വാഷിംഗ്ടൺ : മൂന്ന് വയസുകാരി തന്റെ നാല് വയസുളള സഹോദരിയെ വെടിവച്ച് കൊന്നു. യുഎസിലെ ടെക്‌സസിലാണ് സംഭവം. സെമി ഓട്ടോമാറ്റിക് ഗൺ ഉപയോഗിച്ചാണ് പെൺകുട്ടി വെടിവച്ചത്.
വടക്കൻ ഹോസണിലെ അപ്പാർട്‌മെന്റിൽ രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. കളിക്കുന്നതിനിടെ തോക്ക് കിട്ടിയ പെൺകുട്ടി സഹോദരിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ നാല് വയസുകാരി മരിച്ചു.
വെടിവയ്പ്പ് നടക്കുമ്പോൾ വീട്ടിൽ മുതിർന്നവരുമുണ്ടായിരുന്നു. ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന കുഞ്ഞിനെയാണ്. ഉടൻ തന്നെ തോക്ക് പിടിച്ചുവാങ്ങി ആംബുലൻസിനെ വിളിച്ചു.
സംഭവത്തിൽ വീട്ടിലുണ്ടായിരുന്ന മുതിർന്നവർ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.












