ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തിയതികൾ പ്രഖ്യാപിച്ചത്. മെയ് 10 നാണ് കർണാടകയിൽ വോട്ടെടുപ്പ്.
ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. മെയ് 31 ന് വോട്ടെണ്ണും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്ത മാസം 13 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിക്കും. 21 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. ഏപ്രിൽ 23 നാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി.
224 മണ്ഡലങ്ങളാണ് കർണാടകയിൽ . 5 കോടി 21 ലക്ഷം വോട്ടർമാരാണ് കർണാടകയിൽ ഉള്ളത്. ഇതിൽ 2.59 കോടി സ്ത്രീ വോട്ടർമാരും , 2.62 കോടി പുരുഷവോട്ടാർമാരുമുണ്ട്. ഇക്കുറി 9,17, 241 പേർക്കാണ് വോട്ടവകാശം ലഭിച്ചത്. 80 വയസ്സ് കഴിഞ്ഞവർക്കും ദിവ്യാംഗർക്കും വീടുകളിൽ തന്നെ വോട്ട് ചെയ്യാം. ഗോത്രവിഭാഗങ്ങളെ തിരഞ്ഞെടുപ്പിൽ പങ്കാളികളാക്കാൻ പ്രത്യേക പദ്ധതി രൂപീകരിക്കും.കള്ളവോട്ട് തടയുന്നതിനായി പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് നടത്തുമെന്നും കമ്മീഷൻ വ്യക്തമാക്കി. വയനാട് ഒഴികെയുള്ള മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും അന്നേദിവസം നടക്കും.










Discussion about this post