ന്യൂഡൽഹി; ഒരു സമുദായത്തെ മുഴുവൻ അപകീർത്തിപ്പെടുത്തിയ കേസിൽ രണ്ട് വർഷത്തെ തടവ് ശിക്ഷ ലഭിച്ചതോടെ ലോക്‌സഭാംഗത്വം റദ്ദായ രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നത് നിയമവഴിയിലെ നിരവധി നൂലാമാലകൾ. സൂററ്റ് മജിസ്‌ട്രേറ്റ് കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകിയില്ലെങ്കിൽ രാഹുലിന് എട്ട് വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. വിധിക്ക് സ്റ്റേ ലഭിച്ച് ശിക്ഷ മരവിപ്പിച്ചതുകൊണ്ടു മാത്രം അയോഗ്യത ഇല്ലാതാകില്ലെന്നും അതിന് കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി തന്നെ റദ്ദാക്കേണ്ടി വരുമെന്നും നിയമവിദഗ്ധർ പറയുന്നു.
വൈകിട്ട് ചേരുന്ന മുതിർന്ന നേതാക്കളുടെ യോഗത്തിൽ വിഷയം കോൺഗ്രസ് ചർച്ച ചെയ്യും. ഇതനുസരിച്ചാകും അപ്പീൽ നൽകുന്നതുൾപ്പെടെയുളള കാര്യങ്ങളിൽ തീരുമാനം എടുക്കുക. ഭരണഘടനയിലെ ആർട്ടിക്കിൾ 102(1)(e), 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ എട്ട് എന്നിവ അനുസരിച്ചാണ് രാഹുലിനെ അയോഗ്യനായി പ്രഖ്യാപിച്ചത്.
സൂററ്റിലെ സിജെഎം കോടതിയാണ് രാഹുൽ കുറ്റക്കാരനെന്ന് കണ്ടെത്തുകയും വിധി പ്രസ്താവിക്കുകയും ചെയ്തത്. ഇതിന് പിന്നാലെ രാഹുലിന്റെ എംപി സ്ഥാനത്തിന് നിയമമനുസരിച്ച് സ്വാഭാവികമായി അയോഗ്യത വന്നതായി നിയമവിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് ഇന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് ഔദ്യോഗികമായി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉത്തരവിലൂടെ വയനാട് എംപിയെ അറിയിച്ചത്.
ജില്ലാ കോടതി മുതൽ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വരെ വിധിക്കെതിരെ രാഹുലിന്
അപ്പീൽ നൽകാം. സ്റ്റേ ലഭിച്ചില്ലെങ്കിൽ ആറ് മാസത്തിനകം വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടത്തണം. എംപി സ്ഥാനം അയോഗ്യമാക്കപ്പെട്ടതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ എംപിയില്ലാത്ത സ്ഥിതിയാണ്. നേരത്തെ ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉടനെ അയോഗ്യനാക്കിയിരുന്നു.
1951 ലെ ജനപ്രാതിനിധ്യ നിയമമാണ് ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതിനെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നത്. നിയമത്തിലെ വ്യവസ്ഥകളും കോടതിവിധികളും അനുസരിച്ച് രണ്ട് വർഷമോ അതിൽ കൂടുതൽ കാലയളവിലേക്കോ ശിക്ഷിക്കപ്പെട്ടാൽ ഉടൻ അയോഗ്യത നിലവിൽ വരും. ഈ നിയമം നിലനിൽക്കെയാണ് കോൺഗ്രസ് പ്രതിഷേധ നാടകങ്ങളുമായി രംഗത്തെത്തുന്നത്.











