കൊല്ലം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും രണ്ടാം തവണയും കാപ്പ ചുമത്താൻ പോലീസ് റിപ്പോർട്ട് നൽകിയ വ്യക്തിയുമായ ഗുണ്ടാ തലവൻ കുത്തേറ്റ് മരിച്ചു. കുന്നിക്കോട് പുളിമുക്ക് റസീന മൻസിലിൽ പോത്ത് റിയാസ് എന്നറിയപ്പെടുന്ന റിയാസ് (32) ആണ് മരിച്ചത്. സംഭവത്തിൽ മേലില കടമ്പ്ര കാഞ്ഞിരത്തുമ്മൂട് സ്വദേശിയും വിളക്കുടി പാപ്പാരംകോട് ഷിബിൻ മൻസിലിലെ താമസക്കാരനുമായ വക്കീൽ ഷിഹാബ് എന്നറിയപ്പെടുന്ന ഷിഹബുദ്ദീൻ (42) അറസ്റ്റിലായി.
ബന്ധുവീട്ടിലേക്ക് പോയ ഷിഹബുദ്ദീനെ മറ്റൊരു ബൈക്കിൽ പിന്തുടർന്നെത്തിയ റിയാസ് കുന്നിക്കോട്- പട്ടാഴി റോഡിലെ ജീപ്പ് സ്റ്റാൻഡിന് സമീപത്തെ മില്ലിന് മുന്നിൽ വെച്ച് തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞു. ഷിഹാബുദ്ദീൻ തിരിച്ചും അസഭ്യം വിളിച്ചു. തുടർന്ന് ഇരുവരും തമ്മിൽ അടിപിടിയായി. ഇതിനിടെ, കൈയിൽ കരുതിയിരുന്ന ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് റിയാസിനെ ഷിഹാബുദ്ദീൻ കുത്തുകയായിരുന്നു.
നെഞ്ച്, വയർ, മുതുക്, കാല് തുടങ്ങി ഏഴോളം ഭാഗങ്ങളിൽ കുത്തേറ്റ റിയാസ് നിലത്ത് വീണു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ഇയാൾ മരിച്ചു. തുടർന്ന് കുന്നിക്കോട് പോലീസ് ഷിഹബുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വധശ്രമം, പീഡനം, പോക്സോ ഉൾപ്പെടെ 17 ക്രിമിനൽ കേസുകളിലെയും നിരവധി അടിപിടി കേസുകളിലെയും പ്രതിയാണ് കൊല്ലപ്പെട്ട റിയാസ്. നേരത്തേ കാപ്പ ചുമത്തി ഇയാളെ ആറ് മാസത്തേക്ക് നാടുകടത്തിയിരുന്നു.
കൊല്ലപ്പെട്ട റിയാസും പ്രതി ഷിഹാബുദ്ദീനും ബന്ധുക്കളാണ്. ഇരുവരും ചേർന്ന് ഇറച്ചി വെട്ടും വിൽപ്പനയും നടത്തി വരികയായിരുന്നു. ഇറച്ചിക്കട ലേലവുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയായിരുന്നു കൊലപാതകം.
Discussion about this post