ബ്രസൽസ്: ഫുട്ബോൾ മത്സരത്തിനിടെ യുവ ഗോൾ കീപ്പർ മൈതാനത്ത് കുഴഞ്ഞു വീണ് മരിച്ചു. 25 വയസ്സുകാരനായ ബെൽജിയൻ ഗോൾ കീപ്പർ ആർനെ എസ്പീൽ ആണ് മരിച്ചത്. ശനിയാഴ്ച നടന്ന പ്രാദേശിക ലീഗ് മത്സരത്തിൽ, ഒരു പെനാൽറ്റി സേവ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ എസ്പീൽ മൈതാനത്ത് കുഴഞ്ഞ് വീഴുകയായിരുന്നു.
വെസ്റ്റ് ബ്രാബന്റ് രണ്ടാം പ്രവിശ്യ ഡിവിഷൻ മത്സരത്തിൽ വെസ്റ്റ്രോസ്ബെക്കും വിങ്കെൽ സ്പോർട് ബിയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിൽ വിങ്കെൽ 2-1ന് മുന്നിട്ട് നിൽക്കവെ വെസ്റ്റ്രോസ്ബെക്കിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. ഈ പെനാൽറ്റി തടഞ്ഞിട്ടയുടൻ എസ്പീൽ കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് ബെൽജിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പടിഞ്ഞാറൻ ഫ്ലാൻഡേഴ്സ് പ്രവിശ്യയിൽ, വിങ്കെലിന്റെ ഹോം ഗ്രൗണ്ടായ സിന്റ് എലൂയിസിലായിരുന്നു മത്സരം നടന്നിരുന്നത്. സംഭവത്തിൽ വിങ്കെൽ സ്പോർട് അഗാധമായ ദു:ഖം രേഖപ്പെടുത്തി.












