നിങ്ങള്‍ക്കറിയാമോ ലോകത്ത് ഏറ്റവുമധികം മരണങ്ങള്‍ക്ക് കാരണമാകുന്ന എട്ടാമത്തെ രോഗമാണ് വൃക്ക സംബന്ധ രോഗങ്ങള്‍. ലോകത്ത് പ്രതിവര്‍ഷമുണ്ടാകുന്ന മരണങ്ങളില്‍ 2.4 ശതമാനവും വൃക്ക രോഗങ്ങള്‍ കൊണ്ടുള്ളതാണ്. ലോകത്ത് 850 ദശലക്ഷം ആളുകള്‍ വൃക്ക രോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
ഇന്ന് ലോക വൃക്കദിനമാണ്. എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോകം വൃക്ക ദിനമായി ആചരിക്കുന്നു. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയും വൃക്ക രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളെ കുറിച്ചുള്ള ബോധവല്‍ക്കരണവുമൊക്കെയാണ് വൃക്ക ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ‘വൃക്കകളുടെ ആരോഗ്യം എല്ലാവര്‍ക്കും – ആകസ്മികങ്ങള്‍ക്കായുള്ള തയ്യാറെടുക്കല്‍ രോഗസാധ്യതയുള്ളവര്‍ക്ക് കരുതലൊരുക്കല്‍’ എന്നതാണ് ഈ വര്‍ഷത്തെ വൃക്കദിന തീം. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിലും ക്ഷേമത്തിലും വൃക്കകളുടെ ആരോഗ്യം വളരെ പ്രധാനമാണ് എന്ന സന്ദേശമാണ് ഈ തീം നല്‍കുന്നത്.
നമ്മുടെ ചില ദൈനംദിന ശീലങ്ങളും ദുശ്ശീലങ്ങളും വൃക്കകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത് പലരും അറിയാറില്ല. ഒരു സുപ്രഭാതത്തില്‍ അസുഖം തിരിച്ചറിയപ്പെടുമ്പോള്‍ എന്നാലും എനിക്കിതെങ്ങനെ വന്നുവെന്ന് മിക്കവരും ആലോചിക്കും. പ്രശ്‌നം നമ്മുടെ ചില ശീലങ്ങള്‍ തന്നെയാണ്. അവയെന്തൊക്കെയാണെന്ന് നോക്കാം.
വേദനസംഹാരികളുടെ അമിതോപയോഗം
തലവേദനയായാലും കാലുവേദനയായാലും ഒട്ടും സഹിക്കാതെ ഉടന്‍ തന്നെ ഒരു വേദനസംഹാരി കഴിച്ച് അതിനെ ഇല്ലാതാക്കുന്ന ശീലം പൊതുവേ ഇപ്പോള്‍ സമൂഹത്തിലൊന്നാകെയുണ്ട്. വേദന സംഹാരി കഴിക്കാന്‍ ഒരു ഡോക്ടറുടെയും കുറിപ്പടി വേണ്ടെന്ന തോന്നലാണ് മിക്കവര്‍ക്കും. പക്ഷേ സ്ഥിരമായി വേദന സംഹാരികള്‍ കഴിച്ചാല്‍ അത് വൃക്കകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
ഉപ്പിന്റെ അമിതോപയോഗം
സോഡിയം, അതായത് ഉപ്പ് അധികമായി അടങ്ങിയ ഭക്ഷണക്രമം വൃക്കകളുടെ ആരോഗ്യത്തിന് ഏറെ വെല്ലുവിളിയാണ്. ഉപ്പിന്റെ അമിതോപയോഗം രക്തസമ്മര്‍ദ്ദം ഉയരാന്‍ (ഹൈപ്പര്‍ടെന്‍ഷന്‍) ഇടയാകുന്നു. രക്തസമ്മര്‍ദ്ദം ഉയരുന്നത് വൃക്കകള്‍ക്ക് ദോഷം ചെയ്യും.
പഞ്ചസാരയും വില്ലന്‍
ഉപ്പ് മാത്രമല്ല പഞ്ചസാര കൂടുതലായി ഉപയോഗിക്കുന്നത് വൃക്കകള്‍ക്ക് നന്നല്ല. മധുരപലഹാരങ്ങള്‍, കുക്കീസ്, ധാന്യങ്ങള്‍ എന്നിവ പ്രമേഹ സാധ്യതയും പൊണ്ണത്തടിക്കുള്ള സാധ്യതയും വര്‍ധിപ്പിക്കും. ഈ രോഗങ്ങള്‍ വൃക്കകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക
ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതിരുന്നാല്‍ വൃക്കകള്‍ക്ക് അത് ഏറെ ആപത്താണ്. ശരീരത്തില്‍ നന്ന് സോഡിയവും വിഷാംശവും പുറന്തള്ളാന്‍ വെള്ളം ആവശ്യമാണ്. മൂത്രത്തില്‍ കല്ല് അഥവാ കിഡ്‌നി സ്റ്റോണ്‍ തടയാനും മതിയായ അളവില്‍ ജലാംശം ശരീരത്തിലുണ്ടായിരിക്കണം. ആരോഗ്യമുള്ള വൃക്കകള്‍ ഉള്ള വ്യക്തികള്‍ ദിവസവും 3-4 ലിറ്റര്‍ വെള്ളം കുടിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. നേരെമറിച്ച്, വൃക്കകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തകരാറുകള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് വെള്ളം കുടിക്കുന്നത് പരിമിതപ്പെടുത്തേണ്ടിവരും.
ജങ്ക്ഫുഡ് എന്ന വില്ലന്‍
സോഡിയും ഫോസ്ഫറസും അമിതമായി അടങ്ങിയ പ്രൊസസ്ഡ് ഫുഡ് വൃക്കയ്ക്കും കേടാണ്. വൃക്കരോഗം ഇല്ലെങ്കില്‍ കൂടിയും സ്ഥിരമായി പ്രൊസസ്ഡ് ഫുഡ് കഴിച്ചാല്‍ ഹൈപ്പര്‍ടെന്‍ഷനും വൃക്കയ്ക്ക് തകരാറുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുകയുമൊക്കെ ചെയ്യും.
ആവശ്യത്തിന് ഉറങ്ങാതിരിക്കുക
നമ്മള്‍ ഉറങ്ങുന്നതും എഴുന്നേല്‍ക്കുന്നതും വൃക്കയുടെ പ്രവര്‍ത്തനവും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. വൃക്കയുടെ ജോലി നിയന്ത്രിക്കുന്നത് ഈ സമയക്രമം അനുസരിച്ചാണ്. അതുകൊണ്ട് നല്ല ഉറക്കം വൃക്കയുടെ സുഗമമായ പ്രവര്‍ത്തനത്തിനും അത്യന്താപേക്ഷിതമാണ്.
പുകവലി
പുകവലി മൂലം രോഗശയ്യയിലാകുന്നത് ശ്വാസകോശവും ഹൃദയവും മാത്രമല്ല, വൃക്കകള്‍ കൂടിയാണ്. പുകവലിക്കുന്നവരുടെ മൂത്രത്തില്‍ പ്രോട്ടീനിന്റെ അംശം കാണാനാകും. ഇത് വൃക്കരോഗത്തിന്റെ ലക്ഷണമാണ്.
മദ്യപാനം
അമിത മദ്യപാനം ക്രോണിക് കിഡ്‌നി ഡിസീസിന് വഴിവെക്കുമെന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അമിതമായി മദ്യപിക്കുമ്പോള്‍ യൂറിക് ആസിഡ് ഉല്‍പ്പാദിപ്പിക്കപ്പെടുകയും അത് വൃക്കയെ ബാധിക്കുകയും ചെയ്യും. പുകവലിക്കുകയും ഒപ്പം അമിതമായി മദ്യപിക്കുകയും ചെയ്യുന്നവരാണ് വൃക്കരോഗങ്ങളെ ഏറ്റവുമധികം പേടിക്കേണ്ടത്.
മാംസാഹാരം
മാംസാഹരങ്ങളിലെ പ്രോട്ടീന്‍ രക്തത്തില്‍ കൂടുതല്‍ അളവില്‍ ആസിഡ് ഉല്‍പ്പാദിപ്പിക്കുന്നു. ഇതും കിഡ്‌നിക്ക് ദോഷകരമാണ്. അമിതമായി മാംസാഹാരം കഴിക്കുന്നത് അസിഡോസിസ് എന്ന അവസ്ഥയ്ക്കും കാരണമാകുന്നു. വൃക്കയ്ക്ക് രക്തത്തിലെ ആസിഡ് വേഗത്തില്‍ നീക്കം ചെയ്യാനാകാത്ത അവസ്ഥയാണിത്. പഴങ്ങളും പച്ചക്കറികളും ധാരാളവും മിതമായ അളവില്‍ മാംസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്.
വ്യായാമക്കുറവ്
ഒരേ സ്ഥലത്ത് ദീര്‍ഘനേരം അനങ്ങാതെ ഇരിക്കുന്നതും വൃക്കയ്ക്ക് കേടാണ്. അലസമായ, അല്ലെങ്കില്‍ എവിടെയെങ്കിലും ചടഞ്ഞുകൂടിയിരിക്കുന്ന ജീവിതശൈലി അസുഖങ്ങളെ വിളിച്ചുവരുത്തും. കൃത്യമായ വ്യായാമമാണ് ഇതിന് പരിഹാരം. വ്യായാമം രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമീകരിച്ച് വൃക്കയടക്കം ശരീരത്തിലെ അവയവങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്നു.
Discussion about this post