കോയമ്പത്തൂർ: ശിവഭഗവാന്റെ സംഹാരയാത്രയും ക്രിയാത്മകമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. പ്രപഞ്ചത്തിന്റെ പുനസൃഷ്ടിക്കും നവചൈതന്യത്തിനുമാണ് അത് വഴിയൊരുക്കുന്നതെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇഷ ഫൗണ്ടേഷൻ കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ സംഘടിപ്പിച്ച മഹാശിവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രഭാഷണം നടത്തുകയായിരുന്നു രാഷ്ട്രപതി.
പ്രപഞ്ചത്തിന്റെ മുഴുവൻ ഈശ്വരനാണ് ശിവൻ. നമുക്ക് ചേരുന്ന പല രൂപത്തിൽ ഭഗവാൻ പ്രത്യക്ഷനാകും. ആദിയോഗിയാണ് ഭഗവാൻ ശിവൻ. ഒപ്പം അർദ്ധനാരീശ്വര സങ്കൽപത്തിലും ശിവൻ ഉണ്ടെന്ന് രാഷ്്ട്രപതി ചൂണ്ടിക്കാട്ടി. ഏതൊരു മനുഷ്യനിലുമുളള സ്‌ത്രൈണതയിലേക്കും പൗരഷത്തിലേക്കുമാണ് അത് വിരൽചൂണ്ടുന്നത്. അത് രണ്ടും തമ്മിലുളള സന്തുലിതമാക്കലിന്റെ പ്രകടരൂപം കൂടിയാണതെന്നും രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും മഹാശിവരാത്രി ശൈത്യകാലത്തിന്റെ അവസാനം കുറിച്ച് പ്രകാശകിരണങ്ങളുടെ പുതിയ ദിവസങ്ങളുടെ വരവിനാണ് ആരംഭം കുറിക്കുന്നതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ശിവരാത്രിയും ഇരുട്ടിനെയാണ് അവസാനിപ്പിക്കുന്നത്. അജ്ഞതയുടെ ഇരുട്ടിനെ അവസാനിപ്പിച്ച് വെളിച്ചത്തിന്റെ പാത വെട്ടിത്തുറക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.
Discussion about this post