ന്യൂഡൽഹി : അയോഗ്യനാക്കിയതിന് പിന്നാലെ രാഹുൽ ഗാന്ധിയ്ക്ക് പിന്തുണ അറിയിച്ച സംഭവത്തിൽ മലക്കംമറിഞ്ഞ് സിപിഎം. രാഹുൽ ഗാന്ധി എന്ന വ്യക്തിയെ അല്ല പിന്തുണച്ചത് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറയുന്നത്. രാഹുലിനെതിരായുള്ള ബിജെപിയുടെ ജനാധിപത്യ വിരുദ്ധ സമീപനത്തെയാണ് എതിർത്തത് എന്നും എംവി ഗോവിന്ദൻ വിശദീകരിച്ചു.
രാഹുലിനോടുള്ള പാർട്ടിയുടെ നിലപാട് തുറന്ന സമീപനത്തിന്റെ ഭാഗമാണ്. അത് കോൺഗ്രസിന് രാഷ്ട്രീയമായി ഉപകാരപ്പെടുമോ എന്ന് ചിന്തിക്കുന്നില്ല. സംസ്ഥാനത്ത് കോൺഗ്രസിനോടുള്ള നിലപാടിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലെയും ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ച് പോകാതെ നോക്കുക എന്നതാണ് സീറ്റ് അഡ്ജസ്റ്റിന്മേൽ ചെയ്യാനുളളത്. കേരളത്തിൽ കോൺഗ്രസിനെതിരായ നിലപാടുകളിൽ മാറ്റമുണ്ടാകില്ല. സംസ്ഥാനത്ത് കോൺഗ്രസിനെ അതിശക്തമായി എതിർത്തുകൊണ്ട് തന്നെ മുന്നോട്ട് പോകും. അതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അയോഗ്യനാക്കിയതിന് പിന്നാലെ രാഹുൽ ഗാന്ധിയ്ക്ക് വേണ്ടി തെരുവിൽ പ്രതിഷേധിക്കും എന്ന് എംവി ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നു. മുൻ വയനാട് എംപിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ജനങ്ങളെ അണിനിരത്തിയുള്ള പ്രതിഷേധത്തെ കുറിച്ച് ആലോചിക്കുന്നുണ്ട്. രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപ്പിച്ചതിനെത്തുടർന്ന് വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു നടന്നാൽ ഇടതുപക്ഷം മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post