ലണ്ടൻ : ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേംബ്രിഡ്ജ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിലാണ് യുഎസിനെ ഇകഴ്ത്തിയും ചൈനയെ പുകഴ്ത്തിയും രാഹുൽ സംസാരിച്ചത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം, പ്രത്യേകിച്ച് 1991-ലെ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം, യുഎസിനും ചൈനയ്ക്കുമുണ്ടായ വ്യത്യസ്തമായ സമീപനങ്ങളെക്കുറിച്ചാണ് രാഹുൽ ഗാന്ധി എടുത്ത് പറഞ്ഞത്. 2001 സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തിന് ശേഷം യു.എസ് ഉൾവലിയുകയാണുണ്ടായത്. നിർമ്മാണ ജോലികൾ നിർത്തലാക്കുന്നതിലൂടെ രാജ്യം വാതിലുകൾ കൊട്ടിയടയ്ക്കുകയായിരുന്നു.
എന്നാൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അപ്പോഴും സമാധാനവും ഐക്യവും കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളാണ് നടത്തിയത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആളുകളെ ഒന്നിപ്പിക്കാനാണ് അന്നും ചൈന ശ്രമിച്ചത് എന്നും രാഹുൽ അവകാശപ്പെട്ടു.
ആഗോളതലത്തിൽ ഒരു ജനാധിപത്യ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും പ്രസംഗത്തില് രാഹുൽ പറഞ്ഞു. ഭാരത് ജോഡോ യാത്രയെപ്പറ്റി പരാമർശിച്ച രാഹുൽ, യാത്ര എന്നത് തീർത്ഥാടനമാണെന്നും അത് മറ്റുള്ളവരെ അറിയാൻ വേണ്ടി നടത്തുന്നതാണെന്നും കൂട്ടിച്ചേർത്തു.








