ചെന്നൈ: കോയമ്പത്തൂരിൽ ഗുണ്ടാ സംഘങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. തമന്ന എന്ന പേരിൽ അറിയപ്പെടുന്ന വിനോദിനിയാണ് അറസ്റ്റിലായത്. കഞ്ചാവ് കേസിലെ പ്രതി കൂടിയാണ് യുവതി.
സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു യുവതി വിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചത്. രണ്ടാഴ്ച മുൻപ് ‘ ഫ്രണ്ട്‌സ് കോൾ മീ തമന്ന’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു വിദ്വേഷം പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വീഡിയോ പങ്കുവെച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് കേസ് എടുത്തു. ഇതിന് പിന്നാലെ വിനോദിനി ഒളിവിൽ പോകുകയായിരുന്നു.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു തമിഴ്‌നാട് പോലീസിന്റെ അന്വേഷണം. ഇതിനിടെ സേലം സംഘഗിരിയിൽ നിന്നും പിടികൂടുകയായിരുന്നു.
ഇവരുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷൺമുഖം ഒളിവിലാണ്. ഇയാൾക്കായി ഊർജ്ജിത അന്വേഷണം തുടരുകയാണ്.
ഒളിവിലിരിക്കെ പലയിടങ്ങളിൽ നിന്നും വിനോദിനി വീഡിയോ പങ്കുവെച്ചിരുന്നു. രണ്ടുവർഷം മുൻപ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും, ഗർഭിണിയായ തന്നെ അറസ്റ്റ് ചെയ്യരുതെന്നും പറഞ്ഞായിരുന്നു വീഡിയോ. അറസ്റ്റിന് ശേഷം കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് വിധയയാക്കിയ വിനോദിനിയെ സെൻട്രൽ ജയിലിലേക്ക് മാറ്റി. 2021-ൽ കഞ്ചാവ് വിറ്റതിന് വിനോദിനിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.












