രാജ്യത്തിന്റെ ഭരണഘടന പിച്ചിച്ചീന്തപ്പെട്ട അടിയന്തരാവസ്ഥയുടെ മറക്കാൻ കഴിയാത്ത 50 വർഷങ്ങളാണ് പിന്നിടുന്നത്. അടിയന്തരാവസ്ഥയുടെ 50 വർഷത്തെ നീറുന്ന ഓർമ്മകളിൽ രാജ്യം സംവിധാൻ ഹത്യ ദിവസ് ആചരിച്ച വേളയിൽ അടിയന്തരാവസ്ഥക്കാലത്ത് തനിക്കും അന്നത്തെ പൊതു സമൂഹത്തിനും നേരിടേണ്ടിവന്ന പീഡനങ്ങളും ദുരനുഭവങ്ങളും വിവരിക്കുകയാണ് മുതിർന്ന പത്രപ്രവർത്തകനും ഇന്ത്യ ടിവി ചെയർമാനുമായ രജത് ശർമ്മ. ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തിവയ്ക്കപ്പെട്ട ദിവസങ്ങൾ ആയിരുന്നു അതെന്ന് രജത് ശർമ്മ ഓർത്തെടുക്കുന്നു.
1975 ജൂൺ 12-ന് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജഗ്‌മോഹൻ ലാൽ സിൻഹ ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കുകയും ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അവരെ വിലക്കുകയും ചെയ്തതാണ് ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് കാരണമായത്. പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധി അവരുടെ പ്രൈവറ്റ് സെക്രട്ടറിയും അന്ന് സർക്കാർ ജീവനക്കാരനുമായിരുന്ന യശ്പാൽ കപൂറിനെ തിരഞ്ഞെടുപ്പ് ഏജന്റായി നിയമിച്ചുവെന്ന് ആരോപിച്ച് ഇന്ദിരാഗാന്ധിയുടെ എതിരാളി രാജ് നരേൻ ആയിരുന്നു കോടതിയെ സമീപിച്ചിരുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് കൈക്കൂലി നൽകുകയും വോട്ടർമാർക്ക് മദ്യവും പുതപ്പും ഉൾപ്പെടെയുള്ളവ വിതരണം ചെയ്തും ആണ് ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന് അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. കൃത്യമായ തെളിവുകളോടെ കാര്യങ്ങൾ ബോധ്യപ്പെട്ട കോടതി ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കുകയായിരുന്നു. തുടർന്ന് ആറുവർഷത്തേക്ക് മത്സരിക്കാൻ കഴിയാതെ കൂടി വന്നതോടെ ഏതു വിധേനയും ഭരണം നിലനിർത്താനായി രാജ്യം കണ്ട ഏറ്റവും വലിയ ക്രൂരതയായിരുന്നു ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയത്.
“ജൂൺ 25 ന് വൈകുന്നേരം ഞാൻ ഡൽഹി യൂണിവേഴ്സിറ്റി കാമ്പസിലെ ഒരു ഹോസ്റ്റലിലായിരുന്നു. അരുൺ ജെയ്റ്റ്ലി അതിരാവിലെ ക്യാമ്പസിൽ എത്തിയതും ഞങ്ങൾ ലോ സെന്റർ കോഫി ഹൗസിൽ കണ്ടുമുട്ടിയതും എനിക്ക് ഓർമ്മയുണ്ട്. ഇന്നലെ രാത്രി പോലീസ് തന്റെ വസതിയിലേക്ക് വന്നപ്പോൾ താൻ എങ്ങനെ ഒഴിഞ്ഞുമാറിയെന്ന് ജെയ്റ്റ്ലി വെളിപ്പെടുത്തി. ഞങ്ങളുടെ യോഗത്തിൽ, സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയർത്താനും ഒരു പ്രകടനം നടത്താനും ഞങ്ങൾ തീരുമാനിച്ചു. സിപിഐ എമ്മിന്റെ വിദ്യാർത്ഥി വിഭാഗമായ എസ്എഫ്‌ഐയിൽ നിന്നുമുള്ള പ്രവർത്തകരും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. അതേസമയം ഹോസ്റ്റലിൽ എത്തിയ യൂണിഫോമിൽ അല്ലാത്ത ചില പോലീസുകാർ അരുൺ ജയ്റ്റ്ലിയെ അറസ്റ്റ് ചെയ്തു കൊണ്ടു പോയി.
1975 ജൂൺ 25 ന് രാത്രി 11:45 ന് തന്നെ അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ ഒപ്പുവച്ചിരുന്നു. പിറ്റേന്ന് രാവിലെ 6 മണിക്ക് കേന്ദ്ര മന്ത്രിസഭ ഇത് പോസ്റ്റ് ഫാക്റ്റോ അംഗീകരിച്ചു. ഏതാണ്ട് അതേ സമയത്ത്, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജോയിന്റ് സെക്രട്ടറി പി.എൻ. ബഹൽ ഓൾ ഇന്ത്യ റേഡിയോയുടെ ന്യൂസ് റൂമിലെത്തി, പ്രധാനമന്ത്രി അതേ സമയം രാജ്യത്തെ അഭിസംബോധന ചെയ്യാൻ പോകുന്നതിനാൽ രാവിലെ 8 മണിക്കുള്ള വാർത്താ ബുള്ളറ്റിൻ സ്റ്റാൻഡുകൾ റദ്ദാക്കാൻ ഉത്തരവിട്ടു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും എന്ന വാർത്ത രാത്രിയിൽ തന്നെ ഞങ്ങൾക്ക് ലഭിച്ചിരുന്നു. എന്നാൽ പിറ്റേന്ന് രാവിലെ നടന്നത് രാജ്യത്തെ തന്നെ ലജ്ജിപ്പിക്കുന്ന കാര്യങ്ങൾ ആയിരുന്നു. യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ അടിയന്തരാവസ്ഥ പ്രഖ്യാപനം ജനങ്ങളെ അറിയിക്കുന്നതിനു മുൻപേ തന്നെ അർദ്ധരാത്രിയോടെ, പോലീസ് മിക്ക ഉന്നത നേതാക്കളുടെയും വീടുകളിൽ എത്തി. ജയപ്രകാശ് നാരായൺ, മൊറാർജി ദേശായി, അടൽ ബിഹാരി വാജ്‌പേയി, ലാൽ കൃഷ്ണ അദ്വാനി, പ്രകാശ് സിംഗ് ബാദൽ, ചരൺ സിംഗ്, രാജ് നരേൻ, പിലു മോദി, ബിജു പട്‌നായിക് തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളെ എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്തു. പത്രങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം അർദ്ധരാത്രിയോടെ തന്നെ വിച്ഛേദിക്കപ്പെട്ടിരുന്നു. നിരവധി എഡിറ്റർമാരെയും പത്രപ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു.
മിസ (ആഭ്യന്തര സുരക്ഷാ നിയമം പരിപാലിക്കൽ), ഡിഐആർ (ഇന്ത്യാ പ്രതിരോധ നിയമങ്ങൾ) എന്നിവ പ്രകാരം ഒരു ലക്ഷത്തിലധികം ആളുകളെയാണ് ഇന്ദിരാഗാന്ധിയുടെ നിർദ്ദേശപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. അവരിൽ പലർക്കും ജയിലിൽ ക്രൂരമായ പീഡനമാണ് നേരിടേണ്ടിവന്നത്. പ്രതിഷേധിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കാൻ ഏതറ്റം വരെയും പോകാൻ ഇന്ദിരാഗാന്ധി തയ്യാറായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത്, അതിന്റെ ആമുഖം ഉൾപ്പെടെ ഭരണഘടന പലതവണ ഭേദഗതി ചെയ്തു.
വാറണ്ട് ഇല്ലാതെ ആരെയും അറസ്റ്റ് ചെയ്യാനും കലാപത്തിൽ ഏർപ്പെടുന്ന ആരെയും വെടിവയ്ക്കാനും പോലീസിന് അധികാരം നൽകിയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഡൽഹിയിലും മറ്റും നടക്കുന്ന കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ യാതൊരു നിർവാഹവും ഇല്ലായിരുന്നു. അതിനാൽ തന്നെ ഇതിന് എന്തെങ്കിലും ഒരു പരിഹാരം കാണണമെന്ന് ഞങ്ങൾ തീരുമാനിച്ചു. മഷാൽ എന്ന പേരിൽ ഒരു സൈക്ലോസ്റ്റൈൽ ന്യൂസ് ഷീറ്റ് പ്രസിദ്ധീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. എന്റെ കൈയക്ഷരം മികച്ചതായതിനാൽ, എല്ലാ വാർത്തകളും ഞാൻ ഒരു പേപ്പറിൽ കൈകൊണ്ട് എഴുതി സൈക്ലോസ്റ്റൈൽ ചെയ്യുമായിരുന്നു. ഞങ്ങളുടെ കാമ്പസിനടുത്ത് ശക്തി നഗറിലെ ശർമ്മ ന്യൂ ആർട്സ് കോളേജ് എന്ന പേരിൽ ഒരു കോച്ചിംഗ് സെന്റർ ഉണ്ടായിരുന്നു. രാത്രിയിൽ, കോച്ചിംഗ് സെന്റർ അടച്ചിട്ടിരുന്നപ്പോൾ, വിജയ് ഗോയലും ഞാനും സൈക്ലോസ്റ്റൈലിംഗ് മെഷീനിൽ ഞങ്ങളുടെ ന്യൂസ് ഷീറ്റിന്റെ 500 ഓളം കോപ്പികൾ തയ്യാറാക്കി. ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർമാരുടെയും വൈസ് ചാൻസലറുടെയും വീടുകളിൽ ഉൾപ്പെടെ അത് വിതരണം ചെയ്തു. ഹോസ്റ്റലുകളിലും ഞങ്ങൾ ഈ കവറുകൾ വിതരണം ചെയ്തു. പക്ഷേ അന്ന് രാത്രി തന്നെ പോലീസ് എന്നെ പിടികൂടി. വിദ്യാർത്ഥിയായിരുന്ന എന്നെ രാത്രിയിൽ കൈകളിൽ വിലങ്ങിട്ട് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി.
പിറ്റേന്ന് രാവിലെ നാലു പോലീസുകാർ ചേർന്ന് കൈകൾ ബന്ധിച്ചു കൊണ്ടായിരുന്നു എന്നെ കോടതിയിൽ ഹാജരാക്കിയത്. കോടതി പരിസരത്ത് എന്നെ കാണാൻ നിന്നിരുന്ന എന്റെ അച്ഛനെ അവർ തള്ളി മാറ്റി. ഏറെ വേദനിപ്പിച്ച ദൃശ്യമായിരുന്നു അത്. എന്റെ തെറ്റുകൾക്ക് ഞാൻ മാപ്പ് ചോദിക്കുന്നുവെന്നും ഇന്ദിരാഗാന്ധിയുടെ 20 പോയിന്റ് പ്രോഗ്രാമിനെ പിന്തുണയ്ക്കുന്നുവെന്നും മജിസ്ട്രേറ്റിനോട് പറയാൻ പോലീസ് എന്നെ നിർബന്ധിച്ചു. അതേസമയം തന്നെ എന്റെ അച്ഛൻ എന്റെ അടുത്തു വന്നു, “ഭയപ്പെടേണ്ട, നീ ശരിയായ പാതയിലാണെന്ന് കരുതുന്നുവെങ്കിൽ, പിന്നോട്ട് പോകരുത്” എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. മജിസ്ട്രേറ്റ് എന്നെ ജുഡീഷ്യൽ റിമാൻഡിൽ തിഹാർ ജയിലിലേക്ക് അയച്ചു. കുറ്റവാളികളോടൊപ്പം ഒരു നീല വാനിൽ എന്നെ കൊണ്ടുപോയി. അന്നെനിക്ക് 18 വയസ്സ് പോലും പൂർത്തിയായിരുന്നില്ല.
പ്രായപൂർത്തിയാകാത്തതിനാൽ എന്നെ ‘മുണ്ടാ ഖാന’ എന്ന കൗമാരക്കാരുടെ വാർഡിലേക്ക് അയച്ചു. നാലുപേർക്ക് താമസിക്കാൻ കഴിയുന്ന ഒരു സെല്ലിൽ അവിടെ 12 പേരായിരുന്നു ഉണ്ടായിരുന്നത്. ശരിയായി ഒന്ന് ഇരിക്കാൻ പോലും കഴിയാത്ത വിധം ദുസഹം ആയിരുന്നു അവിടം. മോഷ്ടാക്കളും പോക്കറ്റടിക്കാരുമായ കൗമാരക്കാരോടൊപ്പം ആയിരുന്നു ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ എനിക്ക് കഴിയേണ്ടി വന്നത്. ഒരു കൊലപാതക കേസിൽ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരാളായിരുന്നു ആ വാർഡിന്റെ നേതാവ്. എന്നാൽ അടിയന്തരാവസ്ഥക്കെതിരായി പ്രതികരിച്ചതിനാണ് എന്നെ അറസ്റ്റ് ചെയ്തത് എന്ന് അറിഞ്ഞപ്പോൾ ആ നേതാവിന് എന്നോട് സഹതാപം തോന്നി. അദ്ദേഹം രാഷ്ട്രീയക്കാർ താമസിക്കുന്ന വാർഡിലേക്ക് എന്നെ കുറിച്ചുള്ള സന്ദേശം അറിയിച്ചു. അടുത്ത ദിവസം, വാർഡ് നമ്പർ 11-ൽ നിന്നുള്ള മൂന്ന് പേർ എന്നെ കാണാൻ വന്നു. അവരിൽ രണ്ടുപേരെ എനിക്കറിയാമായിരുന്നു, മഹാവീർ സിംഗ്, നരേഷ് ഗൗർ. അവർ എന്നെ രാഷ്ട്രീയ വാർഡിലേക്ക് കൊണ്ടുപോയി, അവിടെ തടവുകാർക്കുള്ള എല്ലാ ക്രമീകരണങ്ങളും ആർഎസ്‌എസ് പ്രവർത്തകർ ആയിരുന്നു നോക്കിനടത്തിയിരുന്നത്.
പോലീസ് അറസ്റ്റ് ചെയ്ത് വലിച്ചിഴച്ചു കൊണ്ടുപോകുന്നതിനിടയിൽ എന്റെ കാലിൽ വലിയൊരു മുറിവ് ഉണ്ടായിരുന്നു. രക്തം കട്ട പിടിച്ചിരുന്ന ആ മുറിവ് കണ്ട ആർഎസ്‌എസ് പ്രവർത്തകർ എനിക്ക് കുളിക്കാനായി ചൂടുവെള്ളം നൽകി. എന്നെ ജയിലിലെ ഡിസ്പെൻസറിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും എനിക്കുള്ള മരുന്നുകൾ തന്നു. തുടർന്ന് എന്റെ മുറിവുകളിൽ അവർ മരുന്നു വെച്ച് തന്നു. ഭക്ഷണവും മരുന്നും തന്ന ശേഷം അവർ എന്നോട് ഉറങ്ങിക്കോളാൻ പറഞ്ഞു. അടിയന്തരാവസ്ഥയിൽ അറസ്റ്റ് ചെയ്യപ്പെട്ട രാഷ്ട്രീയക്കാർക്കുള്ള ആ തടവറയിലെ തടവുകാരിൽ ആർഎസ്‌എസ്, ജമാഅത്തെ ഇസ്ലാമി, ജനസംഘം, സമാജ്‌വാദി പാർട്ടി എന്നീ സംഘടനകളിൽ നിന്നുള്ളവരെല്ലാം ഉണ്ടായിരുന്നു. പുറത്തെ ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് അവിടെയുള്ള ആർക്കും അറിയില്ലായിരുന്നു. 19 മാസങ്ങൾക്ക് ശേഷം 1977 മാർച്ചിൽ, അടിയന്തരാവസ്ഥ നിയന്ത്രണങ്ങൾ നീക്കിയപ്പോൾ ആണ് ഞങ്ങൾക്കെല്ലാം മോചനം ലഭിച്ചത്.
19 മാസത്തെ മാധ്യമ വിലക്കുകൾ മൂലം വാർത്തകൾ ഒന്നും പുറത്തു പോകാത്തതിനാൽ ജനങ്ങൾ എല്ലാം മറന്നിരിക്കുമെന്ന് ഇന്ദിരാഗാന്ധി കരുതി. രാജ്യത്ത് വീണ്ടുമൊരു പൊതു തിരഞ്ഞെടുപ്പ് നടത്താൻ അതാണ് അവരെ പ്രേരിപ്പിച്ചത്. ഞങ്ങളാൽ കഴിയാവുന്നത് എന്തെങ്കിലും ചെയ്യണമെന്ന് അപ്പോൾ ഞങ്ങൾക്ക് തോന്നി. ഒരു പൊതുയോഗം നടത്തണമെന്നായിരുന്നു ഞങ്ങൾ ആദ്യം തീരുമാനിച്ചത്. ജനസംഘ നേതാക്കളായ കൻവർ ലാൽ ഗുപ്ത, മദൻ ലാൽ ഖുറാന എന്നിവരാണ് രാംലീല മൈതാനിയിൽ ഒരു പൊതു റാലി നടത്താമെന്ന് വ്യക്തമാക്കിയത്. എന്നാൽ യോഗം തുടങ്ങുന്നതിന് രണ്ടു മണിക്കൂർ മുമ്പ് തന്നെ ഞങ്ങളുടെ എല്ലാ ആശങ്കകളും അസ്ഥാനത്താക്കിക്കൊണ്ട് രാംലീല മൈതാനി ജനസാഗരമായി തിങ്ങിനിറഞ്ഞു. ചൗധരി ചരൺ സിംഗ്, മൊറാർജി ദേശായി, അടൽ ബിഹാരി വാജ്‌പേയി തുടങ്ങിയ ഉന്നത നേതാക്കൾക്ക് വേദിയിൽ എത്താൻ പോലും കഴിയാത്ത അവസ്ഥയായി. ജനക്കൂട്ടം പിന്നീട് റോഡുകളിലേക്കും ഒഴുകി. ആ കാഴ്ചയിൽ നിന്ന് തന്നെ അടുത്ത തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കും എന്ന് ഞങ്ങൾക്ക് ഊഹിക്കാൻ കഴിഞ്ഞു. ഇന്ദിരാഗാന്ധിക്കും കുടുംബത്തിനും ജനങ്ങൾ നൽകാൻ പോകുന്ന വിധി എന്താണെന്ന് ആ ആൾക്കൂട്ടം ഞങ്ങൾക്ക് മനസ്സിലാക്കി തന്നു.
രാംലീല മൈതാനത്തേക്ക് ആളുകൾ പോകുന്നത് തടയാൻ സർക്കാർ നിയന്ത്രണത്തിലുള്ള ദൂരദർശൻ രാജ് കപൂറിന്റെ പുതിയ ഹിറ്റ് സിനിമയായ ‘ബോബി’ ടെലിവിഷനിൽ സംപ്രേഷണം ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ ജയപ്രകാശ് നാരായണൻ, മൊറാർജി ഭായ്, വാജ്‌പേയി എന്നിവർ സംസാരിക്കുന്നത് കാണാൻ ലക്ഷക്കണക്കിന് ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങി. അന്ന് രാംലീല മൈതാനിയിൽ എഴുതപ്പെട്ടത് ചരിത്രമായിരുന്നു. പൊതു തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയും മകൻ സഞ്ജയ് ഗാന്ധിയും വൻ തോൽവി ഏറ്റുവാങ്ങി. റായ്ബറേലി, അമേഠി എന്നീ മണ്ഡലങ്ങളിൽ നിർണായകമായ ഭൂരിപക്ഷത്തിൽ ആയിരുന്നു ഇരുവരും പരാജയപ്പെട്ടത്. വടക്കേ ഇന്ത്യയിലുടനീളം കോൺഗ്രസ് പാർട്ടി തകർന്നു. തിരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്യമായി അറിയാൻ ആയിരക്കണക്കിന് ആളുകൾ പത്ര ഓഫീസുകൾക്ക് പുറത്ത് രാത്രി മുഴുവൻ ചെലവഴിച്ചു. തെരുവുകളിൽ ജനങ്ങൾ സന്തോഷത്തോടെ നൃത്തം ചെയ്തു. ഇപ്പോൾ 50 വർഷങ്ങൾ കടന്നു പോയിരിക്കുന്നു. പക്ഷേ ആ ദിവസങ്ങൾ ഒരിക്കലും മനസ്സിൽ നിന്നും മായില്ല. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കപ്പെട്ട ദിവസങ്ങൾ ആയിരുന്നു അത്”, : രജത് ശർമ്മ വ്യക്തമാക്കി. ഇന്ത്യ ടിവിയിലെ ഏറെ പ്രേക്ഷകപ്രീതിയുള്ള ആജ് കി ബാത്ത് പരിപാടിയിലൂടെ ആയിരുന്നു രജത് ശർമ്മ തന്റെ അടിയന്തരാവസ്ഥക്കാലത്തെ അനുഭവങ്ങൾ തുറന്നുപറഞ്ഞത്.
Discussion about this post