ബംഗലൂരു: ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായകമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ബ്ലാസ്റ്റേഴ്സിന്റെ ബാലികേറാമലയായ ബംഗലൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗലൂരു എഫ് സിയുടെ വിജയം. റോയ് കൃഷ്ണയാണ് ബംഗലൂരുവിന്റെ വിജയ ഗോൾ നേടിയത്.
മത്സരത്തിന്റെ തുടക്കത്തിൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയ ബ്ലാസ്റ്റേഴ്സ്, മുപ്പത്തിയൊന്നാം മിനിറ്റിൽ ഗോൾ വീണതിന് ശേഷം പ്രതിരോധത്തിലായി. പിന്നീട് ബ്ലാസ്റ്റേഴ്സ് താരങ്ങളെ പ്രകോപിപ്പിക്കാനായിരുന്നു ബംഗലൂരു താരങ്ങളുടെ ശ്രമം. ദിശാബോധം നഷ്ടമായവരെ പോലെ കളിക്കളത്തിൽ ബംഗലൂരുവിന്റെ പ്രകോപനങ്ങളിൽ കൃത്യമായി ചെന്നു വീണ ബ്ലാസ്റ്റേഴ്സ്, ഫൗളുകൾ വാങ്ങി കൂട്ടുകയും ചെയ്തു.
ഗോവയെ മുംബൈ പരാജയപ്പെടുത്തിയതോടെ, പ്ലേ ഓഫിലെത്താൻ ബ്ലാസ്റ്റേഴ്സിന് ഇന്ന് ഒരു സമനില മാത്രം മതിയായിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിനെ കൃത്യമായി ദൗർബല്യങ്ങൾ അറിഞ്ഞ് പൂട്ടിയ ബംഗലൂരു, സീസണിലെ തുടർച്ചയായ ആറാം ജയം നേടി പ്ലേ ഓഫ് സാദ്ധ്യതകൾ കെടാതെ കാത്തു.
കരുത്തരായ എടികെ മോഹൻ ബഗാനും ഹൈദരാബാദ് എഫ്സിയുമാണ് ഇനിയുള്ള മത്സരങ്ങളിൽ കേരളത്തിന്റെ എതിരാളികൾ. ഇവർക്കെതിരെ ജയം നേടാൻ സാധിച്ചില്ലെങ്കിൽ, ബ്ലാസ്റ്റേഴ്സിന്റെ നോക്കൗട്ട് സാദ്ധ്യതകൾ അനിശ്ചിതത്വത്തിലാകും.
Discussion about this post