തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ അയോഗ്യതയുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം നൽകിയ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ബിജെപി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ബി ആർ രാജേഷ് നൽകിയ പരാതിയിലാണ് നടപടി.
പൊതുസമൂഹത്തിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ റിജിൽ മാക്കുറ്റി സമൂഹമാധ്യമത്തിൽ വിദ്വേഷം പരത്തുന്ന തരത്തിൽ പോസ്റ്റിട്ടുവെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. “ഇതൊരു അന്തിമ പോരാട്ടമാണ്. പ്രവൃത്തിക്കുക അല്ലെങ്കിൽ മരിക്കുക. ഇതിനപ്പുറം മറ്റെന്തു വരാൻ. നേതൃത്വം ഭാരത ബന്ദ് പ്രഖ്യാപിക്കണം. രാജ്യത്തെ തെരുവുകൾ കലുഷിതമാക്കണം. ക്വിറ്റ് മോദി’’. ഇതായിരുന്നു റിജിൽ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
2017ൽ കണ്ണൂരിൽ നടുറോഡിൽ പരസ്യമായി പശുക്കുട്ടിയെ ഇഞ്ചിഞ്ചായി അറുത്ത് കൊന്ന സംഭവത്തിൽ ശക്തമായ വിമർശനം നേരിട്ട നേതാവാണ് റിജിൽ മാക്കുറ്റി. അന്നത്തെ റിജിൽ മാക്കുറ്റിയുടെ ക്രൂരത ദേശീയ മാദ്ധ്യമങ്ങളിൽ വരെ വലിയ പ്രാധാന്യത്തോടെ വാർത്തയായിരുന്നു. ക്രൂരവും അസംബന്ധവും തെമ്മാടിത്തവും എന്നായിരുന്നു റിജിൽ മാക്കുറ്റിയുടെ പ്രവൃത്തിയോട് അന്നത്തെ കെപിസിസി ജനറൽ സെക്രട്ടറി പി രാമകൃഷ്ണന്റെ പ്രതികരണം.












