കൊച്ചി: വിരമിച്ച ജീവനക്കാർക്കുള്ള ആനുകൂല്യം വിതരണം ചെയ്യുന്നതിന് കെഎസ്ആർടിസി മുന്നോട്ട് വെച്ച നിർദ്ദേശം ഹൈക്കോടതി അംഗീകരിച്ചു. ഒരു ലക്ഷം രൂപ 45 ദിവസത്തിനുള്ളിൽ കൊടുക്കണം. ബാക്കിയുള്ള തുക കിട്ടുന്ന മുറയ്ക്ക് മുൻഗണന അനുസരിച്ച് നൽകുമെന്നും കെഎസ്ആർടിസി ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.
അർഹതയുള്ളവർ കത്ത് നൽകിയാൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനം അറിയിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. മക്കളുടെ വിവാഹം, ആശുപത്രി ആവശ്യങ്ങൾ എന്നിവകൂടി പരിഗണിച്ച് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ മുൻഗണന നിശ്ചയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
വിരമിച്ചവർക്ക് ആനുകൂല്യം നൽകാത്തത് മനുഷ്യാവകാശ ലംഘനമെന്ന് നിരീക്ഷിച്ച കോടതി, ഇടപെടാതെ ഇരിക്കാൻ ആകില്ല എന്ന് വ്യക്തമാക്കി.വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിനായി വരുമാനത്തിന്റെ 10 ശതമാനം മാറ്റി വയ്ക്കണമെന്നത് കോടതി ഉത്തരവാണെന്നറിയിച്ച ഹൈക്കോടതി ആരോട് ചോദിച്ചിട്ടാണ് അത് നിർത്തിയതെന്നും ചോദിച്ചു. ഏപ്രിൽ മുതൽ ഇത് തുടരാമെന്ന് കെഎസ്ആർടിസി അറിയിച്ചെങ്കിലും കെഎസ്ആർടിസിയോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നായിരുന്നു കോടതിയുടെ വിമർശനം.
വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിനായി സ്വത്ത് വിൽക്കൂ എന്ന് വിമർശിച്ച കോടതി ആനുകൂല്യങ്ങൾ നൽകാൻ പറ്റിയില്ലെങ്കിൽ വിരമിക്കാൻ സമ്മതിക്കാതെ നിലനിർത്തൂ എന്നും പറഞ്ഞു.
Discussion about this post