സത്യസന്ധമായ ഉത്തരം പറയണം. കമന്റ് ഇടുകയൊന്നും വേണ്ട, അവനവനോട് തന്നെ പറഞ്ഞാൽ മതി.
നിങ്ങൾ വീട്ടിൽ ഒരു ബിയർ കുടിച്ചുകൊണ്ടിരിക്കുന്നു. അപ്പോൾ പതിനെട്ട് കഴിഞ്ഞ നിങ്ങളുടെ മകൾ വന്ന് ‘അച്ഛാ എനിക്കൊരു ബിയർ തരൂ’ എന്ന് ചോദിച്ചാൽ നിങ്ങൾ എന്ത് ചെയ്യും? ബഹുഭൂരിഭാഗം പേരും കൊടുക്കും, അല്ലേ? മൂന്നാല് ദിവസം കഴിഞ്ഞ് നിങ്ങൾ വിസ്കിയും നുണഞ്ഞിരിക്കുമ്പോൾ ഇതേ മകൾ വന്ന് ഒരു പെഗ് ആവശ്യപ്പെടുന്നു. അപ്പോഴും നിങ്ങളിൽ നല്ലൊരു ശതമാനം അവളാവശ്യപ്പെട്ടത് കൊടുക്കും, അല്ലേ? എന്നിട്ട് ഭാര്യയോട് ‘അവള് നമ്മളറിയാതെ പാത്തും പതുങ്ങിയും കുടിക്കുന്നില്ലല്ലോ’ എന്നൊരു ഡയലോഗും വിടുമായിരിക്കും.
രാത്രി മട്ടുപ്പാവിൽ നിന്ന് കഞ്ചാവിന്റെ മണം വരുന്നു. കയറി നോക്കിയപ്പോൾ, ഇരുപത്തിയഞ്ച് വയസ്സുള്ള നിങ്ങളുടെ മകൻ ആഞ്ഞ് വലിക്കുന്നതാണ് കാണുന്നത്. ‘നിനക്ക് ജോലിയൊക്കെയായി, സ്വന്തം കാര്യം നോക്കാറായി. പക്ഷെ കഞ്ചാവൊന്നും വലിക്കുന്നത് നല്ലതല്ല മോനേ’ എന്നായിരിക്കും നിങ്ങളിൽ നല്ലൊരു ശതമാനവും പറയുക, അല്ലേ? എന്നാൽ ചിലരെങ്കിലും അവനിൽ നിന്ന് അത് വാങ്ങി ഒരു പുക വലിച്ചേക്കാം. അപ്പോഴും ഇതൊരു ശീലമാക്കരുത് എന്ന് താക്കീത് നൽകും, അല്ലേ? ഒരാഴ്ച കഴിഞ്ഞ് ഇതേ പോലെ മകൻ വീണ്ടും കഞ്ചാവ് വലിക്കുന്നു എന്നറിയുമ്പോൾ നിങ്ങൾ എന്ത് ചെയ്യും? ‘കഞ്ചാവ് അത്രയ്ക്ക് വലിയ മാരണമൊന്നുമല്ല’ എന്ന് മകൻ നിങ്ങൾക്ക് ക്ലാസ്സെടുത്ത് തന്നേക്കാം. എന്നാലും ‘സ്ഥിരം ഉപയോഗിക്കരുത്’ എന്ന് നിങ്ങൾ ശട്ടം കെട്ടും, അല്ലേ?
ഇനി, കുറച്ച് ദിവസം കഴിഞ്ഞ് നോക്കുമ്പോൾ കാണുന്നത് നിങ്ങളുടെ ഭാര്യ MDMA ഉപയോഗിക്കുന്നതാണ്. എങ്ങിനെയായിരിക്കും നിങ്ങൾ പ്രതികരിക്കുക? ‘വല്ലപ്പോഴുമേ ആകാവൂ കെട്ടോ’ എന്ന് പറയുമോ അതോ അത് തടയാൻ ശ്രമിക്കുമോ? നിങ്ങളുടെ ഭാര്യ കൊക്കെയ്ൻ ഉപയോഗിക്കുന്നതാണ് കാണുന്നതെങ്കിലോ? തീർച്ചയായും നിങ്ങൾ അത് വിലക്കും, അല്ലേ? മേലാൽ ഈവക സാധനങ്ങൾ ഉപയോഗിക്കുകയോ വീട്ടിൽ കയറ്റുകയോ ചെയ്യരുത് എന്ന് പറയും. ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ ക്ലോസറ്റിൽ ഫ്ലഷ് ചെയ്ത് കളയും, അല്ലേ? മദ്യത്തിനോടോ കഞ്ചാവിനോടോ കാണിച്ച മൃദു സമീപനമാവില്ല അപ്പോൾ. കാരണം MDMA-യും കൊക്കെയ്നും മറ്റതിനേക്കാൾ വലിയ കുഴപ്പം പിടിച്ച സംഗതിയാണെന്ന് നിങ്ങൾക്ക് ധാരണയുണ്ട്.
നിങ്ങളുടെ ധാരണ പലപ്പോഴും ശരിയാവണമെന്നില്ല. പക്ഷെ ചോദ്യം ഇതാണ് – നിങ്ങൾ ഈ വിഷയത്തിൽ മൈത്രേയൻ പറഞ്ഞതിനോട് യോജിക്കുന്ന ആളാണോ? എങ്കിൽ നിങ്ങൾ ഭാര്യയെ തടയുന്നത് ഇരട്ടത്താപ്പാണ്. MDMA-യും കൊക്കെയ്നും നിരോധിക്കുന്നതോ ദുർലഭമാക്കുന്നതോ പ്രതികൂല ഫലമാണ് ഉണ്ടാക്കുക എന്ന് പറയുന്നതിനെ അനുകൂലിക്കുന്ന ആളാണ് നിങ്ങൾ. അപ്പോൾ ഭാര്യയുടെ ഉപയോഗത്തിന് വേണ്ടി പത്തിരുപത് ഗ്രാം വാങ്ങി സ്റ്റോക് ചെയ്യുകയാണ് വേണ്ടത്. വേണ്ടപ്പെട്ടവരോട് ഒരു സമീപനം, നാട്ടുകാരോട് മറ്റൊന്ന് എന്നത് ശരിയാണോ?
MDMA, കൊക്കെയ്ൻ തുടങ്ങിയ മയക്കു മരുന്നുകൾ കഞ്ചാവിനേക്കാൾ മാരകമാണ് എന്ന് നിങ്ങൾക്ക് ധാരണ ഉണ്ടെങ്കിൽ, അത് ശരി തന്നെയാണ്. ഹെറോയ്ൻ, ഫെന്റനിൽ പോലുള്ള സെമി-സിൻതെറ്റിക്, സിൻതെറ്റിക് ഡ്രഗ്സ് രണ്ടോ മൂന്നോ പ്രാവശ്യം ഉപയോഗിച്ചാൽ തന്നെ മനുഷ്യർ അതിനടിമപ്പെട്ടു പോകാനുള്ള സാദ്ധ്യത വളരെ വലുതാണ്. ഇതുപോലുള്ള hard drugs-നെ മദ്യവും കഞ്ചാവുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല. എല്ലാം ലഹരിയാണ് എന്ന് പറഞ്ഞുകൊണ്ട്, എല്ലാ തരം ലഹരി പദാർത്ഥങ്ങളേയും ഒരേ പോലെ കാണണം എന്ന് പറയുന്നത് വിവരമില്ലായ്മയാണ്.
‘എനിക്ക് ബുദ്ധിയും വിവരവുമുണ്ട്, ഞാൻ എങ്ങനെ ജീവിക്കണം എന്ന് ഞാൻ തീരുമാനിച്ചോളാം. അതുപോലെ നീ മറ്റുള്ളവരുടെ കാര്യത്തിലും ഇടപെടണ്ട, അവരുടെ കാര്യം അവർ നോക്കിക്കോളും’ എന്ന തത്വത്തിൽ എല്ലാ വിഷയങ്ങളേയും സമീപിക്കാൻ സാധിക്കുമോ? അച്ഛന്റെ ശാസനയില്ലാതെ വളരുന്ന കുട്ടികൾ ഉണ്ടാവില്ലേ? മാതാപിതാക്കാൾക്ക് മര്യാദയ്ക്ക് വളർത്താൻ സാധിക്കാത്ത കുട്ടികളുണ്ടാവില്ലേ? നല്ല വിദ്യാഭ്യാസം ലഭിക്കാൻ അവസരമില്ലാത്ത കുട്ടികളുണ്ടാവില്ലേ? ക്രിമിനലുകളുടെ സ്വാധീനത്തിൽ പെട്ടു പോകുന്ന കുട്ടികളുണ്ടാവില്ലേ? പട്ടിണി കാരണം എന്തും ചെയ്യും എന്ന അവസ്ഥയുള്ള കുട്ടികളുണ്ടാവില്ലേ?
ആത്മനിയന്ത്രണം കുറവായുള്ള കുട്ടികളുണ്ടാവില്ലേ? ഇവരേയൊക്കെ കണക്കിലെടുക്കാതെ എങ്ങിനെയാണ് സമൂഹം ഒരു നയം സ്വീകരിക്കുക? രണ്ടോ മൂന്നോ പ്രാവശ്യം മാത്രം ഉപയോഗിച്ചാൽ അടിമപ്പെട്ട് പോകാവുന്ന ലഹരി പദാർത്ഥങ്ങൾ എവിടേയും ലഭ്യമാണ് എന്നായാൽ എന്തായിരിക്കും സ്ഥിതി? ഇവയുടെ ഓവർഡോസ് കൊണ്ടുള്ള മരണ സാദ്ധ്യത വളരെ വലുതാണ്. സർക്കാറിന്റെ സമ്മതത്തോടെ ഇതിന്റെ കച്ചവടം തുടങ്ങിയാൽ എന്തായിരിക്കും ഫലം? സാധാരണക്കാർ ഒരു രസത്തിന് പാർട്ടികളിലും മറ്റും ഫെന്റനിൽ പോലുള്ള ഡ്രഗ് ഉപയോഗിച്ച് നോക്കിയാൽ എന്താവും പരിണാമം? ലഭ്യത കുറവാകുമ്പോൾ ഇവയുടെ ഉപയോഗവും കുറയുന്നു. ആളുകൾക്ക് വെറുതേ ഇത്തരം ഡ്രഗ്സ് പരീക്ഷിക്കാനാവില്ല. ലഹരിയിൽ നിന്ന് മോചനത്തിനായി ശ്രമിക്കുന്നവരെ ക്ഷാമം തീർച്ചയായും സഹായിക്കുകയും ചെയ്യും. മദ്യം കിട്ടാത്തത് കൊണ്ട് ചാരായം വാറ്റി കുടിക്കുന്നത് പോലെ സാദ്ധ്യമല്ല ഫെന്റനിൽ പോലുള്ള ഡ്രഗ്സ് ഉണ്ടാക്കി ഉപയോഗിക്കുക എന്നത്.
മൈത്രേയന്റെ ടിവി പരിപാടിയിലെ ബോംബ് ഉദാഹരണവും, അതിർത്തിയേക്കുറിച്ചുള്ള അഭിപ്രായവും, ജനാധിപത്യ ബോധമില്ലായ്മയുമൊക്കെ ചിരിക്കാനുള്ള വകയാണ് എന്നതിൽ കവിഞ്ഞ് വലിയ ശ്രദ്ധ അർഹിക്കുന്ന വിഷയങ്ങളല്ല. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത്, കുറച്ചൊക്കെ വിവരമുണ്ടെന്ന് ധരിച്ചിരുന്ന, വലിയ ഡോക്ടർമാർ അടക്കമുള്ളവർ മൈത്രേയന്റെ ലഹരിയുടെ ലഭ്യതയേക്കുറിച്ചുള്ള അഭിപ്രായത്തെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വന്നു എന്നുള്ളതാണ്. ഒരു നൂറ് വർഷം കഴിഞ്ഞാലേ മൈത്രേയനെ നമുക്ക് മനസ്സിലാവൂ എന്ന് ചിലർ. അദ്ദേഹം നമ്മോട് സംസരിക്കുന്നത് തന്നെ നമ്മുടെ ഭാഗ്യമാണെന്ന് മറ്റു ചിലർ! മാടമ്പിത്തരത്തേയും ബിംബവൽക്കരണത്തേയുമൊക്കെ എതിർത്ത് തിമിർക്കുന്നവരാണ് മൈത്രേയനെ മിശിഹായാക്കാൻ മത്സരിക്കുന്നത് എന്നുള്ളത് വേറേ തമാശ.
മൈത്രേയൻ പറയുന്ന മൂഢത്തരങ്ങൾ മനസ്സിലാക്കാൻ നൂറ് വർഷം പോയിട്ട് നൂറ് മിനിട്ട് പോലും വേണ്ട – ഈ വിഷയത്തിൽ വിവരവുള്ള, പ്രവൃത്തി പരിചയമുള്ള ആളുകൾ എഴുതിയിരിക്കുന്നത് ഇന്റർനെറ്റിൽ നിന്ന് വായിച്ചാൽ മതി. രണ്ടാം ലോക യുദ്ധത്തിന് ശേഷം പാശ്ചാത്യ ലോകത്ത് ‘ഒരു കാരണവശാലും യുദ്ധം അരുത്’, ‘കുറ്റവാളികൾക്കും മനുഷ്യാവകാശമുണ്ട്’, ‘വധശിക്ഷ പാടില്ല’ എന്നൊക്കെയുള്ള ആശയങ്ങൾ ശക്തിപ്പെട്ടു. അന്നത്തെ സാഹചര്യത്തിൽ അവയ്ക്കൊരു പുരോഗമന സ്വഭാവവും ഉണ്ടായിരുന്നു. എന്നാൽ ഇന്നും, ഇത്തരം ആശയങ്ങളെ തൊണ്ട തൊടാതെ വിഴുങ്ങിക്കൊണ്ട്, ഒരു രാജ്യത്തിനെ ഭീകരർ നിരന്തരം ആക്രമിച്ചാലും യുദ്ധം ചെയ്യരുത് എന്ന് പറയുന്നവരും, നൂറ് കണക്കിന് സ്ത്രികളെ ബലാത്സംഗം ചെയ്ത് കൊന്നവനേയും ജാമ്യത്തിൽ വിടണം എന്ന് വാദിക്കുന്നവരും, പരലോകത്ത് സ്വർഗ്ഗം കിട്ടും എന്ന് കരുതി ആയിരക്കണക്കിന് അന്യമതസ്ഥരെ കൊന്നവനെ പോലും വധശിക്ഷയ്ക്ക് വിധിക്കരുത് എന്ന് അലമുറയിടുന്നവരുമെല്ലാം നമ്മുടെ നാട്ടിലുണ്ട്. അതുപോലെ ഒന്നാണ് എല്ലാം സ്വതന്ത്രമായി ലഭ്യമാക്കണം, അതുവഴി അവയൊക്കെ നിയന്ത്രണവിധേയമാക്കാം എന്ന മണ്ടൻ ആശയവും. നൂറിനടുത്ത് വർഷങ്ങൾക്ക് മുന്നേ ഉടലെടുത്ത ചിന്തകൾക്ക് ആധുനിക ലോകത്തിന്റെ സങ്കീർണ്ണതകർക്ക് മുന്നിൽ പ്രസക്തിയുണ്ടോ, പ്രായോഗികതയുണ്ടോ എന്നൊന്നും പരിശോധിക്കാൻ ഗോത്രവഗർഗ്ഗ ചിന്താഗതി ഇത്തരക്കാരെ സമ്മതിക്കുന്നില്ല. ലോകം മുന്നോട്ട് പോകുന്നത് ഇവർക്ക് അംഗീകരിക്കാനുമാവുന്നില്ല.
We have our ideals and convictions. Then life confronts us. Very few grow. Rest growls.
Discussion about this post