ഇടുക്കി: അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. ചിന്നക്കനാൽ, ശാന്തൻപാറ, മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട, ഇടമലക്കുടി, രാജാക്കാട്, സേനാപതി, ഉടുമ്പൻചോല, ബൈസൺവാലി, ദേവികുളം, രാജകുമാരി പഞ്ചായത്തുകളിലാണ് ഹർത്താൽ. ജനകീയ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ചിന്നക്കനാൽ പവർ ഹൗസിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുളള പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.
മദപ്പാടുള്ളതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടർന്നാൽ റേഡിയോ കോളർ ഘടിപ്പിക്കാനുമാണ് കോടതി നിർദേശം. ദൗത്യ സംഘവും കുങ്കിയാനകളും ചിന്നക്കനാലിൽ തുടരാനും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.എന്നാൽ അരിക്കൊമ്പനെ കൂട്ടിലടയ്ക്കാൻ കഴിയില്ലെന്ന ഹൈക്കോടതി വിദഗ്ധസമിതിയുടെ തീരുമാനത്തെ അംഗീകരിക്കാനാവില്ല എന്ന നിലപാടിലാണ് നാട്ടുകാർ. വനംവകുപ്പ് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആനയെ പിടിക്കുന്നത് വരെ സമരത്തിൽ നിന്നു പിന്മാറില്ലെന്നും പ്രതിഷേധക്കാർ പറയുന്നു.
അതേസമയം അരിക്കൊമ്പന്റെ കാര്യത്തിൽ ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ സമിതിയുടെ നടപടികൾ ഇന്ന് തുടങ്ങും. രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും അമിക്കസ് ക്യൂറിയും ആനയെ സംബന്ധിച്ച വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള രണ്ട് പേരെയുമാണ് ഈ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്ത മാസം അഞ്ചിന് കോടതി കേസ് പരിഗണിക്കുമ്പോൾ വിദഗ്ധ സമിതി റിപ്പോർട്ട് നൽകണം എന്നാണ് നിർദേശം. അരിക്കൊമ്പനെ മയക്കുവെടി വെക്കാതെ പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതകൾ എന്തെല്ലാമെന്ന് പരിശോധിക്കാനാണ് കോടതി വിദഗ്ധ സമിതിയോട് നിർദേശിച്ചിരിക്കുന്നത്.
Discussion about this post