ഡല്‍ഹി: മഹാസഖ്യം വന്‍ വിജയം നേടിയ ബിഹാറില്‍ ഇക്കുറി നിയമസഭയിലേക്ക് എത്തുന്നത് ക്രിമിനല്‍ പശ്ചാത്തലമുളള 142 അംഗങ്ങള്‍. 243 അംഗ നിയമസഭയുടെ 58 ശതമാനമാണിത്. തിരഞ്ഞെടുപ്പിനെക്കുറിച്ച് പഠനം നടത്തിയ ബിഹാര്‍ ഇലക്ഷന് വാച്ച് ആന്‍ഡ് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എ.ഡി.ആര്) എന്ന സംഘടനയാണ് ഈ കണക്കുകള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ നിയമസഭയില്‍ ഗുരുതര ക്രിമിനല്‍ പശ്ചാത്തലമുളള 76 പേരാണ് ഉണ്ടായിരുന്നത്.
കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയ കേസുകളില്‍ പ്രതികളായ 11 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇവരില്‍ നാല് പേര് ആര്.ജെ.ഡിയില്‍ നിന്നുളളവരാണ്. ആര്.ജെ.ഡി അദ്ധ്യക്ഷന്‍ ലാലുപ്രസാദിന്റെ മക്കളായ തേജസ്വി യാദവിനും തേജ് പ്രതാപിനും എതിരെയും ഒരോ ക്രിമിനല്‍ കേസുകള്‍ ഉണ്ട്.
ക്രിമിനല്‍ പശ്ചാത്തലമുളളവരില്‍ 98 പേര്‍ക്കെതിരെ(40 ശതമാനം) കൊലപാതകം,കൊലപാതക ശ്രമം, വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കല്‍, തട്ടിക്കൊണ്ടു പോകല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടങ്ങിയ ഗുരുതര കേസുകളാണുളളത്. ഇവരില്‍ എഴുപത് പേര്‍ക്കെതിരെ വിവിധ കേസുകളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.
ലാലുവിന്റെ രാഷട്രീയ പിന്‍ഗാമിയായി വിലയിരുത്തപ്പെടുന്ന തേജസ്വി രോഘ്പൂരിലും തേജ് മഹുവയിലും നിന്ന് മികച്ച ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. നിതീഷ് കുമാര്‍ മന്ത്രിസഭയിലേക്ക് ഇവര്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Discussion about this post