നെഹ്രുവിയൻ സോഷ്യലിസത്തിന്റെ പൊട്ടക്കിണറ്റിൽ നിന്ന് പുറത്ത് കടന്ന് ഈ വിശാലമായ ലോകത്തെ നോക്കിക്കാണാൻ ഇന്നും പലർക്കും സാധിക്കുന്നില്ല. ഒരു കമ്യുണിസ്റ്റ് സംസ്ഥാനത്തെ മല്ലൂസിനാണ് ഈ പ്രശ്നം കുറച്ച് കൂടുതൽ. ഗ്യാസിന്റെ സബ്സിഡി എടുത്തുകളയുന്നത് വലിയ കുറ്റമായും ഫ്രീ കിറ്റ് കൊടുക്കുന്നത് മികച്ച ഒരു കാര്യമായും പലരും കരുതുന്നു. ഗ്യാസ് സബ്സിഡി വെട്ടിക്കുറച്ചതിലൂടെ മാത്രം 20000 കോടി രൂപയെങ്കിലും ഇന്ത്യ മിച്ചം പിടിച്ചതായി കരുതുന്നു.
നരേന്ദ്രമോദി സർക്കാറിന്റെ ഇൻഫ്രാസ്റ്റ്രക്ചർ വികസനത്തെ പറ്റി പലരും പറഞ്ഞ് നമ്മളിൽ പലരും അറിഞ്ഞിട്ടുണ്ടാകും. അതുകൊണ്ട് അതേപ്പറ്റി പറയുന്നില്ല, പകരം ഒരു രാജ്യം എന്ന നിലയിൽ ഒരു അൻപത് വർഷം മുൻപെങ്കിലും ചിന്തിക്കേണ്ടിയിരുന്ന എന്നാൽ ചിന്തിക്കാതിരുന്ന ചിലതൊക്കെ പറയാം.
ഭൂമിശാസ്ത്രപരമായി ഇന്ത്യക്ക് നേരെ ഭീഷണി വരുന്ന രണ്ട് ഇടങ്ങളുണ്ട്. കാശ്മീരും അരുണാചൽപ്രദേശും. അതേപോലെ ഭൂമിശാസ്ത്രപരമായി ഇന്ത്യക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ കടൽപാതയിൽ അതിശക്തമായ മേൽക്കൈ നേടാൻ സാധിക്കുന്ന ഒരു സ്ഥലവുമുണ്ട്; ആൻഡമാൻ നിക്കോബർ ദ്വീപുകൾ. എന്തായാലും ഇന്ത്യ ഭരിച്ച ഒരൊറ്റ സർക്കാറും ഈ മൂന്നു ഇടങ്ങളെയും സ്റ്റ്രാറ്റജിക്കലി ഇന്ത്യക്ക് അനുകൂലമായ രീതിയിൽ മാറ്റിയെടുക്കുന്നതിനായി ഒന്നും ചെയ്തില്ല. ഇത് മറ്റുരാജ്യങ്ങൾക്ക് നല്ലൊരു അവസരം തുറന്നു കൊടുത്തു.
കാശ്മീരിനെ എങ്ങനെ മുഖ്യധാരയിൽ നിന്നകറ്റി തീവ്രവാദികൾക്കും പാകിസ്താനും അനുകൂലമായ നരേറ്റീവ് ഉണ്ടാകാമോ അതൊക്കെ ഇതിനു മുൻപ് ഭരിച്ച സർക്കാരുകൾ ചെയ്തിരുന്നു. ഈ ഒരവസ്ഥ ഒരൊറ്റ ദിവസം കൊണ്ടാണ് മോദി സർക്കാർ മാറ്റിമറിച്ചത്. കാശ്മീരികൾ മുഖ്യ ധാരയിലെത്തുന്നു. ടൂറിസം മെച്ചപ്പെടുന്നു, എന്തിനേറെ ചരിത്രത്തിൽ ആദ്യമായി 500 കോടിയുടെ വിദേശ നിക്ഷേപം വരെ എത്തുന്നു. ഏറെ താമസ്സിയാതെ ഇത്രകാലവും തുടർന്നുവന്ന ഇന്ത്യൻ വിരുദ്ധ മനോഭാവത്തിൽ നിന്ന് കാശ്മീരികൾ വെളിയിലെത്തും. തീവ്രവാദികൾക്ക് നാട്ടുകാരിൽ നിന്ന് ലഭിക്കുന്ന സഹായം കൂടി നിലച്ചാൽ കാശ്മീരിന്റെ അതിർത്തി ഇന്ത്യക്ക് സുശക്തമാക്കാനും പ്രതിരോധ ബജറ്റിൽ തന്നെ വലിയൊരു കുറവ് വരുത്താനും സാധിക്കും. എന്തിനേറെ ഇത്തവണ ജി20 മീറ്റ് കാശ്മീരിൽ നടത്തുന്നതുപോലും വലിയൊരു സ്റ്റേറ്റ്മെന്റാണ്.
നെഹ്രുവിന്റെ കാലം തൊട്ടേ ഇന്ത്യയുടെ ഡിഫൻസ് സ്റ്റ്രാറ്റജി ചൈനീസ് അതിർത്തിയിൽ യാതൊരു വികസനവും നടത്താതിരിക്കലായിരുന്നു. ഈ അവസരത്തിൽ ചൈന അരുണാചലിന്റെ അതിർത്തി വരെ ടിബറ്റിലും മറ്റും മികച്ച റോഡുകൾ, എയർബേസുകൾ തുടങ്ങി മൊബെയിൽ ടവറുകളും ഗ്രാമങ്ങളും വരെയുണ്ടാക്കി. അരുണാചൽ തങ്ങളുടേതാണ് എന്നൊരു നരേറ്റീവും ചൈന തുടങ്ങി. ചൈന ഒന്ന് മനസ്സു വച്ചാൽ നോർത്ത് ഈസ്റ്റ് മുഴുവൻ അവർക്ക് പിടിച്ചടക്കാം എന്ന അവസ്ഥയിൽ പോലും ഒരൊറ്റ സർക്കാറും ഒന്നും ചെയ്തില്ല. ഈ സർക്കാർ 50000 കോടിയുടെ വികസനപ്രവർത്തനങ്ങളാണ് അരുണാചലിൽ നടത്തുന്നത്. പാലങ്ങൾ, ടണലുകൾ റോഡുകൾ, എയർ പോർട്ടുകൾ ഇതൊക്കെ പുതിയതായി പണിയുന്നു. സാധാരണ മനുഷ്യർക്ക് മികച്ച ജീവിതവും സുരക്ഷയും കിട്ടാനുള്ള നടപടികളും പുരോഗമിക്കുന്നു.
ഇനി മൂന്നാമത്തെ ഇടമായ ആൻഡമാൻ. ഭൂമിശാസ്ത്രപരമായി ഇന്ത്യൻ മഹാസമുദ്രത്തിന്റെ തന്ത്രപ്രധാന ഇടത്താണ് ആൻഡമാൻ. സൈനീകമായും വ്യവസായപരമായും ഒരു മികച്ച സ്ഥലമാണത്. ആൻഡമാനെ ഒരു അന്താരാഷ്ട്ര പോർട്ടായി ഉയർത്താനുള്ള നടപടികൾ നടക്കുന്നു. ചെന്നൈയിൽ നിന്ന് ആൻഡമാനിലേക്ക് അതിവേഗ ഇന്റർനെറ്റ് ലഭിക്കുന്ന ആദ്യ ഒപ്റ്റിക്കൽ ഫൈബർ, വീർ സവർക്കർ എയർ പോർട്ട് , ഇന്റർനാഷണൽ കണ്ടൈനർ ട്രാൻസ് ഷിപ്പ്മെന്റ് ടെർമിനൽ , പവർ പ്ലാന്റ് തുടങ്ങിയ പല പദ്ധതികളും അടങ്ങുന്ന പദ്ധതിക്ക് ഈ കഴിഞ്ഞ വർഷം 72000 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. 30 വർഷത്തേക്ക് വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതിയിലൂടെ ഭാരതം ഇന്ത്യൻ മഹാസമുദ്രത്തിൽ സൈനീകമായും വ്യാവസായികമായും മേൽക്കൈ നേടും എന്നത് ഉറപ്പാണ്.
എന്താണ് ഈ പദ്ധതികൾ കൊണ്ടുള്ള ഗുണം ? പ്രാഥമീകമായി, സുരക്ഷിതമായ ഒരു രാജ്യം തന്നെ. സുരക്ഷിതമായ ഒരു രാജ്യത്ത് കൂടുതൽ വ്യവസായങ്ങൾ, കൂടുതൽ തൊഴിലുകൾ, കൂടുതൽ മെച്ചപ്പെട്ട ജീവിതം ഇതൊക്കെ ഉണ്ടായിവരും. സബ്സിഡികൾ നിർത്തലാക്കി ആ തുക ഇത്തരം കാര്യങ്ങൾക്ക് വിനിയോഗിക്കുന്നത് രാജ്യത്തിന്റെ വികസനത്തിനാണ്. ഗ്യാസ് പെട്രോൾ സബ്സിഡിയും ഇടക്കിടക്ക് ഫ്രീ കിറ്റും ഒക്കെ തരുന്നവർ രാജ്യത്തിന്റെ സുരക്ഷക്കും അടിസ്ഥാന ആവശ്യങ്ങൾക്കും വളർച്ചക്കും വിനിയോഗിക്കേണ്ട തുകയാണ് വഴിമാറ്റുന്നത് എന്ന് മറക്കരുത്. നമുക്ക് വേണ്ടത് കൂടുതൽ തൊഴിലുകളും മെച്ചപ്പെട്ട ജീവിതവുമാണ് എന്ന് മറക്കരുത്
Discussion about this post