തിരുവനന്തപുരം: ബാര്‍ക്കോഴ കേസിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ധനമന്ത്രി കെ.എം മാണി ഇന്ന് തന്നെ രാജി വെയ്ക്കുമെന്ന് സൂചന. കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തില്‍ മാണി രാജി സന്നദ്ധത അറിയിച്ചു. മാണിയോടൊപ്പം ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജിവെച്ചേക്കും. എന്നാല്‍ പി.ജെ ജോസഫ് രാജിവെക്കില്ല.
ശക്തമായ വാഗ്വേദങ്ങളാണ് സ്റ്റീയറിംഗ് കമ്മറ്റിയോഗത്തില്‍ ഉണ്ടായത്. എല്ലാവരും രാജിവെക്കുക, അല്ലെങ്കില്‍ മാണിയ്‌ക്കൊപ്പം ജോസഫും രാജിവെക്കുക എന്ന ആവശ്യം മാണി വിഭാഗം ഉയര്‍ത്തി. എന്നാല്‍ ജോസഫ് വിഭാഗം ആ ആവശ്യം നിരാകരിക്കുകയായിരുന്നു. രാജി വെക്കാതെ വേറെ മാര്‍ഗ്ഗങ്ങളില്ല എന്ന് ജോസഫ് വിഭാഗം ബോധിപ്പിച്ചു. മാണിയ്ക്ക് പകരം ആരെ മന്ത്രിയാക്കണം എന്നതില്‍ യോഗത്തില്‍ തീരുമാനമുണ്ടായില്ല. രാജി തന്റെ വ്യക്തിപരമായ കാര്യമാണ്. രാജി അംഗീകരിക്കണം എന്ന് യോഗത്തിന്റെ തുടക്കത്തില്‍ മാണി അറിയിച്ചു. എന്നാലിക്കാര്യത്തില്‍ ചര്‍ച്ച തുടരുകയായിരുന്നു.
ഇന്ന് വൈകീട്ട് നാലു മണിക്ക് യു.ഡി.എഫ് യോഗം ചേരും. ഈ യോഗത്തില്‍ മാണി രാജി പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.യു.ഡി.എഫ് തീരുമാനം പാര്‍ട്ടി അനുസരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ്ങ് കമ്മിറ്റിയില്‍ നിര്‍ദേശം ഉയര്‍ന്നു. ഘടകക്ഷികളെ പിണക്കാനാവില്ല. യു.ഡി.എഫ് നിര്‍ദേശം പാര്‍ട്ടി അനുസരിക്കണം. നിര്‍ബന്ധിച്ചുള്ള രാജി ആകരുതെന്നും യോഗത്തില്‍ തീരുമാനമുണ്ടായി.
അതേ സമയം മാണിയ്ക്ക് രാജി വെയ്ക്കാന്‍ ഒരു ദിവസത്തെ സമയം നല്‍കിയെന്ന വാര്‍ത്ത യു.ഡി.എഫ് നേതാക്കള്‍ നിഷേധിച്ചു.
Discussion about this post