റാഞ്ചി : പശ്ചിമ ബംഗാളിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ഹണിട്രാപ്പിലൂടെ വിവരങ്ങൾ ചോർത്താൻ ശ്രമം. സംഭവത്തിൽ ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഹമീം മൊണ്ടാലിന്റെ കൂട്ടാളിയായ അർപ്പിത സർക്കാർ എന്ന യുവതിയെ പശ്ചിമ ബംഗാൾ പോലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽ നിന്നും അറസ്റ്റ് ചെയ്തു. ബംഗാളിലെ ഉന്നത നേതാക്കളുടെയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരുടെയും വ്യക്തിഗത വിവരങ്ങളും ഔദ്യോഗിക യാത്രാവിവരങ്ങളും ചോർത്താനാണ് ഈ സംഘം പദ്ധതിയിട്ടിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിക്കുന്ന വിവരങ്ങൾ.
കിഴക്കൻ ബർധമാൻ ജില്ലയിലെ താവളത്തിൽ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹമീം മൊണ്ടാലിനെ ചോദ്യം ചെയ്തപ്പോഴാണ് അർപ്പിത സർക്കാരിന്റെ പങ്കിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനകളുടെ നിർദ്ദേശപ്രകാരമാണ് ഹമീം മൊണ്ടാൽ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ നേതാക്കളുമായും മറ്റ് ഉന്നതരുമായും സൗഹൃദം സ്ഥാപിച്ച്, അവരെ ഹണിട്രാപ്പിൽ കുടുക്കി രഹസ്യ വിവരങ്ങൾ ശേഖരിക്കാനാണ് അർപ്പിതയെ ഉപയോഗിച്ചിരുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് വൻ സുരക്ഷാ ഭീഷണിയോ ആക്രമണമോ നടത്താനായിരുന്നു ഇവരുടെ നീക്കമെന്ന് വിശ്വസിക്കപ്പെടുന്നു.
സംഭവത്തിൽ ഡിജിറ്റൽ തെളിവുകളും വാട്സ്ആപ്പ് ചാറ്റുകളും പോലീസ് വീണ്ടെടുത്തിട്ടുണ്ട്. ഫോറൻസിക് പരിശോധനയ്ക്കായി യുവതിയുടെ മൊബൈൽ ഫോണും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അതിർത്തി കടന്നുള്ള ഭീകരശൃംഖലയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഇതിൽ പങ്കാളികളായ മറ്റ് വ്യക്തികളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് ബംഗാൾ പോലീസ് വൃത്തങ്ങൾ അറിയിച്ചു.








