ലോസ് ഏഞ്ചലൽസ്: ഓസ്‌കർ നിറവിൽ സംവിധായിക കാർത്തികി ഗോൺസാൽവസ്. മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിലാണ് കാർത്തികിയുടെ ദ എലിഫന്റ് വിസ്പറേഴ്‌സ് എന്ന ചിത്രം പുരസ്‌കാരം സ്വന്തമാക്കിയത്. ഓസ്‌കർ പുരസ്‌കാരം സ്വീകരിച്ച ശേഷം തന്റെ സിനിമയ്ക്ക് ലഭിച്ച ബഹുമതി മാതൃരാജ്യത്തിന് സമർപ്പിക്കുന്നുവെന്നാണ് കാർത്തികി പറഞ്ഞത്.
‘മനുഷ്യനും പ്രകൃതിയുമായുള്ള പവിത്രമായ ബന്ധത്തെക്കുറിച്ചു സംസാരിക്കാനാണ് ഞാനിവിടെ നിൽക്കുന്നത്. സഹവർത്തിത്വം പുലരുന്നതിനായി നാം നമ്മുടെ ഇടങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. സിനിമയെ അംഗീകരിച്ചതിന് അക്കാദമിക്ക് നന്ദി. ഈ സിനിമയുടെ ശക്തി തിരിച്ചറിഞ്ഞതിനു നെറ്റ്ഫ്‌ളിക്‌സിനും നന്ദി. ഈ പുരസ്‌കാരം എൻറെ മാതൃരാജ്യമായ ഇന്ത്യയ്ക്ക് സമർപ്പിക്കുന്നു” എന്നായിരുന്നു കാർത്തികിയുടെ വാക്കുകൾ.
തമിഴ്‌നാട് മുതുമലൈ ദേശീയ പാർക്കിൽ രഘു എന്ന പേരുള്ള ആനക്കുട്ടിയെ പരിപാലിക്കുന്ന ദമ്പതികളായ ബൊമ്മൻറെയും ബെല്ലിയുടെയും ജീവിതമാണു എലഫൻറ് വിസ്പറേഴ്‌സിൽ കാർത്തികി പകർത്തിയത്. അപൂർവമായ മനുഷ്യ-മൃഗ ഹൃദയബന്ധത്തിൻറെ കഥയാണ് സിനിമ പറയുന്നത്. ആദിവാസി കുടുംബത്തിനൊപ്പം അഞ്ചു വർഷത്തോളം താമസിച്ചാണ് കാർത്തികി ഡോക്യുമെൻററി ഒരുക്കിയത്.
കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ തിമോത്തി എ ഗോൺസാൽവസിന്റെയും പ്രിസില്ല ടാപ്ലിയുടെയും മൂത്ത മകളാണ് കാർത്തികി. നീലഗിരി ജില്ലയിലെ ഊട്ടിയാണ് സ്വദേശം. കോയമ്പത്തൂരിലെ ഡോ. ജിആർ ദാമോദരൻ കോളേജ് ഓഫ് സയൻസിൽ വെച്ചാണ് ബിരുദം നേടിയത്. അമ്മ പ്രിസില്ല എഴുതിയ രഘു എന്ന ആനക്കുട്ടിയുടെ കഥയാണ് കാർത്തികി ജനിച്ചു വളർന്ന സ്ഥലത്ത് നിന്ന് 30 മിനിറ്റ് അകലെയുള്ള തെപ്പക്കാട് ആന ക്യാമ്പിൽ ചിത്രീകരിച്ചത്.
പ്രൊഫഷണൽ ഫോട്ടോഗ്രഫിയിൽ ബിരുദാനന്തര ബിരുദവും പ്രകൃതി, വന്യജീവി, സംസ്‌കാരം എന്നിവയിൽ സ്പെഷ്യലൈസേഷനും കരസ്ഥമാക്കിയ കാർത്തികി ഒരു ഫോട്ടോ ജേണലിസ്റ്റായാണ് ജോലി ആരംഭിച്ചത്. പിന്നീട് ചലച്ചിത്രനിർമാണം പഠിക്കാനും പരീക്ഷിക്കാനും തുടങ്ങി. ഡിസ്‌കവറി ആന്റ് അനിമൽ പ്ലാനറ്റിന്റെ ക്യാമറ ക്രൂവിന്റെ ഭാഗമായിരുന്നു അവർ.
Discussion about this post