മനാമ: ജമ്മുകശ്മീരിലെ മനുഷ്യാവകാശങ്ങളെകുറിച്ച് വ്യാജവാർത്ത പ്രചരിപ്പിക്കുന്ന പാകിസ്താന് മുഖമടച്ചുള്ള മറുപടി നൽകി ഇന്ത്യ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാകിസ്താൻ കശ്മീരിലെ മനുഷ്യാവകാശങ്ങളെ കുറിച്ച് വേവലാതി ഉള്ളതായി അന്താരാഷ്ട്ര വേദിയിൽ ഉന്നയിച്ച് ഇന്ത്യയെ കുറ്റക്കാരനാക്കാൻ ശ്രമിക്കുകയാണ്. പാകിസ്താന്റെ ഈ നാണം കെട്ട ശ്രമങ്ങൾക്കാണ് ഇന്ത്യ മറുപടി നൽകിയത്. കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ നടന്ന 146 ാമത് പാർലമെന്ററി യൂണിയൻ അസംബ്ലിയിലാണ് ഇന്ത്യ, പാകിസ്താനെ നിർത്തിപ്പൊരിച്ചത്.
ഭീകരരുടെ കയറ്റുമതിക്കാരൻ എന്നാണ് പാകിസ്താനെ ഇന്ത്യ വിശേഷിപ്പിച്ചത്. ജമ്മുക്ശമീരിന്റെയും ലഡാക്കിന്റെയും കാര്യം സംസാരിക്കാൻ പാകിസ്താന് അവകാശമില്ലെന്നും അതിനുള്ള സ്ഥാനമില്ലെന്നും ഇന്ത്യ തുറന്നടിച്ചു. ഇന്ത്യയെ അപകീർത്തിപ്പെടുത്താനായി ഇത്തരമൊരു വേദി ദുരുപയോഗം ചെയ്തത് നിർഭാഗ്യകരമെന്ന് രാജ്യസഭാ എംപി സസ്മിത് പത്ര പറഞ്ഞു. പാകിസ്താന്റെ പരാമർശം തീർത്തും അസ്വീകാര്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.
ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യഘടകങ്ങളാണ്. ഒരു രാജ്യത്തിനും എത്ര വാക്ചാതുര്യങ്ങൾക്കും പ്രചാരണങ്ങൾക്കും ഈ വസ്തുതയെ മറികടക്കാൻ കഴിയില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ പാകിസ്താന് അധികാരമില്ല.കുപ്രസിദ്ധ ഭീകരരെ കയറ്റുമതി ചെയ്യുന്ന രാജ്യവും ജമ്മു കശ്മീരിൽ എണ്ണമറ്റ അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾ നടത്തുന്നതിന് ഉത്തരവാദികളുമായ ഒരു രാജ്യം മനുഷ്യാവകാശങ്ങൾക്കായി അവകാശവാദമുന്നയിക്കുന്നത് വിരോധാഭാസമാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.
Discussion about this post