കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. വിഷപ്പുകയിൽ വീർപ്പുമുട്ടുന്ന കൊച്ചിയിലെ ജനങ്ങളുടെ അവസ്ഥയിൽ മലയാള സിനിമാ ലോകവും സാംസ്‌കാരിക നായകന്മാരും മൗനം പാലിക്കുന്നതിനിടെയാണ് പ്രതികരണവുമായി നടൻ ഉണ്ണിമുകുന്ദൻ രംഗത്തെത്തുന്നത്.
കൊച്ചിയിൽ താമസിക്കുന്ന ചലച്ചിത്ര താരങ്ങൾ അടക്കം വിഷയത്തിൽ മൗനം പാലിക്കുന്നതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ശക്തമായ വിമർശനമാണ് ഉയർന്നത്. കൊച്ചിയിലെ ജനങ്ങൾ ജാഗത്ര പാലിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടാണ് താരം സാമൂഹ്യ മാദ്ധ്യമം വഴി രംഗത്തെത്തിയിരിക്കുന്നത്.
‘കൊച്ചിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ ആളുകളും സ്വയം ശ്രദ്ധിക്കുകയും കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കുകയും വേണം. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെത്തുടർന്ന് വിഷപ്പുക ഉയരുകയാണ്. പുറത്തിറങ്ങുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിനും പ്രിയപ്പെട്ടവരെ പരിപാലിക്കുന്നതിനും ഉദ്യോഗസ്ഥർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക. വായുമലിനീകരണവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്‌നങ്ങൾ സൂക്ഷിക്കുക. സുരക്ഷിതരായി ഇരിക്കുക’ എന്നാണ് ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
നിരവധി കമെൻറ്റുകളാണ് ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്. അല്ലെങ്കിലും സിനിമാക്കാർക്കിടയിൽ നട്ടെല്ല് പണയം വക്കാത്തതായി താൻ മാത്രമേ ഉള്ളൂവെന്ന് പണ്ടേ ഉണ്ണി തെളിയിച്ചതാണ്, നന്നായി പറഞ്ഞു ബ്രോ തന്റേടം കാണിച്ചല്ലോ ബാക്കി എണ്ണത്തിന് സേവ് ലക്ഷദീപ് മാത്രേ അറിയൂ എന്ന് തുടങ്ങിയ പ്രതികരണങ്ങളിലൂടെയാണ് ജനം ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ കെടുതികൾ ജനങ്ങളെ വലയ്ക്കുമ്പോൾ ഇതുവരെ പ്രതികരിക്കാത്ത സിനിമ താരങ്ങൾക്കെതിരെ വലിയ തോതിൽ വിമർശനങ്ങളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഉയർന്നു വരുന്നത്. ലക്ഷ്യദ്വീപിലെയും ഉത്തരേന്ത്യയിലെയുമടക്കം വിഷയങ്ങളിൽ പ്രതികരിച്ച മലയാള സിനിമ താരങ്ങളും സാംസ്‌കാരിക നായകന്മാരും എന്തുകൊണ്ടാണ് സ്വന്തം നാടിന് വേണ്ടി ശബ്ദമുയർത്താത്തത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് കരണമാകുന്നുണ്ട് . ഇതിനിടെയാണ് വിഷയത്തിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ എത്തിയത്.ബ്രഹ്മപുരം വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടിയും രംഗത്തു വന്നിരുന്നു
Discussion about this post