ശ്രീനഗർ : കശ്മീരിലെ കുപ്വാരയിൽ സ്ഥിതി ചെയ്യുന്ന ശാരദ ദേവി ക്ഷേത്രം ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശാരദ സംസ്‌കാരത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ തുടക്കമാണിത് എന്നാണ് അദ്ദേഹം പറഞ്ഞത്. വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുത്തത്.
മാ ശാരദയുടെ ക്ഷേത്രം ഉദ്ഘാടനം ഒരു പുതിയ യുഗത്തിന്റെ തുടക്കമാണ് സൂചിപ്പിക്കുന്നത്. പുതുവർഷത്തോടനുബന്ധിച്ച് പുതുതായി നിർമ്മിച്ച മാ ശാരദ ക്ഷേത്രം ഭക്തർക്കായി തുറന്നിരിക്കുന്നു. ഇത് ഇന്ത്യയിലെമ്പാടുമുള്ള ഭക്തർക്ക് ശുഭ സൂചനയാണെന്നും അമിത് ഷാ പറഞ്ഞു.
ശാരദാപീഠത്തിന്റെ നേതൃത്വത്തിൽ പുരാണ ഗ്രന്ഥങ്ങൾ അനുസരിച്ചാണ് ഈ ക്ഷേത്രത്തിന്റെ വാസ്തുവിദ്യയും നിർമ്മാണവും പൂർത്തീകരിച്ചിട്ടുള്ളത്. ക്ഷേത്രത്തിന്റെ പുനർനിർമ്മാണം ശാരദ-സംസ്‌കാരത്തിന്റെ പുനരുജ്ജീവനത്തിനും ശാരദ ലിപിയുടെ പ്രോത്സാഹനത്തിനും പ്രധാനപ്പെട്ട ഒരു ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ക്ഷേത്രത്തിൽ നേരിട്ടെത്താൻ സാധിക്കാതിരുന്നതിൽ ഖേദം പ്രകടിപ്പിച്ച ആഭ്യന്തര മന്ത്രി, അടുത്ത ജമ്മു കശ്മീർ സന്ദർശനത്തിൽ തീർച്ചയായും ക്ഷേത്രിലെത്തുമെന്നും പറഞ്ഞു.
ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിന് വേണ്ടി വർഷങ്ങളായി പോരാട്ടം നടത്തുന്ന സേവ് ശാരദ കമ്മിറ്റി പ്രസിഡന്റ് രവീന്ദർ പണ്ഡിതയ്ക്ക് ആശംസകളും നന്ദിയും അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. കർാതർപൂർ ഇടനാഴിയുടെ മാതൃകയിൽ ശാരദാപീഠം തുറക്കണമെന്ന രവീന്ദർ പണ്ഡിതയുടെ ആവശ്യം ചൂണ്ടിക്കാട്ടിയ കേന്ദ്ര ആഭ്യന്തരമന്ത്രി, തീർച്ചയായും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടുമെന്നും പറഞ്ഞു.
മാതാ ശാരദാ ദേവിയുടെ അനുഗ്രഹം കൊണ്ടും നിയന്ത്രണ രേഖയുടെ ഇരുവശങ്ങളിലുമുള്ള സമൂഹത്തിന്റെ കൂട്ടായ പരിശ്രമത്താലുമാണ് ഇത് സാധ്യമായത്. ഒരുകാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിദ്യാഭ്യാസ കേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന സ്ഥലമാണ് ശാരദാ പീഠം. ഈ നടപടി ഒരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണം മാത്രമല്ല, ശാരദ സംസ്‌കാരത്തെ പുനരുജ്ജീവിപ്പിക്കുകയാണ് ഇതിലൂടെ ചെയ്തത് എന്നും അദ്ദേഹം കൂട്ടിച്ചേത്തു.
ജമ്മു കശ്മീരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാ പദ്ധതികളും നടപ്പിലാക്കിയതിന് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെ അഭിനന്ദിച്ച അമിത് ഷാ, അദ്ദേഹം ആവേശത്തോടെ പ്രവർത്തിച്ച രീതി പ്രശംസനീയമാണെന്ന് പറഞ്ഞു. മോദിയുടെ നേതൃത്വത്തിൽ, കേന്ദ്ര ഭരണപ്രദേശത്ത് വ്യാവസായിക നിക്ഷേപം കൊണ്ടുവരുന്നതിൽ സിൻഹ വലിയ പങ്കുവഹിച്ചു. ഇതിന് ഭരണകൂടത്തെയും മനോജ് സിൻഹയെയും താൻ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.











