അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകളിൽ മധ്യസ്ഥന്റെ കുപ്പായമിട്ട് സമാധാന ദൂതനായി നടന്നിരുന്ന പാകിസ്താൻ, ഡൊണാൾഡ് ട്രംപിന്റെ പുറകിൽ വീണ്ടും കുത്തിയതായി ഞെട്ടിക്കുന്ന വിദേശ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ. ചൈന നിർമ്മിച്ച് നൽകുന്ന അതിനൂതന ആകാശ പ്രതിരോധ റാക്കറ്റ് ലോഞ്ചറുകൾ പാകിസ്താൻ വഴി ഇറാനിലേക്ക് കടത്താൻ നീക്കം നടക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഏകദേശം 400 ഓളം മാരകമായ ചൈനീസ് റോക്കറ്റ് ലോഞ്ചറുകൾ ആഴ്ചകൾക്കുള്ളിൽ പാക് മണ്ണിലൂടെയോ വ്യോമപാതയിലൂടെയോ ഇറാനിലെത്തുമെന്നാണ് വിവരം.
അമേരിക്കൻ പ്രസിഡന്റ് ട്രംപും മാധ്യമപ്രവർത്തകരും തമ്മിൽ വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടന്ന ആശയവിനിമയത്തിനിടെ ഉയർന്ന ചോദ്യം അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് നേരിട്ട് ചോദിച്ചപ്പോൾ പാകിസ്താൻ്റെ പങ്കിനെക്കുറിച്ച് കൃത്യമായ ഉത്തരം നൽകാൻ ട്രംപ് തയ്യാറായില്ലെങ്കിലും, റിപ്പോർട്ടുകൾ സത്യമാണെങ്കിൽ താൻ വലിയ രീതിയിൽ നിരാശനാകുമെന്ന് വ്യക്തമാക്കി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് തനിക്ക് നേരിട്ട് നൽകിയ ഉറപ്പുകൾ ഓർമ്മിപ്പിച്ച ട്രംപ്, “ഇത്തരം വാർത്തകൾ അത്ഭുതപ്പെടുത്തുന്നതാണെന്നും തനിക്ക് നൽകിയ വാക്ക് ഷി ലംഘിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും” കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്കയെ തൃപ്തിപ്പെടുത്തി നിർത്താൻ ശ്രമിക്കുകയും ഒപ്പം ചൈനയോടും ഇറാനോടും രഹസ്യ സഖ്യം തുടരുകയും ചെയ്യുന്ന പാകിസ്താൻ്റെ ഇരട്ടത്താപ്പാണ് ഇതോടെ ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്. എന്നാൽ ആരോപണങ്ങൾ ശക്തമായതോടെ വാർത്ത പൂർണ്ണമായും തള്ളി പാകിസ്ഥാൻ സൈനിക മാധ്യമ വിഭാഗമായ ഐ.എസ്.പി.ആർ (ISPR) രംഗത്തെത്തിയിട്ടുണ്ട്. വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പാകിസ്താൻ അവകാശപ്പെടുന്നുണ്ടെങ്കിലും, ഏഷ്യൻ മേഖലയിൽ ചൈനയുടെ ആയുധങ്ങൾ ഇറാനിലേക്ക് എത്തിക്കുന്ന പ്രധാന താവളമായി പാകിസ്താൻ മാറുന്നത് അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.












