ലക്‌നൗ: രാഹുൽ ഗാന്ധിയെ പോലുള്ള നേതാക്കൾ ബിജെപിക്ക് ജോലി എളുപ്പമാക്കി തരുന്നുണ്ടെന്ന പരിഹാസവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിപക്ഷത്ത് രാഹുലിനെ പോലുള്ള നേതാക്കൾ തുടരുന്നത് വളരെ നല്ലതാണ്. ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് ഇവർ ഉണ്ടാക്കുന്നതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
2023ലെ കേന്ദ്രബജറ്റിനെതിരെയുള്ള കോൺഗ്രസ് നീക്കത്തേയും അദ്ദേഹം വിമർശിച്ചു. ഇന്ത്യയുടെ 75 വർഷത്തെ സ്വാതന്ത്ര്യത്തിന് കോൺഗ്രസ് ഏതെങ്കിലും തരത്തിൽ പ്രാധാന്യം നൽകുന്നുണ്ടെങ്കിൽ അവർ ഒരിക്കലും അമൃത് കാലിനെ പരിഹസിക്കുമായിരുന്നില്ല. മറിച്ച് അതിന്റെ അവരും അതിന്റെ ഭാഗമാകുമായിരുന്നു. ഇന്ത്യ പുരോഗതി കൈവരിക്കുമ്പോൾ കോൺഗ്രസ് ഏതെങ്കിലും തരത്തിൽ പ്രശ്‌നങ്ങളുണ്ടാക്കാനാണ് ശ്രമിക്കുന്നന്ത്. അവരുടെ മലിനമായ ചിന്താഗതികളിൽ നിന്ന് കൊണ്ട് പ്രവർത്തിക്കാൻ മാത്രമാണ് അവർ ശ്രമിക്കുന്നത്.” യോഗി ആദിത്യനാഥ് പറഞ്ഞു.
രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ” ബിജെപി ധാരാളം യാത്രകൾ നടത്തിയിട്ടുണ്ട്. അതിനെല്ലാം വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. അത് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുമുണ്ട്. എന്നാൽ രാഹുലിനാകട്ടെ ഭാരത് ജോഡോ യാത്ര എന്തിനാണ് നടത്തിയത് എന്ന് പോലും അറിയില്ല. ഒരു പക്ഷേ അത് പാർട്ടിയുടെ നിർദ്ദേശപ്രകാരം നടത്തിയതായിരിക്കാമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.











