ഗാർഹിക പാചകവാതക (LPG) സിലിണ്ടറുകൾ സബ്‌സിഡി നിരക്കിൽ ബുക്ക് ചെയ്യുന്നതിന് ഒക്ടോബർ ഒന്ന് മുതൽ ആധാർ അധിഷ്ഠിത ബയോമെട്രിക് ഒതന്റിക്കേഷൻ (BAA) നിർബന്ധമാക്കി കേന്ദ്ര പെട്രോളിയം നാച്ചുറൽ ഗ്യാസ് മന്ത്രാലയം. നിശ്ചിത തീയതിക്കകം ബയോമെട്രിക് ഒതന്റിക്കേഷൻ പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് ഒക്ടോബർ 1 മുതൽ സബ്‌സിഡി നിരക്കിൽ ഗ്യാസ് ലഭ്യമാകില്ല. ആനുകൂല്യങ്ങൾ അർഹരായവരിലേക്ക് മാത്രം എത്തുന്നതിനും വ്യാജ കണക്ഷനുകളും ദുരുപയോഗവും തടയുന്നതിനുമാണ് ഈ നീക്കം.
രാജ്യത്ത് നിലവിൽ 27.43 കോടി ഗാർഹിക ഉപഭോക്താക്കൾ (ഏകദേശം 89.9 ശതമാനം) ബയോമെട്രിക് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. മുൻകൂട്ടി ഒതന്റിക്കേഷൻ പൂർത്തിയാക്കിയവർ ഇനി പുതിയതായി ഒന്നും ചെയ്യേണ്ടതില്ല. ഇതുവരെ ബി.എ.എ പൂർത്തിയാക്കാത്തവർക്ക് നടപടികൾ പൂർത്തിയാക്കുന്നതോടെ സബ്‌സിഡി നിരക്കിലുള്ള സിലിണ്ടർ ബുക്കിംഗ് പുനഃസ്ഥാപിച്ചു നൽകും.
ഗ്യാസ് വിതരണത്തിനെത്തുന്ന ഏജൻസി ജീവനക്കാരുടെ പക്കലുള്ള മൊബൈൽ ആപ്പ് വഴിയോ, എൽ.പി.ജി ഗ്യാസ് ഏജൻസികളിൽ നേരിട്ടെത്തിയോ ഉപഭോക്താക്കൾക്ക് ഒതന്റിക്കേഷൻ പൂർത്തിയാക്കാം. ഇതുകൂടാതെ ഇൻഡെയ്ൻ (IndianOil ONE), ഭാരത് ഗ്യാസ് (HelloBPCL), എച്ച്.പി ഗ്യാസ് (HP PAY) എന്നിവയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും ഉപഭോക്താക്കൾക്ക് വീട്ടിലിരുന്ന് തന്നെ ഇ-കെ.വൈ.സി പൂർത്തിയാക്കാവുന്നതാണ്. ബയോമെട്രിക് ഒതന്റിക്കേഷൻ ചെയ്യാൻ താല്പര്യമില്ലാത്തവർക്ക് വിപണി വില നൽകി (സബ്‌സിഡി ഇല്ലാതെ) സിലിണ്ടറുകൾ സ്വന്തമാക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.








