ന്യൂഡൽഹി : പിന്നോക്ക വിഭാഗക്കാരെ അധിക്ഷേപിച്ചതിന് കോടതി തടവ് ശിക്ഷ വിധിച്ച സാഹചര്യത്തിൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ട്വിറ്ററിൽ ബയോ മാറ്റി രാഹുൽ ഗാന്ധി. ലോക്‌സഭാ എംപി എന്നത് മാറ്റി ”അയോഗ്യനാക്കപ്പെട്ട എംപി” എന്നാണ് ചേർത്തിരിക്കുന്നത്.
പിന്നോക്ക സമുദായത്തെ അധിക്ഷേപിച്ച കേസിൽ സൂറത്ത് കോടതി രാഹുലിന് 2 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിക്കൊണ്ട് ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് വയനാട് എംപിയായിരുന്ന രാഹുൽ ”അയോഗ്യനാക്കപ്പെട്ട എംപി” എന്ന് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്.
അതേസമയം രാഹുലിനെതിരെയുളള നടപടിയിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് കോൺഗ്രസ് നേതാക്കൾ രാജ്ഘട്ടിൽ സത്യാഗ്രഹ സമരം ആരംഭിച്ചിട്ടുണ്ട്. രാഹുലിനെതിരായ വിധിക്കെതിരെ സെഷൻസ് കോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം. രാജ്യവ്യാപക പ്രതിഷേധത്തിനും കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
Discussion about this post