക്കുറിച്ച് ദേവസ്വം ബോർഡ് ഭരണസമിതിക്കും മിൽമ ഭരണസമിതിക്കും മുൻകൂട്ടി കൃത്യമായ വിവരം ലഭിച്ചിരുന്നെങ്കിലും, വിഷയം ഒതുക്കിതീർക്കാൻ ഇരു കൂട്ടരും അന്വേഷണം പോലും നടത്താതെ തികഞ്ഞ നിഷ്ക്രിയത്വം പാലിക്കുകയായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.
ദേവസ്വം വിജിലൻസ് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലാണ് ക്രമക്കേടുകൾ ഒന്നൊന്നായി അക്കമിട്ട് നിരത്തുന്നത്. ഒന്നരലക്ഷത്തിലേറെ ലിറ്റർ മായം കലര്‍ന്ന നെയ്യാണ് ഇത്തരത്തിൽ ശബരിമലയിൽ ഭക്തർക്കായി വിതരണം ചെയ്തത്. സന്നിധാനത്ത് എത്തിച്ച ഗുണനിലവാരമില്ലാത്ത നെയ്യ് വിതരണം ചെയ്തതിലൂടെ വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടവും ഭക്തരുടെ വിശ്വാസത്തിന്മേൽ വലിയ മുറിവുമാണ് ഉണ്ടായിരിക്കുന്നത്. തട്ടിപ്പിൽ പങ്കാളികളായ ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിജിലൻസും പോലീസും പ്രത്യേകമായി അന്വേഷിക്കണമെന്ന് വിജിലൻസ് റിപ്പോർട്ടിൽ കർശനമായി ശുപാർശ ചെയ്യുന്നുണ്ട്.
മിൽമ നൽകിയ ഗുണനിലവാരമില്ലാത്ത നെയ്യ് വിതരണം ചെയ്തതിലെ സാമ്പത്തിക നഷ്ടത്തെക്കുറിച്ചും ഉയർന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും വിശദമായി അന്വേഷിക്കാൻ ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ഷീബ ഖമറിന്റെ നേതൃത്വത്തിൽ നാലംഗ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ആസൂത്രിതമായി നടന്ന ഈ തട്ടിപ്പിൽ ഉൾപ്പെട്ട ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന കടുത്ത ആവശ്യവുമായി വിവിധ ഭക്തജന സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.











