ചെന്നൈ : ഭർത്താവിനെ മദ്യത്തിൽ വിഷം ചേർത്ത് കൊലപ്പെടുത്തി യുവതി. ചൈന്നയിലെ മധുരാന്തകം സ്വദേശിനിയായ കവിതയാണ് ഭർത്താവ് കെ സുകുമാറിനെ കൊലപ്പെടുത്തിയത്. എന്നാൽ ഭർത്താവ് മദ്യം ഒരു സുഹൃത്തിന് കൂടി നൽകിയിരുന്നു. വിഷം ഉളളിൽ ചെന്ന് ആശുപത്രിയിലായ ഇരുവരും കഴിഞ്ഞ ദിവസമാണ് മരിച്ചത്. കുടുംബ വഴക്കാണ് കൊലയിലേക്ക് നയിച്ചത്.
ഒരു സ്വകാര്യ കമ്പനിയിലെ ജോലിക്കാരിയാണ് കവിത. ഇവരുടെ ഭർത്താവ് ഒരു ചിക്കൻ കടയിലാണ് ജോലി ചെയ്യുന്നത്. കൂടെ ജോലി ചെയ്യുന്ന ഒരാളുമായി കവിതയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഈ കാര്യം പറഞ്ഞ് വീട്ടിൽ എന്നും വഴക്ക് പതിവായിരുന്നു. മൂന്ന് മാസത്തോളം ഇവർ പിരിഞ്ഞ് താമസിക്കുകയും ചെയ്തു. എന്നാൽ ഇരുവരുടെയും കുടുംബക്കാരെത്തി പ്രശ്‌നം പരിഹരിച്ചു.
ഇതിന് ശേഷവും സഹപ്രവർത്തകനുമായുള്ള ബന്ധം കവിത തുടർന്നു. ഇത് വീണ്ടും വഴക്കിന് കാരണമായി. ഇതോടെ ഭർത്താവിനെ കൊല്ലാന് തീരുമാനിക്കുകയായിരുന്നു.
ഭർത്താവിന്റെ സഹോദരനെക്കൊണ്ട് മദ്യം വാങ്ങിപ്പിച്ച കവിത, സിറിഞ്ച് ഉപയോഗിച്ച് അതിൽ വിഷം നിറച്ചു. തുടർന്ന് സുഹൃത്ത് നൽകിയതാണെന്ന് പറഞ്ഞ് മദ്യക്കുപ്പി ഭർത്താവിന് കൊടുത്തു. മദ്യക്കുപ്പിയുമായി ചിക്കൻ കടയിലേക്ക് പോയ സുകുമാർ ഉച്ചയൂണിന് മുമ്പ് ഒരു പെഗ് കഴിക്കാൻ തയ്യാറെടുക്കുമ്പോഴാണ് ഹരിലാൽ എന്ന സുഹൃത്തും മദ്യം ചോദിച്ചത്. മദ്യപിച്ചതിന് പിന്നാലെ ഇരുവരും ഒന്നിച്ച് അബോധാവസ്ഥയിലായി.
കടയിലെ മറ്റ് തൊഴിലാളികൾ ചേർന്ന് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഭാര്യ നൽകിയ മദ്യം കുടിച്ചാണ് അബോധാവസ്ഥയിലായത് എന്ന് സുകുമാർ തന്നെയാണ് പോലീസിനോട് പറഞ്ഞത്. മദ്യത്തിൽ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ കവിതയെ പോലീസ് അറസ്റ്റ് ചെയ്തു.









