Saturday, October 25, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

by Brave India Desk
Jul 6, 2025, 11:23 am IST
in Special, Article
Share on FacebookTweetWhatsAppTelegram

കൂത്തുപറമ്പ് വെടിവെപ്പ് കാലത്ത് തലശ്ശേരി എ.എസ്.പി ആയിരുന്ന രവത ചന്ദ്രശേഖറിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നതോടെ കേരളത്തെ ഞെട്ടിച്ച ആ വെടിവെപ്പ് വീണ്ടും ചർച്ചയായി. 1994 നവംബർ 25 ന്‌ കൂത്തുപറമ്പിൽ സഹകരണബാങ്ക് സായാഹ്ന ശാഖ ഉദ്ഘാടനത്തിനെത്തിയ മന്ത്രി എം. വി രാഘവനെതിരെ പ്രതിഷേധവുമായെത്തിയ ഡി.വൈ.എഫ്.ഐ – സിപിഎം പ്രവർത്തകരെ പോലീസ് നേരിട്ടതിനെ തുടർന്ന് 5 ഡി.വൈ.എഫ്.ഐക്കാർ കൊല്ലപ്പെട്ട ദാരുണമായ സംഭവമാണ് കൂത്തുപറമ്പ് വെടിവെപ്പ് .  അന്ന് നിരവധി പേർക്ക് പരിക്കേറ്റു. കഴുത്തിൽ വെടിയേറ്റതിനെ തുടർന്ന് ശരീരം തളർന്ന് കിടപ്പിലായ പുഷ്പൻ പാർട്ടിയുടെ പോരാട്ടത്തിന്റെ പ്രതീകവുമായി . കൂത്തുപറമ്പ് സംഭവത്തിന് മുപ്പത് വർഷങ്ങൾ തികയാൻ മാസങ്ങൾ ബാക്കി നിൽക്കെ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കഷ്ടപ്പാടിന്റെ ശരശയ്യയിൽ നിന്നും ജീവിതത്തിൽ നിന്നും പുഷ്പനും വിടവാങ്ങി.

ആ സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും അതിനു മുൻപേ തന്നെ അവസാനിച്ചിരുന്നു. എംവി രാഘവന്റെ അവസാന കാലത്ത് പകയും വിദ്വേഷവും ഉപേക്ഷിച്ച് മാർക്സിസ്റ്റ് പാർട്ടി നേതാക്കൾ രാഘവനെ കണ്ടു.  എം വി രാഘവന്റെ മകനും മാദ്ധ്യമ പ്രവർത്തകനുമായ എം.വി നികേഷ് കുമാർ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിയായി. ഒടുവിൽ മാദ്ധ്യമ പ്രവർത്തനം ഉപേക്ഷിച്ച് പൂർണമായും പാർട്ടിക്കാരനുമായി.  സ്വാശ്രയ കോളേജിനും വിദ്യാഭ്യാസത്തെ സ്വകാര്യവത്കരിക്കുന്നതിനുമെതിരെ നടത്തിയ സമരവും കാലമേറെ കഴിഞ്ഞപ്പോൾ അപ്രസക്തമായി. സിപിഎമ്മിന്റെ സർക്കാർ തന്നെ സ്വകാര്യ സർവകലാശാല ബിൽ പാസാക്കുകയും ചെയ്തു.

Stories you may like

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

തെറ്റുകൾ ചെയ്യുന്നതും പതിറ്റാണ്ടുകൾ കഴിഞ്ഞ് അത് തിരുത്തുന്നതും ചെയ്തത് തെറ്റാണെന്ന് തിരിച്ചറിയുന്നതുമൊക്കെ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ആദ്യത്തെ അനുഭവമല്ല. ഇതുപോലെ നിരവധി അനുഭവങ്ങളിൽ കൂടി കടന്നു പോയിത്തന്നെയാണ് അവർ ഇവിടം വരെയെത്തിയത്. ആവേശത്തോടെ ഇന്നും പറയുന്ന കയ്യൂർ സമരത്തിൽ പോലും ഈ കരണം മറിയൽ കാണാം . പാർട്ടി ബ്രിട്ടനെ എതിർത്ത കാലത്ത് സമരം നടത്തി പ്രതികളായ കയ്യൂരിലെ സഖാക്കൾ പിന്നീട് തൂക്കിലേറ്റപ്പെടുമ്പോൾ പാർട്ടി ബ്രിട്ടനൊപ്പമായിരുന്നു എന്നത് ചരിത്രമാണ്.  അതുപോലെ തന്നെയാണിപ്പോൾ കൂത്തുപറമ്പ് സംഭവവും. അഞ്ച് സഖാക്കളുടെ ജീവൻ നഷ്ടമായപ്പോൾ  ആ നഷ്ടം അവരുടെ കുടുംബത്തിനു മാത്രമായി. ഓരോരുത്തർക്കും വേണ്ടി  പാർട്ടി അന്ന് മുപ്പത് ലക്ഷം പിരിച്ചെന്നും പതിനഞ്ച് ലക്ഷം മാത്രമേ കുടുംബങ്ങൾക്ക് കൊടുത്തുള്ളൂവെന്നും എം.വി രാഘവൻ പിന്നീട് പരിഹസിച്ചിരുന്നു.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കോളിളക്കം സൃഷ്ടിച്ച സംഭവം ഇന്ന് ചർച്ചയാകുമ്പോൾ രവത ചന്ദ്രശേഖറിന്റെ നിയമനം പദ്മനാഭൻ നായർ കമ്മീഷനെ വെച്ചാണ് സിപിഎം പ്രതിരോധം തീർക്കുന്നത്. രവത ചന്ദ്രശേഖർ സംഭവത്തിന് ഒരു ദിവസം മാത്രം മുൻപ് ചാർജെടുത്ത ഉദ്യോഗസ്ഥനായിരുന്നെന്നും അതിന്റെ പരിചയക്കുറവ് അദ്ദേഹത്തിനുണ്ടായിരുന്നെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഈ സംഭവത്തിന്റെ ഉത്തരവാദിയായി കാണാൻ കഴിയില്ലെന്നും കമ്മീഷൻ പറഞ്ഞിരുന്നു. ഈ കണ്ടെത്തൽ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കണ്ണൂർ ജില്ല സെക്രട്ടറി കെകെ രാഗേഷും മറ്റ് സിപിഎം നേതാക്കളും രവത ചന്ദ്രശേഖറിന്റെ നിയമനത്തെ ന്യായീകരിക്കുന്നത്.

എന്തായിരുന്നു അന്ന് കൂത്തുപറമ്പിൽ സംഭവിച്ചത് ? അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ട വെടിവെപ്പ് എങ്ങനെയുണ്ടായി ? എന്തിനാണ് ഡി.വൈ.എഫ്.ഐക്കാർ രാഘവനെ തടയുന്നത് ? പോലീസും മന്ത്രിയായിരുന്ന രാഘവനും ഗൂഢാലോചന നടത്തിയാണോ വെടിവെച്ചത് ?  ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം വേണമെങ്കിൽ നമുക്കൽപ്പം കൂടി പിന്നോട്ട് പോകേണ്ടി വരും. അതായത് കൂത്തുപറമ്പിന്റെ തുടക്കം 1994 ലല്ല സംഭവിച്ചത്.  കൃത്യമായി പറഞ്ഞാൽ അതിന്റെ തുടക്കം 1986 ജൂൺ 23 നാണ്.

കണ്ണൂർ ജില്ലയിലെ കിരീടം വയ്ക്കാത്ത രാജാവും തന്റേടിയും കരുത്തനുമായ എം.വി രാഘവനെന്ന എം.വി.ആറിനെ അന്നാണ് സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.  ലീഗുമായും കോൺഗ്രസുമായും സഹകരിക്കണമെന്ന ബദൽ രേഖ മുന്നോട്ട് വെച്ചതിനെ തുടർന്നുണ്ടായ പൊട്ടിത്തെറിയിലായിരുന്നു രാഘവന്റെ പുറത്താകൽ. ബദൽ രേഖക്കുള്ള ആശയം സാക്ഷാൽ ഇ.കെ നായനാരിന്റേതായിരുന്നു എന്ന് രാഘവൻ പറയുന്നു. പക്ഷേ പാർട്ടിയിൽ ചർച്ച ആരംഭിച്ചപ്പോൾ , പാർട്ടി അച്ചടക്കത്തിന്റെ വാളെടുത്തപ്പോൾ നായനാർ കാലുമാറി രാഘവനെ വഞ്ചിച്ചു. പറഞ്ഞതിൽ ഉറച്ചു നിന്ന രാഘവൻ ആദ്യം സസ്പെൻഷനിലായി. പിന്നെ പുറത്താക്കപ്പെട്ടു.  ലീഗുമായോ കോൺഗ്രസുമായോ കേരള കോൺഗ്രസുമായോ ഏത് മുള്ളുമുരിക്ക് മൂർഖൻ  പാമ്പുമായോ സഖ്യമാകാം ബിജെപിയെ തോൽപ്പിക്കാൻ എന്ന ലൈനിലാണ് ഇപ്പോൾ സിപിഎമ്മെന്നത് വർത്തമാന കാലത്തെ തമാശ.

പാർട്ടിയിൽ നിന്ന് പുറത്തായ രാഘവനെ സിപിഎം ക്രൂരമായി വേട്ടയാടി. ടിപി ചന്ദ്രശേഖരനെതിരെ ഇന്നോവയിൽ ക്രിമിനൽ സംഘത്തെ വിട്ട പോലെ രാഘവനെ ആക്രമിക്കാൻ നിരന്തര ശ്രമങ്ങളുണ്ടായി. 1986 ജൂലൈ 27 ന് സി‌എം‌പി എന്ന കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി രാഘവന്റെ നേതൃത്വത്തിൽ പിറവിയെടുത്തതോടെ ആക്രമണം രൂക്ഷമായി. പാപ്പിനിശ്ശേർ വിഷ ചികിത്സ കേന്ദ്രത്തിലെത്തിയ രാഘവനെ സിപിഎമ്മുകാർ ആക്രമിച്ച് പരിക്കേൽപ്പിച്ചു. 1987 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ അഴീക്കോട് നിന്ന് മത്സരിച്ച രാഘവൻ കുറഞ്ഞ ഭൂരിപക്ഷത്തിനാണെങ്കിലും വിജയിച്ചു. ഇ.പി ജയരാജനെ എതിർ സ്ഥാനാർത്ഥിയാക്കി എല്ലാ അടവും അക്രമവും പയറ്റിയിട്ടും രാഘവൻ ജയിച്ചത് സിപിഎമ്മിന്‌ ക്ഷീണമായി. നായനാർ മന്ത്രിസഭ ഭരണത്തിലേറിയതോടെ എം.വി രാഘവന്റെയും സി.എം.പിയുടേയും കഷ്ടകാലം ആരംഭിച്ചു. രാഘവൻ പ്രസിഡന്റായ എകെജി സ്മാരക സഹകരണ ആശുപത്രിയിൽ തിരഞ്ഞെടുപ്പ് നടത്തി രാഘവന്റെ ഭരണ സമിതിയെ പുറത്താക്കുകയായിരുന്നു ആദ്യം ചെയ്തത്.

അതിനു വേണ്ടി ഭരണത്തിന്റെ എല്ലാ സ്വാധീനവുമുപയോഗിച്ച് പുതിയ മെംബർമാരെ ചേർക്കുകയും കള്ളവോട്ടിടുകയും സിപിഎമ്മുകാരല്ലാത്തവരെ വോട്ട് ചെയ്യാൻ അനുവദിക്കാതിരിക്കുകയും ചെയ്തു. ഭരണ സമിതി പ്രസിഡന്റായ എം.വി രാഘവന് പോലും വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. അത് മറ്റാരോ ചെയ്തിരുന്നു. നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് എം.വി രാഘവൻ സബ്മിഷൻ ഉന്നയിക്കുകയും അത് പിന്നീട് കയ്യാങ്കളിയിലെത്തുകയും ചെയ്തു. രാഘവൻ അടി തട പഠിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ രാഘവനെ സഭയിലിട്ട് ചവിട്ടിക്കൂട്ടി. അതും പോരാഞ്ഞ് 15 ദിവസത്തേക്ക് സഭയിൽ നിന്ന് സസ്പെൻഡും ചെയ്തു.

ജില്ല കൗൺസിൽ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ അഞ്ച് വർഷം തികയ്ക്കുന്നതിനു മുൻപ് നിയമസഭ പിരിച്ച് വിട്ട് സിപിഎം തിരഞ്ഞെടുപ്പിനെ നേരിട്ടു. പക്ഷേ വിജയിച്ചത് യുഡിഎഫായിരുന്നു. 1991 ൽ കെ. കരുണാകരൻ മന്ത്രിസഭ അധികാരത്തിലേറി.  യുഡിഎഫ് പാളയത്തിൽ നിന്ന്  കഴക്കൂട്ടത്ത്  മത്സരിച്ച് ജയിച്ച  എം.വി രാഘവൻ സഹകരണ മന്ത്രിയുമായി.

എകെജി ആശുപത്രി തിരിച്ചു പിടിക്കുക എന്നത് പ്രധാന ലക്ഷ്യമായെടുത്ത രാഘവൻ സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പുതിയ ബിൽ അവതരിപ്പിച്ചു. അംഗങ്ങൾക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് , ഭരണ സമിതിയുടെ കാലാവധി മൂന്നുവർഷമാക്കൽ എന്നിവയായിരുന്നു പ്രധാന വ്യവസ്ഥകൾ. ബിൽ പാസാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് സിപിഎം നേതൃത്വത്തിലുള്ള പ്രതിപക്ഷം ഉയർത്തിയത്. മന്ത്രിയെ റോഡിലിറങ്ങാൻ അനുവദിക്കില്ലെന്ന് പിണറായി വിജയൻ പറഞ്ഞതായി എം.വി രാഘവൻ ആത്മകഥയിൽ അനുസ്മരിക്കുന്നുണ്ട്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് യാത്ര ചെയ്തപ്പോൾ കമ്പാർട്ട്മെന്റിനു നേരെ കണ്ണൂർ വരെ കല്ലേറുണ്ടായെന്നും ആത്മകഥയിലുണ്ട്.

1993 ഫെബ്രുവരി 10 ന്‌ എകെജി സഹകരണ ആശുപത്രിയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇരുപക്ഷവും അതിശക്തമായ പ്രചാരണങ്ങൾ ആരംഭിച്ചു. സിപിഎം പിടിച്ചെടുത്തതിനു ശേഷം ചേർക്കപ്പെട്ട നാലായിരത്തി അറുനൂറോളം അംഗങ്ങളുടെ വോട്ടവകാശം എടുത്തുകളഞ്ഞു. നിയമവിധേയമല്ലാതെ അംഗങ്ങളാക്കി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി. ഇതോടെ സിപിഎം ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹൈക്കോടതി വോട്ടവകാശം എടുത്തുകളഞ്ഞ നടപടി ശരിവെച്ചു.

തിരഞ്ഞെടുപ്പ് നടന്നാൽ ഭരണം കയ്യിൽ നിന്ന് പോകും എന്ന് മനസ്സിലായതോടെ അക്രമത്തിലൂടെ പ്രതിരോധിക്കാനായിരുന്നു സിപിഎമ്മിന്റെ ശ്രമം. തിരഞ്ഞെടുപ്പിന് 48 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചു. നിരവധി അക്രമങ്ങളും അരങ്ങേറി.  എങ്കിലും തിരഞ്ഞെടുപ്പ് നടന്നു. സിപിഎം തോറ്റു. എകെജി ആശുപത്രിയുടെ ഭരണം രാഘവൻ തന്നെ നേടിയെടുത്തു. സി.എം.പി നേതാവ് ടിപി ഹരീന്ദ്രൻ പ്രസിഡന്റായി.

പിന്നെ കണ്ണൂർ ജില്ല കണ്ടത് ക്രൂരമായ ആക്രമണങ്ങളായിരുന്നു. രാഘവനുമായി ബന്ധമുള്ളതെന്തും നശിപ്പിക്കാൻ സിപിഎം മത്സരിച്ചു. അക്കാലത്താണ് പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രം ആക്രമിച്ച് രാജവെമ്പാലയേയും ചീങ്കണ്ണികളേയും കൊന്നത്. പാമ്പ് വളർത്തൽ കേന്ദ്രത്തിന് തീയിടുകയായിരുന്നു. സി.എം.പി നേതാക്കളുടെ വീടുകൾ തകർത്തു. പലരേയും ആക്രമിച്ചു. അന്തരീക്ഷം ആകെ സംഘർഷമയമായി.

എം.വി.ആർ ചീഫ് പ്രൊമോട്ടറായ പരിയാരം മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടയിലായിരുന്നു കൂത്തുപറമ്പ് സംഭവം. അതായത് കൂത്തുപറമ്പ് സംഭവം യാദൃശ്ചികമായിരുന്നില്ല. സിപിഎമ്മും എം.വി.ആറും തമ്മിൽ നിരന്തര സംഘർഷങ്ങൾ നടക്കുന്നതിനിടയിലായിരുന്നു അതുണ്ടായത്.  രാഘവനെ കണ്ണൂരിൽ സമാധാനപരമായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് സിപിഎമ്മും എങ്കിൽ അതൊന്നു  കാണണമെന്ന് രാഘവനും തീരുമാനിച്ചതോടെയാണ് കൂത്തുപറമ്പ് കുരുതിക്കളമായത്.

1994 നവംബർ 25 .  കൂത്തുപറമ്പിൽ സഹകരണബാങ്കിന്റെ സായാഹ്ന ശാഖ ഉദ്ഘാടനം ചെയ്യാൻ രാഘവനെത്തുന്നു എന്നറിഞ്ഞതോടെ ശക്തമായ പ്രതിഷേധത്തിന് ഡി.വൈ.എഫ്.ഐ ആഹ്വാനം.  ഒരു മണിക്കൂറിലധികം വൈകി രാഘവനെത്തിയതോടെ റോഡ് സൈഡിൽ ഉണ്ടായിരുന്ന ഏതാണ്ട് രണ്ടായിരത്തിലധികം വരുന്ന പ്രവർത്തകർ എന്തിനും തയ്യാറായി നിലകൊണ്ടു. രാഘവന്റെ വാഹന വ്യൂഹം ഉദ്ഘാടനം നടക്കുന്ന ഠൗൺ ഹാളിനെ സമീപമെത്തിയതോടെ ലാത്തിച്ചാർജ്ജ് ആരംഭിച്ചു. തുടർന്ന് ശക്തമായ കല്ലേറുണ്ടായി.  അതിരൂക്ഷമായ സംഘർഷം നടന്നു.  ഡി.വൈ.എസ്.പി ഹക്കിം ബത്തേരി, എ.എസ്.പി രവത ചന്ദ്രശേഖർ തുടങ്ങിയവരായിരുന്നു പോലീസ് നടപടിക്ക് നേതൃത്വം നൽകിയത്.  ഡെപ്യൂട്ടി കളക്ടർ ടി.ടി ആന്റണിക്കായിരുന്നു ഉത്തരവാദിത്വം.

ഠൗൺ ഹോളിൽ നേരത്തെ കയറിയ ഡി.വൈ.എഫ്.ഐക്കാർ തന്നെ കസേര കൊണ്ട് ആക്രമിച്ചതായി രാഘവൻ ആരോപിച്ചിരുന്നു. ഗൺമാൻ തടുത്തത് കൊണ്ട് അടിയേറ്റില്ല എന്നും രാഘവൻ വ്യക്തമാക്കുന്നു. എന്തായാലും സംഘർഷം രൂക്ഷമായതോടെ വെടിവെപ്പുണ്ടായി. അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. കൂത്തുപറമ്പ് സംഭവത്തിന്റെ പേരിൽ കേരളത്തെ ഞെട്ടിക്കുന്ന രീതിയിലുള്ള അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. നിരവധി സർക്കാർ ഓഫീസുകളും സഹകരണ സ്ഥാപനങ്ങളും തീവെച്ചു നശിപ്പിച്ചു. രാഘവന്റെ കുടുംബവീട് പൂർണമായും കത്തിച്ചുകളഞ്ഞു. സി.എം.പി നേതാക്കളുടെ വീടുകൾ മിക്കവാറും കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. അങ്ങനെ സമാനതകളില്ലാത്ത അക്രമസംഭവങ്ങളാണ് അരങ്ങേറിയത്.

ഡിജിപി രവത ചന്ദ്രശേഖർ രണ്ടുദിവസം മുൻപ് വന്ന് ചാർജെടുത്ത ഉദ്യോഗസ്ഥനായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് ഒന്നും അറിയില്ലായിരുന്നു എന്ന് പദ്മനാഭൻ നായർ കമ്മീഷൻ പറയുന്നുവെന്നാണല്ലോ സിപിഎമ്മിന്റെ ഇപ്പോഴത്തെ പ്രതിരോധം.  കമ്മീഷൻ റിപ്പോർട്ടിൽ രവത ചന്ദ്രശേഖറിനെ കുറ്റപ്പെടുത്തിയിട്ടുമില്ല. ഇതും സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.  ഇതെല്ലാം ശരിയാണ്.  രവത ചന്ദ്രശേഖർ വെടിവെപ്പിൽ കുറ്റക്കാരനല്ലെന്ന് കമ്മീഷൻ വ്യക്തമാക്കുന്നുണ്ട്.  മന്ത്രി എം.വി രാഘവനേയും ഡി.വൈ.എസ്.പി ഹക്കിം ബത്തേരിയേയും ഡെപ്യൂട്ടി കളക്ടർ ടിടി ആന്റണിയേയുമാണ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നത്.

വളരെ സമാധാനപരമായി ജസ്റ്റ് ഒന്ന് കരിങ്കൊടി കാണിക്കാൻ മാത്രമായിരുന്നു തങ്ങളുദ്ദേശിച്ചതെന്നും രാഘവനെ തടയാൻ ആലോചിച്ചിട്ടില്ലെന്നുമാണ്  സിപിഎം നേതാക്കൾ കമ്മീഷനോട് പറഞ്ഞിട്ടുണ്ട്. അതെത്രത്തോളം സത്യമായിരിക്കുമെന്ന് മനസ്സിലാകാൻ വേണ്ടിയാണ് കൂത്തുപറമ്പ് സംഭവത്തിനു മുന്നേയുള്ള ചരിത്രം ഇവിടെ പറഞ്ഞത്.

ചോദ്യം അതല്ല.  രവത ചന്ദ്രശേഖർ രണ്ട് ദിവസം മുൻപ് മാത്രം ചാർജെടുത്ത ഉദ്യോഗസ്ഥനായിരുന്നു എന്ന കാര്യം പാർട്ടിക്ക് നേരത്തെ അറിയില്ലായിരുന്നോ ? ഭരണ കേന്ദ്രങ്ങളിൽ പിടിപാടുള്ള , സംസ്ഥാനം ഭരിച്ചിട്ടുള്ള സിപിഎമ്മിന് ആ ഒരു വിവരം കിട്ടാൻ പദ്മനാഭൻ നായർ കമ്മീഷൻ തന്നെ വേണമായിരുന്നോ ? കാരണം കമ്മീഷൻ രൂപീകരിച്ച് ആദ്യ സിറ്റിംഗ്  നടന്നത് സംഭവം കഴിഞ്ഞ് ആറുമാസത്തിനു ശേഷമായിരുന്നു.  അന്ന് കണ്ണൂർ ജില്ല സെക്രട്ടറിയായിരുന്ന എംവി ഗോവിന്ദനും ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന എം.വി ജയരാജനും രവത ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ചതിന്റെ വിശദ വിവരങ്ങൾ പദ്മനാഭൻ നായർ കമ്മീഷൻ റിപ്പോർട്ടിലുണ്ട്. എ.എസ്.പിയും പോലീസുകാരും തന്നെ ക്രൂരമായി തല്ലിച്ചതച്ചെന്നും എ.എസ്.പിയുടെ നിർദ്ദേശമനുസരിച്ച് മാദ്ധ്യമങ്ങളുടെ ക്യാമറയിലെ റീലുകൾ നശിപ്പിച്ചെന്നുമാണ് കമ്മീഷനു കൊടുത്ത മൊഴിയിൽ പറയുന്നത്. രവതയും ഹക്കിം ബത്തേരിയും ടിടി ആന്റണിയും രാഘവനോട് സംസാരിച്ച് ഗൂഢാലോചന നടത്തിയാണ് വെടിവെച്ചത് എന്നുവരെ മൊഴിയിൽ പറയുന്നുണ്ട്.

എം. വി ഗോവിന്ദന്റെ രവത ചന്ദ്രശേഖറിനെതിരായ മൊഴി കമ്മീഷൻ രേഖപ്പെടുത്തിയത് ഇങ്ങനെ ..

The Dy.S.P and A.S.P shouted against the demonstrators, saying “You bastards, will you dare to show black flags to the minister” and “these dogs are destined to die”. The A.S.P said so in English and the Dy.S.P used his mean, uncultured and vulgar vernacular language to abuse the injured volunteers.

ഈ തന്തയ്ക്ക് പിറക്കാത്തവന്മാർ മന്ത്രിയെ കരിങ്കൊടി കാണിക്കുമത്രെ.  ഈ പട്ടികൾ ചാകേണ്ടവരാണ്.. എന്നൊക്കെ എ.എസ്.പി പറഞ്ഞുവെന്നാണ് ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറിയും അന്നത്തെ കണ്ണൂർ ജില്ല സെക്രട്ടറിയുമായ എം.വി ഗോവിന്ദൻ മാസ്റ്റർ മൊഴി നൽകിയിരിക്കുന്നത്.
രണ്ടു ദിവസം മുൻപ് മാത്രം ചാർജെടുത്ത ഉദ്യോഗസ്ഥൻ നിരപരാധിയായിരുന്നെങ്കിൽ പിന്നെ എന്തിനായിരുന്നു ഇത്തരം മൊഴികൾ കൊടുത്തതെന്ന ചോദ്യം ആരും ചോദിച്ചില്ലെങ്കിലും അണികളെങ്കിലും ചോദിക്കേണ്ടതുണ്ട്.

രവത ചന്ദ്രശേഖറിനെ കമ്മീഷൻ കുറ്റവിമുക്തനാക്കി എന്നാണല്ലോ സിപിഎം നേതാക്കൾ ഇപ്പോൾ പറയുന്നത്. അങ്ങനെയെങ്കിൽ കുറ്റവിമുക്തനായ ആൾക്കെതിരെ സിപിഎമ്മിന്റെ സർക്കാർ വന്നപ്പോൾ കേസിനു പോകേണ്ട കാര്യമുണ്ടായിരുന്നില്ലല്ലോ.  കമ്മീഷൻ റിപ്പോർട്ടിനു ശേഷമല്ലേ അതൊക്കെ നടന്നത്. പത്തനം‌തിട്ട എസ്.പി ആയിരുന്ന രവതയെ അറസ്റ്റ് ചെയ്യുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തത് നായനാർ സർക്കാരിന്റെ കാലത്താണ്.   രവത ചന്ദ്രശേഖർ വർഷങ്ങളോളം കേസ് പറഞ്ഞല്ലേ നിരപരാധിയെന്ന വിധി സമ്പാദിച്ചത് ?  സുപ്രീം കോടതിയിൽ വരെ സർക്കാർ കേസിനു പോയി. അവിടെയും കേസ് പറഞ്ഞാണ് രവത ചന്ദ്രശേഖർ ഒടുവിൽ വിട്ടയക്കപ്പെട്ടത്..
ഇതെല്ലാം പരമസത്യങ്ങളായിട്ടും ചാനലുകാർക്ക് മുന്നിലും പത്രസമ്മേളനങ്ങളിലും കമ്മീഷൻ റിപ്പോർട്ട് ഉദ്ധരിച്ച് പുതിയ ഡിജിപി നിരപരാധിയായിരുന്നെന്ന് പറയുകയാണ് സിപിഎം നേതാക്കൾ. ഇതിനൊക്കെ ചില്ലറ ഉളുപ്പൊന്നും പോരാതെ വരും.

ചുരുക്കത്തിൽ ഒരു പാർട്ടിയിലുണ്ടായ വിഭാഗീയതയായിരുന്നു കൂത്തുപറമ്പ് സംഭവത്തിന്റെ അടിസ്ഥാനകാരണം. പാർട്ടിയിൽ നിന്ന് പോയ കുലം കുത്തിയെ ഇല്ലാതാക്കാനുള്ള ശ്രമം സിപിഎമ്മിന്റെയെന്നല്ല കമ്യൂണിസ്റ്റ് പാർട്ടിയുടെ പൊതുസ്വഭാവമാണ്. അത് മുൻപും ഉണ്ട് , ഇപ്പോഴുമുണ്ട്.. ഇനിയുമുണ്ടാവുകയും ചെയ്യും. അതിന് ടിപി ചന്ദ്രശേഖരനെപ്പോലെ ഉദാഹരണങ്ങളും നിരവധിയാണ്. സാധാരണ പാർട്ടിയിൽ നിന്ന് പോയവർക്ക് പാർട്ടിയെ പ്രതിരോധിക്കാനുള്ള ചങ്കൂറ്റമുണ്ടാകാറില്ല. എന്നാൽ രാഘവൻ അങ്ങനെയായിരുന്നില്ല. തന്റെ തട്ടകത്തിൽ താൻ തല്ല് പഠിപ്പിച്ചവർ തന്നെ വെല്ലുവിളിക്കാനോ എന്ന ചോദ്യമായിരുന്നു രാഘവന്റെ ഉള്ളിൽ. ഈ പാർട്ടി വിഭാഗീയതയാണ് അതി ദാരുണമായ കൂത്തുപറമ്പ് സംഭവത്തിന് കാരണമായത്. സിപിഎമ്മിന് അഞ്ച് രക്തസാക്ഷികളേയും  ഒരു ജീവിക്കുന്ന രക്തസാക്ഷിയേയും നൽകിയാണ് ആ വിഭാഗീയത കത്തിക്കയറിയതും അവസാനിച്ചതും.

രവത ചന്ദ്രശേഖർ ഡിജിപിയാകാൻ അർഹനാണെങ്കിൽ അത് തന്നെയാണ് നടക്കേണ്ടത്. അതിൽ ഒരു സംശയവുമില്ല.. അതൊരു തെറ്റുമല്ല.   പക്ഷേ കൂത്തുപറമ്പുമായി ബന്ധപ്പെട്ട് ഒരു വിവാദമുണ്ടാവുമ്പോൾ സത്യസന്ധമായി അത് സമ്മതിച്ച് രവത ചന്ദ്രശേഖറിനെതിരെ തങ്ങൾ സ്വീകരിച്ച അന്ന് നടപടികൾ തെറ്റാണെന്ന് പറയുകയായിരുന്നു ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ സിപിഎം ചെയ്യേണ്ടിയിരുന്നത്.  തെറ്റുകയും പതിറ്റാണ്ടുകൾ കഴിഞ്ഞ് അയ്യോ തെറ്റായിരുന്നു എന്ന് പറയുന്നത് സിപിഎമ്മിന്ൊരു പുതുമയൊന്നുമല്ലല്ലോ.  അതിനു പകരം പദ്മനാഭൻ നായർ കമ്മീഷൻ കുറ്റവിമുക്തനാക്കി അതുകൊണ്ട് രവത ചന്ദ്രശേഖർ നല്ലൊന്നാന്തരം പോലീസ് ഓഫീസറാണ് എന്നൊക്കെ പറയുമ്പോൾ പഴയ ചരിത്ര രേഖകൾ നിങ്ങളെ നോക്കി പല്ലിളിക്കും .. അന്തങ്ങൾക്കെല്ലാം ഓകെ ആയിരിക്കും. പക്ഷേ എല്ലാവരും അന്തങ്ങളല്ലല്ലോ !

Tags: Pinarayi VijayanarticlePushpanSPECIALPremiumravada chandrasekharKoothuparambu
ShareTweetSendShare

Latest stories from this section

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

Naxalism, Maoism, Amit Shah, Basavaraju, Nambala Keshava Rao, Chhattisgarh, Naxal Encounter, Security Forces, CPI (Maoist), Anti-Naxal Operations, Operation Black Forest, Naxal leader death, Chhattisgarh encounter, Maoist insurgency

സ്വച്ഛഭാരതത്തിന് ഇങ്ങനെകൂടി ഒരർത്ഥമുണ്ട്.വൃത്തികെട്ട ഇടതു തീവ്രവാദം ഇല്ലാത്തിടം ! ജനാധിപത്യം ജയിക്കട്ടെ

Discussion about this post

Latest News

പാകിസ്താൻ ആണവായുധ നിയന്ത്രണം യുഎസിന് കൈമാറി:സിഐഎ മുൻ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

പാകിസ്താൻ ആണവായുധ നിയന്ത്രണം യുഎസിന് കൈമാറി:സിഐഎ മുൻ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

സച്ചിനും കപിലിനും കോഹ്‌ലിക്കും മുന്നിലാണ് അദ്ദേഹം, 200 സെഞ്ച്വറി വരെ നേടാൻ കഴിവുള്ള താരമായിരുന്നു: യോഗ്‌രാജ് സിംഗ്

സച്ചിനും കപിലിനും കോഹ്‌ലിക്കും മുന്നിലാണ് അദ്ദേഹം, 200 സെഞ്ച്വറി വരെ നേടാൻ കഴിവുള്ള താരമായിരുന്നു: യോഗ്‌രാജ് സിംഗ്

മഴ മുന്നറിയിപ്പിൽ മാറ്റം ; ഞായറാഴ്ച നിർണായകമാകും ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം ; ഞായറാഴ്ച നിർണായകമാകും ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പി വി അൻവറിന് ആശ്രയമാകാൻ ലീഗ് ; തദ്ദേശ തെരഞ്ഞെടുപ്പിൽ ഒപ്പം കൂട്ടാൻ തയ്യാറാണെന്ന് പി.എം.എ സലാം

പി വി അൻവറിന് ആശ്രയമാകാൻ ലീഗ് ; തദ്ദേശ തെരഞ്ഞെടുപ്പിൽ ഒപ്പം കൂട്ടാൻ തയ്യാറാണെന്ന് പി.എം.എ സലാം

ജമ്മു കശ്മീർ രാജ്യസഭാ തെരഞ്ഞെടുപ്പ് ; നാഷണൽ കോൺഫറൻസ് സഖ്യത്തിലെ മൂന്നുപേരും ഒരു ബിജെപി സ്ഥാനാർത്ഥിയും വിജയിച്ചു

ജമ്മു കശ്മീർ രാജ്യസഭാ തെരഞ്ഞെടുപ്പ് ; നാഷണൽ കോൺഫറൻസ് സഖ്യത്തിലെ മൂന്നുപേരും ഒരു ബിജെപി സ്ഥാനാർത്ഥിയും വിജയിച്ചു

കടൽശക്തി പ്രകടിപ്പിക്കാൻ ഇന്ത്യ… നാവിക ദിനാഘോഷം ശംഖുമുഖത്ത്

കടൽശക്തി പ്രകടിപ്പിക്കാൻ ഇന്ത്യ… നാവിക ദിനാഘോഷം ശംഖുമുഖത്ത്

13 വയസ്സുകാരിയുടെ കന്യകാത്വ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മദ്രസ ; വിസമ്മതിച്ചതോടെ പുറത്താക്കിയതായി പരാതി

13 വയസ്സുകാരിയുടെ കന്യകാത്വ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മദ്രസ ; വിസമ്മതിച്ചതോടെ പുറത്താക്കിയതായി പരാതി

15 കാരിയെ പീഡിപ്പിച്ചു; ഓർത്തഡോക്‌സ് സഭാ വൈദികനെതിരെ കേസ്; സഭാ ചുമതലകളിൽ നിന്നും നീക്കി

ആറുവയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത സ്വവർഗ പങ്കാളിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി പ്രതികാരം; പിന്നാലെ ജീവനൊടുക്കി പിതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies