മുംബൈ: 17 കാരൻ ഓടിച്ച കാറിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ വലിയ പ്രതിഷേധം ഉയർത്തിയതിന് പിന്നാലെയാണ് നടപടി. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കുട്ടികളോടുള്ള മനപ്പൂർവമായ അശ്രദ്ധ, പ്രായപൂർത്തിയാകാത്തയാൾക്ക് ലഹരിപദാർഥങ്ങൾ നൽകൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദിൽനിന്ന് രക്ഷിതാവിനെ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച പുലർച്ചെ 2.15-ഓടെയാണ് പുണെ കല്ല്യാണിനഗറിൽ പതിനേഴുകാരൻ ഓടിച്ച പോർഷെ കാറിടിച്ച് ബൈക്ക് യാത്രികരായ യുവ എൻജിനിയർമാർ മരിച്ചത്. മധ്യപ്രദേശിലെ ബിർസിങ്പുർ സ്വദേശി അനീഷ് ആവാഡിയ(24), ജബൽപുർ സ്വദേശിനി അശ്വിനി കോഷ്ത(24) എന്നിവർക്കായിരുന്നു ദാരുണാന്ത്യമുണ്ടായത്.
പിന്നാലെ കാറോടിച്ച 17 കാരനെ അറസ്റ്റ് ചെയ്‌തെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ജാമ്യം അനുവദിച്ചിരുന്നു. 15 ദിവസം ട്രാഫിക് പോലീസിനൊപ്പം പ്രവർത്തിക്കുക, മദ്യപിക്കുന്ന ശീലം ഉൾപ്പെടെ മാറ്റാനായി കൗൺസിലിങ്ങിന് വിധേയനാകുക തുടങ്ങിയ ഉപാധികൾ മുന്നോട്ടുവെച്ചാണ് റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ മകന് കോടതി ജാമ്യം നൽകിയത്. എന്നാൽ, ഇതിനെതിരേ വ്യാപക വിമർശനമാണുയർന്നത്.
അപകടം നടക്കുമ്പോൾ 200 കിലോമീറ്റർ വേഗത്തിലാണു കാറോടിച്ചിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. പ്ലസ്ടു ഫലം വന്നത് ആഘോഷിക്കാൻ 17 കാരനും പിതാവും പബ്ബിൽ പോയി മദ്യപിച്ചശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. മഹാരാഷ്ട്രയിൽ മദ്യം വാങ്ങാനുള്ള നിയമാനുസൃതമായ പ്രായം 25 ആണ്. പ്രായപൂർത്തിയാകാത്തയാൾക്ക് മദ്യം വിളമ്പിയതിന് ബാറുടമകൾക്കെതിരെയും കേസുണ്ടാകുമെന്നാണ് വിവരം.
Discussion about this post