ജർമ്മനിയിൽ 53കാരനായ ആളുടെ എച്ച്‌ഐവി ചികിത്സയിലൂടെ ഭേദമായെന്ന വെളിപ്പെടുത്തലുമായി ഗവേഷകർ. ഇത്തരത്തിൽ എച്ച് ഐ വി പൂർണമായും ഭേദമാകുന്ന ലോകത്തിലെ അഞ്ചാമത്തെ വ്യക്തിയാണ് ഇദ്ദേഹം. എന്നാൽ ഇദ്ദേഹത്തിന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും പുറത്ത് വിട്ടിട്ടില്ല.
സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് വഴിയാണ് ഇദ്ദേഹത്തിന്റെ രോഗം ഭേദമായത്. 2019ലും ഈ വ്യക്തിയിൽ സമാനമായ ചികിത്സ നടത്തിയെങ്കിലും, രോഗമുക്തി നേടിയെന്ന് സ്ഥിരീകരിക്കാനായില്ല. കഴിഞ്ഞ ദിവസമാണ് ഈ വ്യക്തിയുടെ രോഗം ഭേദമായെന്ന് പൂർണ സ്ഥിരീകരണം ഉണ്ടാകുന്നത്. നാല് വർഷം മുൻപ് ഇദ്ദേഹത്തിന് നൽകിക്കൊണ്ടിരുന്ന മരുന്നുകളെല്ലാം നിർത്തി.
നേച്ചർ മെഡിസിനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വാർത്ത ഒരുപാട് പ്രതീക്ഷ നൽകുന്നതാണെന്നും, എന്നാൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഗവേഷകനായ എറിക് ഒലെ ജെൻസൻ പറഞ്ഞു. സാധാരണയായി ക്യാൻസർ രോഗികളിലാണ് സ്‌റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ നടത്താറുള്ളത്.
ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തെ മാറ്റുകയാണ് ഇതുവഴി ചെയ്യുന്നത്. അങ്ങേയറ്റം അപകടസാധ്യതയേറിയ ഒന്നായിട്ടാണ് സ്‌റ്റെം സെൽ ട്രാൻസ്പ്ലാന്റ് വിലയിരുത്തപ്പെടുന്നത്. തിമോത്തി റേ ബ്രൗൺ ആണ് എന്നയാളാണ് ലോകത്തിൽ എച്ച്‌ഐവി ഭേദമായ ആദ്യ വ്യക്തി. 2009ലാണ് സംഭവം. 2019ൽ ലണ്ടൻ സ്വദേശിയായ വ്യക്തിക്കാണ് രോഗം ഭേദമായതായി അവസാനം സ്ഥിരീകരിക്കുന്നത്.











