മംഗളൂരു: മംഗളൂരുവിൽ ഭക്ഷ്യവിഷബാധ. സിറ്റി കോളേജ് ഓഫ് നഴ്‌സിംഗിലെ 150ലധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി. കോളേജിന്റെ മൂന്ന് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. മിക്ക കുട്ടികൾക്കും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. മംഗളൂരുവിലെ ആറ് ആശുപത്രികളിലായിട്ടാണ് ഇവരെ ഇപ്പോൾ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും മലയാളി വിദ്യാർത്ഥികളാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തീരെ വൃത്തിയില്ലാത്ത ഭക്ഷണമാണ് തങ്ങൾക്ക് തന്നിരുന്നതെന്നാണ് കുട്ടികൾ പറയുന്നത്. ഇതിനെതിരെ പല തവണ പരാതി നൽകിയിരുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല. ഇതാണ് ഇത്ര വലിയ പ്രശ്‌നത്തിന് കാരണമായതെന്നും കുട്ടികൾ ആരോപിക്കുന്നു. ഇന്നലെ രാത്രിയാണ് മൂന്ന് ഹോസ്റ്റലുകളിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടത്.
ഇവരെ ഉടനെ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതേസമയം കേസ് ഒത്തു തീർക്കാനാണ് കോളേജ് അധികൃതർ ശ്രമിക്കുന്നതെന്ന ആരോപണവും വിദ്യാർത്ഥികൾ ഉയർത്തുന്നുണ്ട്. വിദ്യാർത്ഥികൾക്കെല്ലാം ഗ്യാസ്ട്രബിൾ ആണെന്നാണ് കോളേജ് അധികൃതരുടെ വാദം. പ്രശ്‌നത്തിന് കാരണക്കാരായ ക്യാന്റീൻ ഉടമസ്ഥർക്കെതിരെയും കോളേജിനെതിരെയും നടപടി എടുക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു.
Discussion about this post