ന്യൂഡൽഹി : വർഷങ്ങൾക്ക് മുൻപ് കോൺഗ്രസ് തകരുമെന്ന് ഉറപ്പായിരുന്ന സമയത്ത് കൂടുതൽ നേതാക്കൾ പാർട്ടി വിട്ടുപോകുന്നുവെന്ന് പറഞ്ഞപ്പോൾ, ”അവർ പോകട്ടെ” എന്നായിരുന്നു രാഹുലിന്റെ മറുപടിയെന്ന് മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ആസാദ് എന്ന അദ്ദേഹത്തിന്റെ ആത്മകഥയിലാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനങ്ങളെ വിമർശിക്കുന്നത്. 2022 ഓഗസ്റ്റിൽ കോൺഗ്രസ് വിട്ട് സ്വന്തമായി പ്രാദേശിക പാർട്ടി ആരംഭിച്ച ആസാദ് സോണിയ ഗാന്ധിയെയും വിമർശിക്കുന്നുണ്ട്. ‘വരാനിരിക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങൾ മനസ്സിലാക്കിയിട്ടും’ അവർ സ്വന്തമായി തീരുമാനങ്ങളെടുത്തില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2015 ലാണ് കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പാർട്ടി വിട്ടത്. അദ്ദേഹത്തോടൊപ്പം 10 എംഎൽഎമാരും കോൺഗ്രസ് വിട്ടിരുന്നു. ഇക്കാര്യം രാഹുലിനോട് നേരത്തെ സൂചിപ്പിച്ചിരുന്നുവെന്നാണ് ആസാദ് പറയുന്നത്.
എന്നാൽ അയാൾ പോകട്ടെ എന്നായിരുന്നു രാഹുലിന്റെ മറുപടി. ആര് പോയാലും നേതൃത്വത്തിൽ മാറ്റം സംഭവിക്കില്ലെന്ന് രാഹുൽ വിശ്വസിച്ചു. ഹിമന്ത ബിശ്വ ശർമ്മയ്ക്ക് കൂടുതൽ എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് പറഞ്ഞെങ്കിലും രാഹുൽ അത് നിരസിക്കുകയായിരുന്നു എന്ന് ഗുലാം നബി ആസാദ് പറയുന്നു. രാഹുലിന്റെ തീരുമാനങ്ങളാണ് അന്ന് അദ്ദേഹം പാർട്ടി വിടാൻ കാരണമായത് എന്ന് ആസാദ് ചൂണ്ടിക്കാട്ടി.
ഇതിൽ ഇടപെടാൻ സോണിയ ഗാന്ധിയും തയ്യാറായില്ല. പാർട്ടി അദ്ധ്യക്ഷ എന്ന നിലയിലല്ല അവരന്ന് പെരുമാറിയത്. പാർട്ടി വിടരുതെന്ന് ഹിമന്തയോട് അപേക്ഷിക്കാനാണ് സോണിയ തന്നോട് ആവശ്യപ്പെട്ടത് എന്നും ആസാദ് വെളിപ്പെടുത്തി.
രാഹുൽ ഗാന്ധിയുടെ തീരുമാനം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് രാഹുൽ ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് ആസാദ് പറയുന്നത്. കോൺഗ്രസ് വിട്ട് അഞ്ച് വർഷത്തിന് ശേഷം 2021 ലാണ് ഹിമന്ത ബിശ്വ ശർമ്മ അസം മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്.











