തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിയ്‌ക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളുടം അടിസ്ഥാനത്തില്‍ രാജി ഉടന്‍ ഉണ്ടാകുമെന്ന് സൂചന. യു.ഡി.എഫില്‍ ഇത് സംബന്ധിച്ച് ധാരണയായെന്നാണ് സൂചന. മാണി രാജി വെയ്ക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു.
രാജി അല്ലാതെ വേറെ വഴിയില്ലെന്ന് യു.ഡി.എഫ് നേതൃത്വം മാണിയെ അറിയിക്കുമെന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച് ഉമ്മന്‍ചാണ്ടി ലീഗ് നേതൃത്വവുമായി ആശയവിനിമയം നടത്തി. യു.ഡി.എഫ് ഇന്ന് വൈകീട്ട് യോഗം ചേരും. അതേ സമയം കോണ്‍ഗ്രസ് നേതാക്കള്‍ക്ക പുറമെ ഹൈക്കമാന്‍ഡും മാണി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡ് കെ.പി.സി.സിയോട് റിപ്പോര്‍ട്ട് തേടി.
മാണി രാജിവെച്ചില്ലെങ്കില്‍ ജനത്തോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി വക്താവ് പന്തളം സുധാകരന്‍ പറഞ്ഞു. സമ്മര്‍ദ്ദങ്ങളുടെ അവസാനമായെന്നും മാണിയ്ക്ക് ഒരു ഉപാധിയും മുന്നോട്ട് വെയ്ക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി വിധി എതിരായതിനെ തുടര്‍ന്നു ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കുന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസില്‍ ഭിന്നസ്വരം. രാജിവയ്‌ക്കേണ്ട കാര്യമില്ലെന്ന് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞപ്പോള്‍ കോടതി വിധി ആശങ്ക ഉളവാക്കുന്നതാണെന്നും ഗൗരവമുള്ളതാണെന്നും ആന്‌റണി രാജു പ്രതികരിച്ചു.
പാര്‍ട്ടി ഉന്നതാധികാര സമിതി ഉടനെ വിളിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നും അടിയന്തര തീരുമാനമെടുക്കണമെന്നും മന്ത്രി. പി.ജെ. ജോസഫ് ആവശ്യപ്പെട്ടു.
Discussion about this post