ന്യൂഡൽഹി: യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ വ്യാജ പ്രസ്താവന നടത്തിയ പാകിസ്താന് തക്ക മറുപടിയുമായി ഇന്ത്യ. പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ ആരോപണങ്ങൾക്ക് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് ആണ് മറുപടി നൽകിയത്.
പാകിസ്താന്റെ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇന്ത്യ വിശേഷിപ്പിച്ചു. ജമ്മു-കശ്മീർ കേന്ദ്രഭരണ പ്രദേശവുമായി ബന്ധപ്പെട്ട് പാകിസ്താൻ പ്രതിനിധി നടത്തിയ അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമായ പരാമർശങ്ങൾ ഞാൻ തള്ളിക്കളയുകയാണെന്നും മറുപടിയ്ക്ക് പോലും യോഗ്യതയില്ലെന്നും അർഹിക്കാത്തതാണെന്നും രുചിര കംബോജ് മറുപടി നൽകിയത്.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മൊസംബിക് പ്രസിഡൻസിയുടെ നേതൃത്വത്തിൽ സ്ത്രീകൾ, സമാധാനം, സുരക്ഷ എന്നിവയെക്കുറിച്ചുള്ള ചർച്ചയിൽ ജമ്മു-കശ്മീർ വിഷയം പാക് വിദേശകാര്യ മന്ത്രി ഉന്നയിച്ചതിനെ തുടർന്നാണ് ഇന്ത്യ ചുട്ട മറുപടി നൽകിയത്.
ഇത്തരം ദുരുദ്ദേശ്യപരവും തെറ്റായതുമായ പ്രചരണങ്ങളോട് പ്രതികരിക്കാൻ പോലും പാടില്ല. സ്ത്രീകളുടെ സമാധാനം, സുരക്ഷ എന്നീ അജണ്ട നടപ്പാക്കൽ ത്വരിതപ്പെടുത്തുന്നതിനുള്ള കൂട്ടായ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഇന്നത്തെ ചർച്ച നിർണായകമാണ്. ചർച്ചയുടെ വിഷയത്തെ ഞങ്ങൾ ബഹുമാനിക്കുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി.
ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഴുവൻ പ്രദേശങ്ങളും ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും ഇപ്പോഴും അങ്ങനെയാണെന്നും ഇന്ത്യ നേരത്തെ പാകിസ്താനോട് പറഞ്ഞിരുന്നു. പാകിസ്താനുമായി സാധാരണ ബന്ധം ആഗ്രഹിക്കുന്നു. എന്നാൽ, അതിനായി ഭീകരതയും ശത്രുതയും ഇല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കേണ്ട ബാധ്യത പാകിസ്താനാണെന്നും ഇന്ത്യ അറിയിച്ചു.
Discussion about this post