പത്തനംതിട്ട : യുവമോർച്ചയുടെ കൊടിമരത്തിൽ സിപിഎം പതാക കെട്ടി. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. ഇരവിപേരൂർ പഞ്ചായത്ത് നെല്ലാട് കാനറ ബാങ്കിന്റെ മുൻവശത്തുള്ള യുവമോർച്ചയുടെ കൊടിമരത്തിലാണ് സിപിഎം പ്രവർത്തകർ കൊടി കെട്ടിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതോടെ സിപിഎം നേതാക്കൾ മാപ്പ് പറഞ്ഞ് കൊടി അഴിച്ചുമാറ്റുകയായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിച്ച ജാഥയുടെ ഭാഗമായാണ് യുവമോർച്ചയുടെ കൊടിമരത്തിൽ സിപിഎം പ്രവർത്തകർ കാെടി കെട്ടിയത്. രാത്രിയിൽ കൊടികെട്ടിയപ്പോൾ പിഴവ് സംഭവിച്ചതാണെന്നാണ് വിശദീകരണം. സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി സജി കുമാർ, സിപിഎം ബ്ലോക്ക് മെമ്പർ രാജീവ് എൻ എസ്, എന്നിവർ മാപ്പ് പറഞ്ഞു. തുടർന്ന് സിപിഎം പ്രവർത്തകരും പോലീസും ചേർന്ന് കൊടി അഴിച്ചുമാറ്റി.
കൊടി അഴിച്ചുമാറ്റുന്ന ചിത്രങ്ങൾ കാണാം
സിപിഎം കൊടി അഴിച്ചുമാറ്റിയതിന് പിന്നാലെ യുവമോർച്ച, ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചുകൊണ്ടു തന്നെ ഭാരതീയ ജനതാ പാർട്ടിയുടെ കൊടി സ്ഥാപിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് അരുൺ ശശി, മഹിളാമോർച്ച മണ്ഡലം പ്രസിഡൻറ് സുസ്മിത ബൈജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൊടിയുയർത്തിയത്.












