ഇൻസ്റ്റന്റ് മെസ്സേജിങ് രംഗത്ത് പുത്തൻ വിപ്ലവങ്ങൾ സൃഷ്ടിക്കാനൊരുങ്ങി വാട്സ്ആപ്പ്. വാട്സ്ആപ്പിൽ ഗ്രൂപ്പ് അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന അപ്ഡേറ്റ് ഉടൻ പുറത്തിറക്കും എന്ന് മെറ്റ സിഇഒ ഈ മാസം പ്രഖ്യാപിച്ചിരുന്നു. അതിനൊപ്പം തന്നെ, വിൻഡോസ് ഉപഭോക്താക്കൾക്കുള്ള പ്രത്യേകമായ ഒരു വെബ് ആപ്പും വാട്സ്ആപ്പ് ലഭ്യമാകും. എന്നാൽ, ഈ വർഷം കൂടുതൽ വിപ്ലവാത്മകമായ ഫീച്ചറുകൾ വാട്സ്ആപ്പ് പുറത്തിറക്കുമെന്ന് WABetaInfo എന്ന വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇൻസ്റ്റന്റ് മെസ്സേജിങ് കൂടുതൽ ഫലപ്രദമാക്കുന്നതിനായും കൂടുതൽ രസകരമാക്കുന്നതിനുമായാണ് പുതിയ ഫീച്ചറുകൾ വാട്സ്ആപ്പ് എത്തിക്കുന്നത് എന്ന റിപോർട്ടുകൾ പുറത്തു വരുന്നു. അതനുസരിച്ച്, ഒരിക്കൽ അയച്ചതിന് ശേഷം മെസ്സേജുകളിൽ മാറ്റം വരുത്തുന്നതിനുള്ള സംവിധാനം വാട്സ്ആപ്പ് രംഗത്തെത്തിക്കും. മെസ്സേജ് അയച്ച ശേഷം അവ എഡിറ്റ് ചെയ്യുനുള്ള സൗകര്യം വാട്സ്ആപ്പിൽ ലഭ്യമാക്കണമെന്ന് കുറച്ചു കാലങ്ങളായി ഉപയോക്താക്കൾ ആവശ്യപ്പെടുന്നുണ്ട്. അവ പരിഗണിച്ചാണ് മെറ്റയുടെ ഈ നീക്കം എന്നാണ് റിപ്പോർട്ടുകൾ.
പുതിയ വീഡിയോ മെസേജ് സംവിധാനം ആണ് വാട്സ്ആപ്പ് ഉടൻ കൊണ്ടുവരാൻ പോകുന്ന അപ്ഡേറ്റുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചർ. ചാറ്റ് ബോക്സിലെ മൈക്ക് ഐക്കണിൽ ക്ലിക്കുചെയ്ത് വോയ്സ് നോട്ടുകൾ അയയ്ക്കാൻ കഴിയുന്നത് പോലെ ഒരു ഫീച്ചർ ആണ് ഇത് എന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്.
കോണ്ടാക്ടിലുള്ള ആളുകളുമായി ചാറ്റ് ചെയ്യുമ്പോൾ, ക്യാമറ ബട്ടൺ അമർത്തി 60 സെക്കൻഡ് വരെയുള്ള ഹ്രസ്വ വീഡിയോകൾ അയയ്ക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ വീഡിയോ മെസേജ് ഫീച്ചർ. ടെലഗ്രാമിലെ വീഡിയോ നോട്ട് ഫീച്ചറിന് സമാനമായി തന്നെയാകും വാട്സ്ആപ്പ് ചാറ്റിലെ വീഡിയോ മെസേജ് ഫീച്ചറും പ്രവർത്തിക്കുക. തുടക്കത്തിൽ ഐഒഎസ് ഉപയോക്താക്കൾക്കാകും ഈ വീഡിയോ മെസേജ് ഫീച്ചർ ലഭ്യമാകുക.
ഭാവി അപ്ഡേറ്റുകളിൽ എല്ലാവർക്കും പരിശോധനയ്ക്കായി ഈ ഫീച്ചർ പുറത്തിറക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. വാട്സ്ആപ്പിലെ വീഡിയോ മെസേജിലൂടെ, ഉപയോക്താക്കൾക്ക് ഒരു വോയ്സ് മെസേജിനെക്കാളും ടെക്സ്റ്റ് മെസേജിനെക്കാളും മികച്ച രീതിയിൽ വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയും.
Discussion about this post