തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ മറന്നു വച്ച സംഭവത്തിൽ ഹർഷിന സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിന്. രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നൽകുമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നീക്കം. ആവശ്യമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഹർഷിന പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ സമരപ്പന്തലിൽ നേരിട്ടെത്തിയാണ് ആരോഗ്യമന്ത്രി ഹർഷിനയ്ക്ക് ഉറപ്പ് നൽകിയിരുന്നത്. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച വിശദ പരിശോധനക്ക് ശേഷം ഉടൻ നടപടിയെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. മന്ത്രി പറഞ്ഞ രണ്ടാഴ്ചയ്ക്ക് പകരം മൂന്നാഴ്ച കഴിഞ്ഞു. മന്ത്രിസഭായോഗവും നടന്നു. ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് നേരിട്ട് വിളിച്ചിട്ടും മറുപടിയൊന്നും ഇല്ലെന്നും ഹർഷിന പറയുന്നു.
2017ൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക മറന്ന് വച്ചത്. ആരോഗ്യവകുപ്പ് നടത്തിയ രണ്ട് അന്വേഷണവും മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് അനുകൂലമായ രീതിയിലായിരുന്നു.
Discussion about this post